കോൺഗ്രസ്സ് പാർട്ടിയുടെ മുൻ അധ്യക്ഷനും വയനാട് എംപി യുമായ രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. 2019ൽ ഗുജറാത്തിലെ ഒരു ബി.ജെ.പി. നേതാവ് നൽകിയ മാനഷ്ടകേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് ലോകസഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
ഒരു പ്രസംഗത്തിൽ ‘മോദി’ എന്ന കുടുംബപേര് പരാമർശിച്ച് അപമാനിച്ചു എന്നായിരുന്നു പരാതി. ഈ നടപടിയെ തുടർന്ന് കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് പുറമെ അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളിൽ പാർട്ടികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി.
അപകീർത്തിപരമായ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി കുഴപ്പത്തിലാകുന്നത് ഇതാദ്യമല്ല? വാസ്തവത്തിൽ രാഹുൽ ഗാന്ധി മുമ്പ് ആറ് തവണ സമാനമായ ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്, അവയിൽ മിക്കതും ക്രിമിനൽ മാനനഷ്ടക്കേസുകളാണ് എന്നതാണ് പ്രത്യേകത.
അദ്ദേഹത്തിനെതിരായ മാനനഷ്ടക്കേസുകൾ ഏതൊക്കെ എന്ന് നോക്കാം.
2019ൽ കർണാടകയിലെ കോലാർ ജില്ലയിൽ നടന്ന ഒരു റാലിക്കിടെ അദ്ദേഹം നടത്തിയ ‘മോദി കുടുംബപ്പേര്’ പരാമർശവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ശിക്ഷിക്കാൻ ഇടയാക്കിയ ഏറ്റവും പുതിയ ക്രിമിനൽ മാനനഷ്ടക്കേസ് ഉണ്ടായത്. “എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ?” എന്നായിരുന്നു രാഹുൽ ഗാന്ധി ചോദിച്ചത്. അപകീർത്തിപ്പെടുത്തലും ജാതി പക്ഷപാതിത്വവും ആരോപിച്ച് നിരവധി പേർ അന്ന് ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ അദ്ദേഹത്തിനെതിരെ മറ്റൊരു അപകീർത്തി കേസ് ഫയൽ ചെയ്യപ്പെട്ടു. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിൽ 2015 ഡിസംബറിൽ അമ്മ സോണിയാ ഗാന്ധിയുടെയും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
2019 ജൂലൈ 6 ന് മറ്റൊരു മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പട്‌ന കോടതി ജാമ്യം അനുവദിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു, ‘എനിക്ക് ഒരു ചോദ്യമുണ്ട്. നീരവ് മോദി ആയാലും ലളിത് മോദി ആയാലും നരേന്ദ്ര മോദി ആയാലും എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന് ഉള്ളത് എന്തുകൊണ്ട്? ഇനിയും ഇത്തരം എത്ര മോദിമാർ പുറത്തുവരുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ പരാമർശത്തിനെതിരെ ആയിരുന്നു അന്നത്തെ കേസ്.
2019 ജൂലൈ 12 ന് മറ്റൊരു മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അഹമ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് ആ കേസ് കൊടുത്തത്. നോട്ട് അസാധുവാക്കൽ സമയത്ത് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് നോട്ടുകൾ മാറ്റി വാങ്ങിയത് എന്നാരോപിച്ചതിനായിരുന്നു ബാങ്ക് കേസ് ഫയൽ ചെയ്തത്.
2019 ജൂലൈ 4 ന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ മുംബൈ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബി.ജെ.പി.-ആർ.എസ്.എസ്. ആശയങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തത്. 15,000 രൂപയുടെ ബോണ്ടിന്മേലാണ് അന്ന് ജാമ്യം അനുവദിച്ചത്.
2016 നവംബറിൽ ആർഎസ്എസ് പ്രവർത്തകൻ നൽകിയ മറ്റൊരു കേസിൽ മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതി ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. മഹാത്മാഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത്തരത്തിൽ സാമാന്യവത്കരിച്ചുള്ള ആക്ഷേപം ഉന്നയിച്ചു എന്ന് പറഞ്ഞ് സുപ്രീം കോടതി പോലും അദ്ദേഹത്തെ അന്ന് ശകാരിച്ചു. കൂടാതെ വിചാരണ നേരിടേണ്ടിവരുമെന്നും കോടതിയിൽ ആരോപണം തെളിയിക്കണമെന്നും വിധിച്ചു.
2016 സെപ്തംബറിൽ ആർഎസ്എസ് കൊടുത്ത മറ്റൊരു അപകീർത്തിക്കേസിൽ ഗുവാഹത്തി കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. 2015 ഡിസംബറിൽ അസമിലെ ബാർപേട്ട സത്രത്തിൽ പ്രവേശിക്കുന്നത് ആർഎസ്എസ് തടഞ്ഞുവെന്ന് രാഹുൽ ഗാന്ധി നുണ പറഞ്ഞു എന്നാരോപിച്ചാണ് ആർഎസ്എസ് കേസ് കൊടുത്തത്. 50,000 രൂപയുടെ ബോണ്ടിന്മേൽ അന്നും ജാമ്യം കിട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.