മുംബൈ: ബി ജെ പിയുമായി ചേർന്ന് ഒരു സഖ്യസർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ചോദ്യം ഉദിക്കുന്നില്ലെന്ന് എൻ സി പി നേതാവ് ശരത് പവാർ. അജിത് പവാറിന്‍റെ ട്വീറ്റിനുള്ള മറുപടിയായിട്ട് ആയിരുന്നു ശരത് പവാറിന്‍റെ ട്വീറ്റ്. ബി ജെ പിയുമായി എൻ സി പിക്ക് ഒരു ബന്ധവുമില്ല. ശിവസേനയുമായും മഹാരാഷ്ട്രയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാൻ എൻ സി പി ഏകകണ്ഠമായി തീരുമാനിച്ചതാണ്.
അതേസമയം, അജിത് പവാറിന്‍റെ പ്രസ്താവന തെറ്റാണെന്നും ശരത് പവാർ ട്വീറ്റിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണ് അജിത് പവാറിന്‍റെ പ്രസ്താവനയെന്നും ശരത് പവാർ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം അഭിനന്ദന സന്ദേശങ്ങൾക്കെല്ലാം മറുപടി നൽകിയ അജിത് പവാർ താൻ ഇപ്പോഴും എൻ സി പിയിൽ തന്നെയാണെന്നും ശരത് പവാർ ആണ് തന്‍റെ നേതാവെന്നും ട്വീറ്റ് ചെയ്തിരുന്നു.
അടുത്ത അഞ്ചു വർഷം ബി ജെ പി - എൻ സി പി സഖ്യം മഹാരാഷ്ട്രയിൽ സുസ്ഥിരമായ ഭരണം കാഴ്ച വെയ്ക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ആ സർക്കാർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അജിത് പവാർ ട്വീറ്റ് ചെയ്തിരുന്നു. 'വിഷമിക്കേണ്ട ആവശ്യമില്ല, എല്ലാം ശരിയാകും. അല്പം ക്ഷമ ആവശ്യമാണ്. എല്ലാവരുടെയും പിന്തുണയ്ക്ക് വളരെ നന്ദി.' - ട്വീറ്റിൽ അജിത് പവാർ പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് ശരത് പവാർ ട്വീറ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.