• HOME
 • »
 • NEWS
 • »
 • india
 • »
 • Shrimp Export | ചെമ്മീൻ കയറ്റുമതി പ്രതിസന്ധിയിൽ; നിരോധിത ആന്റിബയോട്ടിക്കുകളുടെ വിൽപ്പന തടയാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം

Shrimp Export | ചെമ്മീൻ കയറ്റുമതി പ്രതിസന്ധിയിൽ; നിരോധിത ആന്റിബയോട്ടിക്കുകളുടെ വിൽപ്പന തടയാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം

ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള ചില കയറ്റുമതികള്‍ വേണ്ടെന്നുവെയ്ക്കാന്‍ യുഎസ് റെഗുലേറ്റര്‍മാര്‍ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്...

shrimp

shrimp

 • Last Updated :
 • Share this:
  ചെമ്മീൻ കൃഷിയ്ക്കായി ഉപയോഗിക്കുന്ന നിരോധിത വെറ്റിനറി ആന്റിബയോട്ടിക്കുകളുടെ (banned veterinary antibiotics) ലഭ്യതയും ഉപയോഗവും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും രാജ്യത്തെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി (drug regulatory authority) ആവശ്യപ്പെട്ടു.

  വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (MPEDA) ചെയര്‍മാന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് തീരുമാനം. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളിലെ നിരോധിത ആന്റിബയോട്ടിക്കുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത്.

  എംപിഇഡിഎ ആദ്യമായല്ല ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അഭ്യർത്ഥന ലഭിച്ചതിനെത്തുടർന്ന്, 2020 ഏപ്രിൽ 28 മുതൽ ചെമ്മീൻ വിൽപ്പന നിയന്ത്രിക്കുന്നതിനായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഒന്നിലധികം കത്തുകൾ അയച്ചിരുന്നു.

  ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഷെല്‍ഫിഷ് (കക്ക, ചിപ്പി പോലുള്ള) ഉല്‍പ്പാദകരില്‍ ഒന്നായി ഇന്ത്യ അതിവേഗം വളര്‍ന്നിട്ടുണ്ട്. കൂടാതെ, യുഎസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ അതിവേഗം വളരുന്ന ഈ ഭക്ഷ്യമേഖല മരുന്നുകളുടെ ദുരുപയോഗം കൊണ്ട് പരീക്ഷണ വസ്തുവായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഇതിനെ തുടര്‍ന്ന് ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയോട് കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. '2020ലെ ഇന്‍ഡസ്ട്രി ജേര്‍ണല്‍ റിവ്യൂസ് ഇന്‍ അക്വാകള്‍ച്ചര്‍ പഠനമനുസരിച്ച്, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീനിലെ ആന്റിബയോട്ടിക് പരിശോധനാ നിരക്ക് യൂറോപ്യന്‍ യൂണിയന്‍ വര്‍ധിപ്പിച്ചു. ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള ചില കയറ്റുമതികള്‍ വേണ്ടെന്നുവെയ്ക്കാന്‍ യുഎസ് റെഗുലേറ്റര്‍മാര്‍ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

  ചെമ്മീനിലെ ആന്റിബയോട്ടിക്കുകളുടെ അമിതമായ തോത് അളക്കുന്നത് പ്രയാസകരമാണെന്നും വിദഗ്ധര്‍ പറയുന്നു. എന്നാൽ, ചെമ്മീനിന്റെ വളര്‍ച്ച വർദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള പരീക്ഷണങ്ങളും ഉത്പ്പാദകര്‍ നടത്തുന്നുണ്ടെന്നതിനാല്‍, ആന്റിബയോട്ടിക്കുകളുടെ ഉയര്‍ന്ന ഉപയോഗത്തിന്റെ തെളിവുകളുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  1945-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമങ്ങൾ അനുസരിച്ച് മാത്രം മരുന്നുകളുടെ ഉപയോഗം അനുവദിക്കണമെന്ന് സിഡിഎസ്സിഒ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഡ്രഗ് റെഗുലേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വെറ്ററിനറി പ്രാക്ടീഷണര്‍മാരുടെ കുറിപ്പടി പ്രകാരം മാത്രമേ വെറ്ററിനറി ഉപയോഗത്തിനുള്ള ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും ഇതിനായി കെമിസ്റ്റുകളെയും ഡ്രഗ്ഗിസ്റ്റ് അസോസിയേഷനുകളെയും ബോധവല്‍ക്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

  വില്‍പ്പനയ്ക്ക് പുറമേ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ നടപടി റിപ്പോര്‍ട്ട് എംപിഇഡിഎയ്ക്ക് അയയ്ക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ വി ജി സോമാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യങ്ങളില്‍ 20 ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പശ്ചിമ ബംഗാളില്‍ നിരോധിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ റെയ്ഡുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. മത്സ്യം കഴിച്ചതിന് ശേഷം അസുഖങ്ങള്‍ വരുമെന്ന പരാതികളെത്തുടര്‍ന്ന്, നിരോധിത ആന്റിബയോട്ടിക്കളായ നൈട്രോഫുറാന്റോയ്ന്‍, ക്ലോറാംഫെനിക്കോള്‍ എന്നിവ മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ പ്രചാരണവും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
  Published by:Anuraj GR
  First published: