മുംബൈ: സംസ്ഥാന ഗവര്‍ണര്‍ പദവിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ഒന്നുകില്‍ ഗവര്‍ണര്‍ എന്ന പദവി ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ഭരണഘടനാപരമായ ആ പദവിയിലേക്ക് വ്യക്തികളെ നിയമിക്കാൻ ശരിയായ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
”മുന്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ (ഭഗത് സിംഗ് കോഷിയാരി) പ്രവൃത്തികള്‍ വെറുപ്പുളവാക്കുന്നതായിരുന്നു. അക്കാര്യം കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി ഗവര്‍ണര്‍ക്ക് എതിരെയും വിമര്‍ശനമുന്നയിക്കുന്ന വിധിയാണ് സുപ്രീം കോടതി നടത്തിയത്,” ഉദ്ധവ് പറഞ്ഞു.
ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്ന പാര്‍ട്ടികളിലെ ആക്ടിവിസ്റ്റുകളുടെ ഇത്തരം പ്രവൃത്തിയിലൂടെ ഒരു സുപ്രധാന പദവിയുടെ അന്തസ്സ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ഭരണഘടനാ തത്വങ്ങളെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഗവര്‍ണര്‍മാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ ആ വാക്കുകളോട് നീതി പുലര്‍ത്തുന്ന പ്രവൃത്തിയല്ല അവര്‍ ചെയ്യുന്നതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. മഹാരാഷ്ട്ര, ഡല്‍ഹി വിഷയങ്ങളില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഇതിന് ഉദാഹരണമാണെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
കുറച്ച് കാലം മുമ്പ് വരെ സംസ്ഥാന ഗവര്‍ണര്‍ എന്ന പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ ബഹുമാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ഗവര്‍ണര്‍മാരെ പലരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”ജഡ്ജിമാരെ നിയമിക്കുന്നത് പോലെ ഗവര്‍ണര്‍മാരെ നിയമിക്കുന്നതിനും ഒരു സംവിധാനമുണ്ടാകണം. അതുവരെ ഗവര്‍ണര്‍ എന്ന പദവി ഒഴിവാക്കണമെന്നും” ഉദ്ധവ് താക്കറെ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ധവിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ കൂറുമാറ്റ കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
വിശ്വാസ വോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഗവര്‍ണര്‍ക്ക് പിഴവ് പറ്റിയെന്നും ശിവസേനയിലെ തര്‍ക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയില്‍ ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായിരുന്നില്ല. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ശിവസേനയിലെ തര്‍ക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കില്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു. ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. വിപ്പിന് സ്പീക്കര്‍ അംഗീകാരം നല്‍കിയത് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പാര്‍ട്ടി നല്കുന്ന വിപ്പിനാണ് അംഗീകാരം നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Governor, Maharashtra, Udhav Thackeray