ഗോരഖ്പൂര്‍: കായിക മേളയായ ഖേല്‍ മഹാകുംഭിലൂടെ ഓരോ ജില്ലയിലും 5,000 മുതല്‍ 7,000ത്തോളം പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്ന് ഗോരഖ്പൂരില്‍ നടന്ന സന്‍സദ് ഖേല്‍ മഹാകുംഭില്‍ സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഖേലോ ഇന്ത്യ കാമ്പയ്ന് യുവാക്കളെ കായിക രംഗത്തേയ്ക്ക് ആകര്‍ഷിച്ചെന്നും ഫിറ്റ് ഇന്ത്യ കാമ്പയ്ന് രാജ്യത്ത് സ്പോര്‍ട്സിന്റെ വളര്‍ച്ചയെ കൂടുതല്‍ പ്രോത്സാഹിച്ചെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു. ഈ കാമ്പയ്നിലൂടെ കായികരംഗത്തും ശക്തവും കഴിവുറ്റതുമായ ഇന്ത്യയുടെ ഒരു പുതിയ ചിത്രം നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ആരംഭിച്ച ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ കാമ്പെയ്നുകളുടെ ഫലമായി രാജ്യത്ത് നിന്ന് മുമ്പത്തേക്കാള്‍ കൂടുതല്‍ താരങ്ങള്‍ ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത്, ലോകകപ്പ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും കൂടുതല്‍ മെഡലുകള്‍ നേടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കായിക താരങ്ങളുടെ മുന്നേറ്റത്തിനായി കഴിഞ്ഞ ആറ് വര്‍ഷമായി മികച്ച ശ്രമങ്ങളാണ് ഉത്തര്‍പ്രദേശും നടത്തിയത്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും സ്പോര്‍ട്സ് ഗ്രൗണ്ട്, ബ്ലോക്ക് തലത്തില്‍ മിനി സ്റ്റേഡിയം, ജില്ലാതലത്തില്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.
ഇതിന് പുറമെ ഗ്രാമീണ മേഖലയിലെ യുവജന, വനിതാ മംഗള ദളങ്ങള്‍ വഴി ഗ്രാമീണ മേഖലയിലെ കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ സ്പോര്‍ട്സ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
Also Read-125 അടി ഉയരം; 300 കോടി രൂപ ചെലവ്; ആന്ധ്രയിലെ സ്വരാജ് മൈതാനിയിൽ അംബേദ്കർ പ്രതിമയൊരുങ്ങുന്നു
സ്പോര്‍ട്സിനെയും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് കോളേജുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയിലൂടെ കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ, അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ ഗസറ്റഡ് തസ്തികകളില്‍ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
കൂടാതെ, സംസ്ഥാനത്തെ സര്‍ക്കാര്‍-പൊതുസ്ഥാപനങ്ങളില്‍, പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള തസ്തികകളില്‍, സംസ്ഥാനത്തെ പ്രതിഭാധനരും വൈദഗ്ധ്യവുമുള്ള കളിക്കാരെ നിയമിക്കുന്നതിന് രണ്ട് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ എല്ലാ കായിക താരങ്ങളെയും മുന്നോട്ട് നയിക്കാന്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങള്‍ എല്ലാ മത്സരങ്ങളിലും ആവേശത്തോടെ പങ്കെടുക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാവിധ സഹകരണവും നല്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിന്റെ അവസാനം മുഖ്യമന്ത്രി റീജിയണല്‍ പ്ലേ ഗ്രൗണ്ടില്‍ നടന്ന ഹോക്കി മത്സരത്തിന്റെ ഫൈനല്‍ മത്സരം കാണുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഗ്രൗണ്ടിലിറങ്ങി കളിക്കാരെ ഹസ്തദാനം ചെയ്യുകയും പരിചയപ്പെടുകയും ആശംസകള്‍ നല്‍കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.