• HOME
  • »
  • NEWS
  • »
  • india
  • »
  • 'ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും': മദ്രാസ് ഹൈക്കോടതി

'ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും': മദ്രാസ് ഹൈക്കോടതി

ഇരയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും കോടതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈ: ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. 2009ൽ നടന്ന ഒരു കേസിലെ വാദം കേൾക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. 'പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല'- ജസ്റ്റിസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 21ഉം ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം ഇയാൾ പെൺകുട്ടിയുമായി അകന്നു. ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ പരാതി നൽകുമ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. 2016ൽ കീഴ് കോടതി യുവാവിനെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

യുവാവിന്‍റെ അപ്പീലിൽ വാദം കേട്ട ഹൈക്കോടതി ശിക്ഷ റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. അതിനിടെയാണ് ജസ്റ്റിസ് പൊങ്ങിയപ്പന്റെ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് യുവതി പരാതി നൽകിയതെന്നും കോടതി വ്യക്തമാക്കി.

വിവാഹിതരല്ലാത്ത ഇണകൾക്ക് പ്രവേശനം നിഷേധിച്ച് പാർക്ക്; പ്രതിഷേധം കനത്തതോടെ ബോര്‍ഡ് മാറ്റി

അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പാർക്ക്. പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലമായ ഹൈദരാബാദിലെ ഇന്ദിര പാർക്കാണ് വിവാദത്തിലായത്. അവിവാഹിതരായ ഇണകൾക്ക് പാർക്കിലേക്ക് കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് മാനേജ്മെന്റ് സമിതി സ്ഥാപിച്ച ബോർഡിൽ പറയുന്നത്. പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികൾ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങൾ പരാതി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് മാനേജ്മെന്റ് സമിതി പറയുന്നത്.

വിവാദ ബോർഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമർശനം. പുതിയരീതിയിലുള്ള സദാചാര പൊലീസിങ്ങാണിതെന്ന് ആരോപിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനെതിരെ ഒട്ടേറെപേർ രംഗത്ത് വന്നു.

അതേസമയം, നാനാഭാഗത്ത് നിന്നും വിമർശനം ശക്തമായതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ ബോർഡ് മാറ്റാൻ നിർബന്ധിതരായി. സംഭവത്തിൽ അധികൃതർ ഖേദപ്രകടനവും നടത്തി.

എന്നാൽ, പാർക്കിൽ ജാഗ്രത പാലിക്കാനും 'ശാന്തമായ അന്തരീക്ഷം' നിലനിർത്താനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് സദാചാര പൊലീസിങ്ങായി മാറുമോ എന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്.
Published by:Anuraj GR
First published: