• HOME
  • »
  • NEWS
  • »
  • india
  • »
  • Shaheen Bagh Protest | ഷഹീൻ ബാ​ഗ് സമരത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും: ഡൽഹി പോലീസ്

Shaheen Bagh Protest | ഷഹീൻ ബാ​ഗ് സമരത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും: ഡൽഹി പോലീസ്

കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് പോലീസ് ഈ വാദങ്ങൾ കോടതിയെ അറിയിച്ചത്.

  • Last Updated :
  • Share this:
    പൗരത്വ ഭേദഗതി നിയമത്തിന്റെ ( Citizenship Amendment Act (CAA) ) പശ്ചാത്തലത്തിൽ ഷഹീൻ ബാഗിൽ (Shaheen Bagh) നടന്നത് സ്വതന്ത്ര പ്രതിഷേധങ്ങളല്ലെന്ന് ഡൽഹി പോലീസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (Popular Front of India (PFI)) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (Social Democratic Party of India (SDPI) ) ഷഹീൻ ബാഗിന് സമരത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്നും പ്രതിഷേധങ്ങളെ നാട്ടുകാർ പിന്തുണച്ചിരുന്നില്ലെന്നും പൊലീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് പോലീസ് ഈ വാദങ്ങൾ കോടതിയെ അറിയിച്ചത്.

    ഷഹീൻ ബാഗിലേത് ഒരു സ്വതന്ത്ര പ്രതിഷേധം എന്ന രീതിയിലാണ് പുറമേ കാണപ്പെട്ടത്. യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ലായിരുന്നു. പെട്ടെന്നു നടന്ന ഒരു പ്രതിഷേധമായിരുന്നില്ല അതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ അറിയിച്ചു. കുറ്റാരോപിതർ നടത്തിയ ചില ചാറ്റുകൾ സഹിതമാണ് അമിത് പ്രസാദ് കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. ഇവർ ജനക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നും സമരം നടത്താൻ പ്രേരിപ്പിച്ചുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

    ''ഷഹീൻ ബാഗ് സമരത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്നീ സംഘടനകൾ ആയിരുന്നു. ഇക്കാര്യം ആദ്യം തന്നെ ഞാ‍ൻ ചൂണ്ടിക്കാണിച്ചിരുന്നു. നാട്ടുകാർ ഈ സമരത്തെ പിന്തുണച്ചിരുന്നില്ല. ഇവർ പ്രതിഷേധത്തിനായി ആളുകളെ എത്തിച്ചു. ആളുകളെ എങ്ങനെയാണ് പ്രലോഭിപ്പിച്ചതെന്ന് എനിക്ക് ചാറ്റുകളിൽ നിന്നും വ്യക്തമാക്കാൻ കഴിയും. ഷഹീൻ ബാഗിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്നു'' സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

    2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ സൂത്രധാരന്മാരെന്ന് ആരോപിച്ച് ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്കെതിരെയും മറ്റ് നിരവധി പേർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമം (യുഎപിഎ,) അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലും കേസ് എടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

    ഖാലിദും മറ്റ് കുറ്റാരോപിതരും നടത്തിയ ചില പ്രസംഗങ്ങളെക്കുറിച്ചും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേകം പരാമർശിച്ചു. ''നിങ്ങൾ ബാബറി മസ്ജിദിനെക്കുറിച്ചോ മുത്തലാഖിനെക്കുറിച്ചോ സംസാരിക്കുമ്പോൾ അവ ഒരു മതവുമായി ബന്ധപ്പെടുത്തും. എന്നാൽ കശ്മീരിനെക്കുറിച്ച് പറയുമ്പോൾ അത് മതത്തിന്റെ പ്രശ്‌നമല്ല, ദേശീയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്'', അമിത് പ്രസാദ് പറഞ്ഞു. കലാപത്തിനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഈ പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വാദിച്ചു.
    Published by:Arun krishna
    First published: