• HOME
 • »
 • NEWS
 • »
 • india
 • »
 • Andhra Pradesh | വിഭജനം കഴിഞ്ഞ് ഏഴ് വർഷം; തലസ്ഥാനത്തെ ചൊല്ലി അനിശ്ചിതാവസ്ഥ അവസാനിക്കാതെ ആന്ധ്രാപ്രദേശ്

Andhra Pradesh | വിഭജനം കഴിഞ്ഞ് ഏഴ് വർഷം; തലസ്ഥാനത്തെ ചൊല്ലി അനിശ്ചിതാവസ്ഥ അവസാനിക്കാതെ ആന്ധ്രാപ്രദേശ്

നിലവില്‍ കൃത്യമായി ഒരു തലസ്ഥാനമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനം ഒരുപക്ഷേ ആന്ധ്രാപ്രദേശ് ആയിരിക്കും

 • Last Updated :
 • Share this:
  ആന്ധ്രാപ്രദേശിന്റെ (Andhra Pradesh) തലസ്ഥാനത്തെ (Capital) ചൊല്ലിയുള്ള ആശയക്കുഴപ്പം സംസ്ഥാന വിഭജനം കഴിഞ്ഞ് 7 വര്‍ഷം പിന്നിട്ടിട്ടും നിലനില്‍ക്കുകയാണ്. നിലവില്‍ കൃത്യമായി ഒരു തലസ്ഥാനമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനം ഒരുപക്ഷേ ആന്ധ്രാപ്രദേശ് ആയിരിക്കും.

  കൃഷ്ണാനദിയുടെ തീരത്ത് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടിയുടെ അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡു സ്വപ്നം കണ്ട അമരാവതി എന്ന ലോകോത്തര തലസ്ഥാന നഗരം ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടേതിന് സമാനമായ രീതിയില്‍ മൂന്ന് തലസ്ഥാനങ്ങള്‍ എന്ന മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ സ്വപ്നമാകട്ടെ നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

  2020 ജൂണില്‍ മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് നിലവില്‍ വന്ന രണ്ടു നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ കഴിഞ്ഞ തിങ്കളാഴ്ച ആന്ധ്രാപ്രദേശ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയതോടെ സംസ്ഥാനത്തിന്റെ തലസ്ഥാനവുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതാവസ്ഥ ഉടലെടുത്തിരിക്കുന്നു. നിയമപരമായ തടസങ്ങള്‍ മറികടക്കുന്നതും സമഗ്രവുമായ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഢി ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഈ അനിശ്ചിതാവസ്ഥയ്ക്ക് എന്ന് ഒരു അവസാനം ഉണ്ടാകുമെന്ന ചോദ്യം പ്രസക്തമായി തുടരുന്നു.

  വിഭജനത്തിന് ശേഷമുള്ള ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിഭജനത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ആന്ധ്ര പ്രദേശിന്റെ തലസ്ഥാന നഗരം നിര്‍മിക്കുന്നതിന് വേണ്ടി ഉചിതമായ പ്രദേശം നിര്‍ദ്ദേശിക്കാന്‍ മുന്‍ ആഭ്യന്തര സെക്രട്ടറി കെ ശിവരാമകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെയും യുപിഎ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും 2014 ഓഗസ്റ്റ് 27 ന് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

  തലസ്ഥാന നഗരത്തിന് ഏതെങ്കിലും പ്രത്യേക പ്രദേശം നിര്‍ദ്ദേശിക്കാന്‍ സമിതിയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഹൈദരാബാദിന് സമാനമായ രീതിയില്‍ ഒരു സൂപ്പര്‍ സിറ്റിയോ സ്മാര്‍ട്ട് സിറ്റിയോ നിര്‍മിക്കുക എന്ന ആശയത്തെ അവര്‍ എതിര്‍ത്തു. സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയില്‍ തലസ്ഥാനം രൂപീകരിക്കുന്നത് ശരിയല്ലെന്നും സമിതി അഭിപ്രായപ്പെട്ടു. എല്ലാ ഓഫീസുകളും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിന് പകരം മൂന്ന് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തലസ്ഥാന നഗരത്തിന് ഒരു വികേന്ദ്രീകൃത മാതൃക സൃഷ്ടിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.

  പിന്നീട് എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ടിഡിപി സര്‍ക്കാര്‍ മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി പി നാരായണ തലവനായി ഒരു പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാനത്തിന്റെ മധ്യത്തിലായി, എല്ലാ പ്രദേശങ്ങളില്‍ നിന്നും ഒരേ ദൂരത്തില്‍ വേണം തലസ്ഥാനം രൂപീകരിക്കാനെന്ന് പ്രസ്തുത സമിതി ശുപാര്‍ശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രബാബു നായിഡു വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയില്‍ തലസ്ഥാനം വിഭാവനം ചെയ്തതും അതിന് അമരാവതി എന്ന പേര് നല്‍കിയതും.

  അങ്ങനെ ശിവരാമകൃഷ്ണന്‍ സമിതിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ നായിഡു അമരാവതിയെ തലസ്ഥാനമായി തിരഞ്ഞെടുത്തു. അമരാവതിയില്‍ തലസ്ഥാന നഗരം സ്ഥാപിക്കാന്‍ ജഗന്‍ റെഡ്ഢി പിന്തുണ നല്‍കിയിരുന്നെങ്കിലും പിന്നീട് നായിഡുവിന്റെ സമുദായമായ കമ്മ ജാതിയില്‍പ്പെട്ട ആളുകള്‍ക്ക് പ്രയോജനപ്രദമാകുന്നതിനാലാണ് നായിഡു ഈ സ്ഥലം തലസ്ഥാനത്തിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. തലസ്ഥാനം അവിടെ സ്ഥാപിക്കുമെന്നറിഞ്ഞ് കമ്മ സമുദായാംഗങ്ങള്‍ മുന്‍കൂട്ടി ഭൂമി വാങ്ങിക്കൂട്ടിയതായും ആരോപണം ഉയര്‍ന്നു.

  അമരാവതിയില്‍ 7,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ലോകോത്തര ഗ്രീന്‍ഫീല്‍ഡ് തലസ്ഥാന നഗരം രൂപീകരിക്കുമെന്ന് 2014 ഡിസംബറില്‍ നായിഡു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി നിയമം മൂലം എപി ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും (എപിസിആര്‍ഡിഎ) നായിഡു രൂപീകരിച്ചു,

  2015 ഒക്‌റ്റോബര്‍ 22 ന് അമരാവതി എന്ന പുതിയ തലസ്ഥാന നഗരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. വൈകാതെ ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയ നായിഡു സര്‍ക്കാര്‍ ഒരു ഇടക്കാല ഗവണ്മെന്റ് കോംപ്ലക്‌സ്, താല്‍ക്കാലിക ഹൈക്കോടതി കെട്ടിടം, നിയമസഭാ കോംപ്ലക്‌സ്, നിയമനിര്‍മാതാക്കള്‍ക്കും ന്യായാധിപര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി അപ്പാര്‍ട്‌മെന്റുകള്‍ എന്നിവ അടുത്ത 3 വര്‍ഷക്കാലത്തിനുള്ളില്‍ അവിടെ നിര്‍മിച്ചു. തലസ്ഥാനത്തിന്റെ നിര്‍മാണത്തിനായി കേന്ദ്രം 2,500 കോടി രൂപ നല്‍കിയപ്പോള്‍ നായിഡു സര്‍ക്കാര്‍ വിവിധ ബാങ്കുകളില്‍ നിന്ന് പണംകടമെടുക്കുകയും ചെയ്തു. 300 മില്യണ്‍ ഡോളര്‍ കടം ലോകബാങ്കും നല്‍കി.

  സര്‍ക്കാര്‍ മാറ്റം, മുന്‍ഗണനകളുടെയും

  അമരാവതിയെക്കുറിച്ചുള്ള ഭീമമായ സ്വപ്നങ്ങള്‍ക്ക് ഒരു നിയതരൂപം ലഭിക്കുന്നതിന് മുമ്പുതന്നെ 2019 മെയില്‍ ജഗന്‍ മോഹന്‍ റെഡ്ഢി നേതൃത്വം നല്‍കിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് പരാജയപ്പെട്ട് നായിഡുവിന് അധികാരം നഷ്ടമായി. അധികാരമേറ്റ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് അമരാവതി സംസ്ഥാനത്തിന്റെ തലസ്ഥാനമാകില്ല എന്ന സൂചന ജഗന്‍ റെഡ്ഢി നല്‍കി. അമരാവതിയില്‍ നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്താനും കരാറുകാരുമായുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

  പിന്നീട് ആറു മാസക്കാലം അമരാവതി തലസ്ഥാന മേഖലയില്‍ പ്രായോഗിക പ്രവര്‍ത്തങ്ങളൊന്നും നടന്നില്ല. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ സ്ഥലം ഉപേക്ഷിച്ചു. ജോലി ഇല്ലാത്തതിനാല്‍ തൊഴിലാളികളും പ്രദേശം വിട്ടു.

  2019 ഡിസംബര്‍ 17 ന് മൂന്ന് തലസ്ഥാന നഗരങ്ങള്‍ എന്ന ആശയം ജഗന്‍ റെഡ്ഢി മുന്നോട്ടുവെച്ചു. വിശാഖപ്പട്ടണത്ത് എക്‌സിക്യൂട്ടീവ് തലസ്ഥാനം, കുര്‍ണൂലില്‍ ജുഡീഷ്യല്‍ തലസ്ഥാനം, അമരാവതിയില്‍ ലെജിസ്‌ളേറ്റീവ് തലസ്ഥാനം എന്നതായിരുന്നു ജഗന്‍ റെഡ്ഢിയുടെ പദ്ധതി. ഇത് സംബന്ധിച്ച് ജഗന്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തി. എന്നാല്‍, തലസ്ഥാനത്തിന് വേണ്ടി തങ്ങളുടെ ഭൂമി വിട്ടുനല്‍കിയ അമരാവതിയിലെ കര്‍ഷകര്‍ക്കിടയില്‍ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

  എന്നാല്‍, നിശബ്ദമായി മൂന്ന് തലസ്ഥാന നഗരങ്ങളെന്ന തന്റെ പദ്ധതിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജഗന്‍ മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നതാണ് വസ്തുത. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിഎന്‍ റാവുവിന്റെ നേതൃത്വത്തില്‍ അദ്ദേഹം ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു, പോരാത്തതിന്, ഈ തലസ്ഥാന മാതൃകയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പ് എന്ന അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സിയുടെ സേവനവും ജഗന്‍ തേടി. ഇരു സമിതികളും ജഗന്റെ പദ്ധതിയെ പിന്തുണച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

  ഏക തലസ്ഥാനം രൂപീകരിക്കുന്നത് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളോടുള്ള അനീതിയായിരിക്കുമെന്നും അതിനാല്‍ വികേന്ദ്രീകൃത ഭരണസംവിധാനമാണ് ശിവരാമകൃഷ്ണന്‍ സമിതി ശുപാര്‍ശ ചെയ്തതെന്നും ജഗന്‍ വാദിച്ചു, എന്നാല്‍, തന്റെ എതിരാളിയായ നായിഡു ആസൂത്രണം ചെയ്ത പദ്ധതികള്‍ തുടരാന്‍ അനുവദിക്കരുത്എന്ന ലക്ഷ്യമായിരുന്നു ജഗന് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.

  ജനുവരിയില്‍ ജഗന്‍ സര്‍ക്കാര്‍ രണ്ടു ബില്ലുകള്‍ അവതരിപ്പിച്ചു. മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള 'ആന്ധ്ര പ്രദേശ് ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് ഓഫ് ഓള്‍ റീജിയന്‍ ബില്‍ 2020', അമരാവതി വികസനത്തിനായി രുപീകരിച്ച അതോറിറ്റിയെ പിന്‍വലിക്കാനുള്ള 'ആന്ധ്ര പ്രദേശ് കാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (റിപ്പീല്‍) ബില്‍, 2020' എന്നിവയായിരുന്നു അവ. രണ്ടു ബില്ലുകളും 2020 ജനുവരി 20 ന് സംസ്ഥാന നിയമസഭ പാസാക്കിയെങ്കിലും അടുത്ത ദിവസം നിയമസഭാ കൗണ്‍സിലിലെ ഭൂരിപക്ഷം ടിഡിപി അംഗങ്ങളും അതിനെതിരെ നിലപാട് സ്വീകരിച്ചു. അത് നിയമസഭാ കൗണ്‍സില്‍ അവസാനിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ ജഗന്‍ റെഡ്ഢിയെ പ്രേരിപ്പിച്ചു.

  അമരാവതിയിലെ കര്‍ഷകരുടെ പ്രതിഷേധം ജഗന്‍ സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ല. 2020 ജൂണില്‍ വീണ്ടും ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ജഗന്‍ റെഡ്ഢിയ്ക്ക് കഴിഞ്ഞു. ജൂലൈ 31 ന് ബില്ലുകള്‍ നിയമമായി മാറി.

  നിയമക്കുരുക്ക്

  അമരാവതിയിലെ കര്‍ഷകര്‍ ഒരു ജോയിന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഈ രണ്ടു നിയമങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള പദ്ധതി തല്ക്കാലം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ ഡിവിഷന്‍ ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് മഹേശ്വരിയ്ക്ക് സ്ഥലംമാറ്റം ലഭിച്ചു. ജഗന്‍ മോഹന്‍ റെഡ്ഢി അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ ജെ ബോബ്ഡെയ്ക്ക് എഴുതിയ കത്താണ് അതിന് ആധാരമായത്.

  പിന്നീട് പുതിയ ചീഫ് ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമി തലവനായ ഡിവിഷന്‍ ബെഞ്ച് ഈ കേസ് പരിഗണിച്ചെങ്കിലും കോവിഡ് മഹാമാരി മൂലം വിചാരണ തുടരാന്‍ കഴിഞ്ഞില്ല. രണ്ടു തവണ നീട്ടിവെച്ചതിന് ശേഷം 2021 നവംബര്‍ 15 ന് വിചാരണ നിശ്ചയിച്ചെങ്കിലും അപ്പോഴേക്കും ജസ്റ്റിസ് ഗോസ്വാമിയ്ക്ക് പകരമെത്തിയ ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വിചാരണ ഏറ്റെടുത്തു.

  വിചാരണ തുടരുന്നതിനിടയിലാണ് മൂന്ന് തലസ്ഥാനങ്ങളെ സംബന്ധിച്ച രണ്ടു നിയമങ്ങള്‍ പിന്‍വലിക്കുന്നതായി ജഗന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടു നിയമങ്ങളും പിന്‍വലിക്കുന്നതായുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി.

  നിയമങ്ങള്‍ പിന്‍വലിക്കുന്നത് എന്തിന്?

  നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് തലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ചില വിഭാഗങ്ങള്‍ക്കുള്ള സംശയങ്ങളും നിയമപരമായ ചോദ്യങ്ങളും പരിഹരിക്കുന്ന വിധത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതും സമഗ്രവുമായ ബില്‍ തന്റെ സര്‍ക്കാര്‍ അവതരിപ്പിക്കും എന്ന് മാത്രമാണ് ജഗന്‍ പ്രതികരിച്ചത്. പൊതുജനതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമം പിന്‍വലിക്കുന്നതെന്നും തലസ്ഥാനവുമായി ബന്ധപ്പെട്ട് ടിഡിപി അനാവശ്യമായ ആശയക്കുഴപ്പവും നിയമ തടസങ്ങളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ചില പഴുതുകള്‍ ഉള്ളതിനാല്‍ മൂന്ന് തലസ്ഥാനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ഹൈക്കോടതി തള്ളിക്കളഞ്ഞേക്കാം എന്ന നിയമോപദേശം ജഗന് ലഭിച്ചതാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.

  ജഗന്‍ സര്‍ക്കാരിന്റെ അടുത്ത ചുവടുവെപ്പ് എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പുതിയ നിയമനിര്‍മാണത്തിനായി നിയമ വിദഗ്ധരുടെ സമിതി രൂപീകരിക്കാനാണ് ജഗന്റെ പദ്ധതിയെന്ന് ഒരു മുതിര്‍ന്ന വൈഎസ്ആര്‍സി പ്രവര്‍ത്തകന്‍ പറഞ്ഞു. എന്തായാലും മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജഗന്‍ സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
  Published by:Jayashankar Av
  First published: