ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) ആംആദ്മിയ്ക്ക്(AAP) തിരിച്ചടി. ആംആദ്മി സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും ബിജെപിയില്‍(BJP) ചേര്‍ന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നും ആം ആദ്മിയുടെ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ആം ആദ്മി ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, യുഎന്‍എ പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലിലെ 68 സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന ആംആദ്മി ക്യാംപിന് വലിയ തിരിച്ചടിയാണ് ഇത്.അരവിന്ദ് കെജ്രിവാളിന്റെ കെണിയില്‍ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്ന് നേതാക്കളെ സ്വീകരിച്ചു കൊണ്ട് അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ആം ആദ്മിയുടെ ഹിമാചല്‍ പ്രദേശ് വിരുദ്ധ നയങ്ങളില്‍ വിയോജിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കുറിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന് ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല നല്കിയ ആം ആദ്മി സതേന്ദര്‍ തോംഗറിനെ സംഘടനാ സെക്രട്ടറിയായും നിയമിച്ചിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി എട്ടംഗ സംഘത്തെ വേറെയും കെജ്രിവാള് നിയോഗിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംസ്ഥാന നേതാക്കളുടെ മാറ്റം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.