ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച വ്യവസായി ശങ്കര്‍ മിശ്രയെ കമ്പനിയില്‍ നിന്ന് പുറത്താക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ നാല് ക്രൂ അംഗങ്ങളുടെ മൊഴി ഡല്‍ഹി പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 26 നാണ് സംഭവം നടന്നത്.
ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കി
യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുയിടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്. സംഭവം കമ്പനിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചതോടെ, യാത്രക്കാരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വെച്ചാണ് 70 വയസ്സിനടുത്ത് പ്രായം വരുന്ന യാത്രികയോട് പ്രതി മോശമായി പെരുമാറിയത്. മദ്യലഹരിയിലായിരുന്നു അതിക്രമം നടന്നത്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.
വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായി യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയത്.
അടുത്തിടെ, പാരീസ് -ഡല്‍ഹി വിമാനത്തിലും സമാന സംഭവം ഉണ്ടായി. വിമാനത്തില്‍ വെച്ച് യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികന് മൂത്രമൊഴിക്കുകയായിരുന്നു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ അതിക്രമം കാണിച്ചയാള്‍ യാത്രക്കാരിക്ക് മാപ്പ് എഴുതി നല്‍കിയെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.