മുംബൈ: രണ്ട് വയസുള്ളപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ അമ്മയ്ക്കെതിരെ ഒന്നര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ നിയമനടപടിക്ക്. ബോളിവുഡിൽ മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീകാന്ത് സബ്നിസ് എന്ന നാൽപ്പതുകാരനാണ് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഒന്നര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മുംബൈയിൽവെച്ച് തന്നെ ഉപേക്ഷിച്ചതിനും പിന്നീട് മകനായി സ്വീകരിക്കാൻ വിസമ്മതിച്ചതിനുമാണ് ബോംബെ ഹൈക്കോടതിയിൽ ശ്രീകാന്ത് പരാതി നൽകിയത്.
അമ്മ ഉപേക്ഷിച്ചതുമൂലം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയും കടുത്ത മാനസിക ആഘാതമുണ്ടാകുകയും ചെയ്തതായി ശ്രീകാന്ത് പരാതിയിൽ പറയുന്നു. അമ്മ ആരതി മസ്കറിനും രണ്ടാം ഭർത്താവ് ഉദയ് മസ്കറിനുമെതിരെയാണ് പരാതി. ആരതി മസ്‌കർ നേരത്തെ ദീപക് സബ്നിസിനെ വിവാഹം കഴിച്ചിരുന്നു.
1979 ഫെബ്രുവരിയിൽ പൂനെയിൽ താമസിക്കുമ്പോഴാണ് ദമ്പതികൾക്ക് ശ്രീകാന്ത് സബ്നിസ് എന്ന കുട്ടി ജനിച്ചത്. അക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച ആരതി 1981ൽ മകനുമായി മുംബൈയിലേക്ക് പുറപ്പെട്ടു. എന്നാൽ മുംബൈ റെയിൽവേ സ്റ്റേഷനിൽവെച്ച് അവർ മകനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെടുത്ത കുട്ടിയ ചിൽഡ്രൻസ് ഹോമിലാക്കി. അവിടെ വളർന്ന ശ്രീകാന്ത് പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റായി സിനിമയിലെത്തുകയായിരുന്നു.
2017ലാണ് ശ്രീകാന്ത് സ്വന്തം അമ്മയെക്കുറിച്ച് അറിയുന്നത്. 2018 സെപ്റ്റംബറിൽ അവരുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ച് താൻ മകനാണ് പറഞ്ഞു. ആരതി ശ്രീകാന്തുമായി സംസാരിച്ചെങ്കിലും മകനെ പരസ്യമായി അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇപ്പോഴത്തെ മക്കളുടെ മുന്നിൽ തന്നെ നാണംകെടുത്തരുതെന്നായിരുന്നു ആരതിയുടെ ആവശ്യം. ഇത് തനിക്ക് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്ന് ശ്രീകാന്ത് ബോംബെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ശ്രീകാന്തിന്‍റെ ഹർജി ജനുവരി 13 ന് ജസ്റ്റിസ് എ കെ മേനോന്‍റെ ബെഞ്ച് പരിഗണിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.