• HOME
  • »
  • NEWS
  • »
  • india
  • »
  • ഇതുപോലെ ഇന്ത്യയിൽ നടക്കുമോ? ശശി തരൂരിന്റെ ആത്മാർത്ഥമായ ചോദ്യം; കലാം- മൻമോഹൻ കാലം ഓർമിപ്പിച്ച് ബിജെപി

ഇതുപോലെ ഇന്ത്യയിൽ നടക്കുമോ? ശശി തരൂരിന്റെ ആത്മാർത്ഥമായ ചോദ്യം; കലാം- മൻമോഹൻ കാലം ഓർമിപ്പിച്ച് ബിജെപി

സിഖുകാരനായ ഡോ. മൻമോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിലവിൽ ഗോത്രവർഗക്കാരിയായ ദ്രൗപതി മുർമു രാഷ്ട്രപതിയാണെന്നതും മറ്റു ചിലർ ചൂണ്ടിക്കാട്ടി

  • Share this:
ന്യൂഡൽഹി: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആഘോഷമാക്കുകയാണ് ഇന്ത്യക്കാർ. ഈ വിഷയത്തിൽ ശശി തരൂർ എംപി പോസ്റ്റ് ചെയ്ത ട്വീറ്റ് ഇപ്പോൾ വലിയ ചർച്ചക്കാണ് വഴി തുറന്നിരിക്കുന്നത്. മുൻ കൺസർവേറ്റീവ് പാർട്ടി നേതാവും പത്രാധിപരുമായ ജോർജ് ഓസബോണിനുള്ള മറുപടിയായി നൽകിയ തരൂരിന്റെ ട്വീറ്റ് ഇങ്ങനെ-

'ഇത് സംഭവിക്കുകയാണെങ്കിൽ, ലോകത്ത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്ന് ബ്രിട്ടീഷുകാർ ചെയ്തിട്ടുണ്ടെന്ന് എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നു, ഒരു ന്യൂനപക്ഷ വിഭാഗത്തിലെ അംഗത്തിന് ഏറ്റവും ശക്തമായ സ്ഥാനം നൽകുക. നമ്മൾ ഇന്ത്യക്കാർ ഋഷി സുനക്കിന്റെ കയറ്റം ആഘോഷിക്കുമ്പോൾ, നമുക്ക് സത്യസന്ധമായി ചോദിക്കാം: അത് ഇവിടെ(ഇന്ത്യയിൽ) നടക്കുമോ?'



ഇതോടെ, ട്വീറ്റിന്റെ ഉള്ളടക്കത്തിൽ വിമർശനവുമായി ഒട്ടേറെപേർ രംഗത്തെത്തി. സിഖുകാരനായ ഡോ. മന്മോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിലവിൽ ഗോത്രവർഗക്കാരിയായ ദ്രൗപതി മുർമു രാഷ്ട്രപതിയാണെന്നതും ചിലർ ചൂണ്ടിക്കാട്ടി.

എന്നാൽ, യഥാർത്ഥ അധികാരത്തിലേക്ക് വരുമ്പോൾ, പ്രധാനമന്ത്രി സ്ഥാനം സിഖുകാരനായ മന്മോഹൻ സിങിന് ഒഴിച്ച് ആർക്കും കിട്ടിയില്ലെന്നും, ഹിന്ദുക്കളാണ് ഈ പദവി കൈയാളിയതെന്നും തരൂർ പിന്നീട് ചാനൽ ചർച്ചയിൽ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് പാർലമെന്റിന്റെ ഇരുസഭകളിലും, ഒരു മുസ്ലിം അംഗം പോലും ഇല്ലെന്നും പണ്ടിങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.



എന്നാൽ ഇതിന് മറുപടിയുമായി ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രംഗത്തെത്തി. എപിജെ അബ്ദുൾ കലാമിന്റെ അസാധാരണമായ രാഷ്ട്രപതി പദവി, 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്, ആദിവാസി വിഭാഗത്തിൽ നിന്ന് ദ്രൗപതി മുർമു രാഷ്ട്രപതിയായത് എന്നിവയെല്ലാം ഓർക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.



മറ്റൊരു ട്വീറ്റിൽ മഹ്ബൂബ മുഫ്തിക്ക് രവിശങ്കർ പ്രസാദ് നൽകിയ മറുപടി ഇങ്ങനെ- ''യുകെയുടെ പ്രധാനമന്ത്രിയായി ഋഷി സുനക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മഹ്ബൂബ മുഫ്തിയുടെ ട്വീറ്റ് കണ്ടു. @മെഹബൂബ മുഫ്തി ജി! ജമ്മു കശ്മീരില്‍ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയായി നിങ്ങൾ അംഗീകരിക്കുമോ?''..





അതേസമയം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ വിഷയത്തിലെ പ്രതികരണവും ശ്രദ്ധേയമാണ്. ഋഷി സുനക്ക് ഇന്ത്യൻ വംശജനാണെന്നത് തീർത്തും അപ്രസക്തമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. യുകെയുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഋഷി സുനക്കിന്റെ പദ്ധതി എന്താകുമെന്നതാണ് ഇവിടെ പ്രസക്തമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Published by:Rajesh V
First published: