• HOME
  • »
  • NEWS
  • »
  • india
  • »
  • ആഴ്ച ഒന്ന് കഴിഞ്ഞു; ശിവസേനയെ അനുനയിപ്പിക്കാനാകാതെ വല്ല്യേട്ടൻ

ആഴ്ച ഒന്ന് കഴിഞ്ഞു; ശിവസേനയെ അനുനയിപ്പിക്കാനാകാതെ വല്ല്യേട്ടൻ

എന്താണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നതിനുള്ള യഥാർത്ഥ കാരണം?

നരേന്ദ്ര മോദി, അമിത് ഷാ

നരേന്ദ്ര മോദി, അമിത് ഷാ

  • Share this:
മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനിറങ്ങിയതാണ് ബി.ജെ.പി. ഇപ്പോൾ സർക്കാരുണ്ടാക്കാൻ 40 സീറ്റ് സംഘടിപ്പിക്കാൻ കഴിയാതെ ഉദ്ദവ് താക്കറെയുടെ അടുക്കള ചർച്ചകളുടെ തീരുമാനം കാത്തിരിക്കുകയാണ്. എന്താണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നതിനുള്ള യഥാർത്ഥ കാരണം? അമിത്ഷായുടേയും മോദിയുടേയം കണക്ക് കൂട്ടലുകൾ ആകെ തെറ്റി എന്നത് തന്നെ.

145 എം.എൽ.എ.മാരാണ് മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 150 സീറ്റെങ്കിലും ലഭിക്കുമെന്നതായിരുന്നു ബിജെപിയുടെ കണക്ക്. എത്ര കുറഞ്ഞാലും 135ന് തഴെ പോകില്ല. അങ്ങനെ വന്നാൽ ബാക്കിയുള്ള പത്തുപേരെ സംഘടിപ്പിക്കുക നിസ്സാരം. സഖ്യകക്ഷിയായ ശിവസേനയ്ക്ക് മറ്റു ഗതിയില്ലാതെ പിന്തുണയ്ക്കേണ്ടി വരും. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഭരണസ്വാധീനം പ്രയോജനപ്പെടുത്തി കണ്ടെത്തിയ കണക്കാണിത്. ഈ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് സീറ്റ് വിഭജന ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള പദവികളും ഭരണവും 50:50 എന്ന അനുപാതത്തിൽ വീതം വയ്ക്കണമെന്ന ശിവസേനയുടെ നിർദ്ദേശം അംഗീകരിച്ചത്.

ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് അടുത്തെത്തിയാൽ പിന്നെ ശിവസേനയ്ക്ക് വിലപേശാനാകില്ല. ബി.ജെ.പി.യുടെ ഈ മനസ്സിലിരിപ്പ് ശിവസേനയ്ക്കും അറിയാമായിരുന്നു. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം.

വല്ല്യേട്ടനായി വെള്ളത്തിലായി

പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും ബി.ജെ.പി.യും ശിവസേനയും സഖ്യകക്ഷികളാണെന്ന ഓർമ്മ പോലും ബി.ജെ.പി.ക്കുണ്ടായിരുന്നില്ല. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ശിവസേന നേതാക്കൾ തന്നെ നടത്തിയ വിമർശനമാണിത്. അത് ശരിയുമായിരുന്നു. ശിവസേനയുടെ സീറ്റ് പരമാവധി കുറയ്ക്കുകയെന്നതായിരുന്നു ബി.ജെ.പി.യുടെ ആലോചനയും ശ്രമവും. ഇതിന് വേണ്ടി പരസ്യമായി ഇറങ്ങിയില്ലെന്ന് മാത്രം.

പക്ഷെ ബി.ജെ.പി. കൂട്ടിയതും കിഴിച്ചതും വോട്ടെണ്ണിയപ്പോൾ വെറുതെയായി. 105 സീറ്റിലൊതുങ്ങി ബി.ജെ.പി.യുടെ എണ്ണം. 2014ലിനെതിനെക്കാൾ 17 സീറ്റും മൂന്ന് ശതമാനം വോട്ടും കുറഞ്ഞു. ഇപ്പോൾ 145 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ 40 പേരുടെ പിന്തുണ കൂടി വേണം. 56 സീറ്റുള്ള ശിവസേനയുടെ പിന്തുണയില്ലാതെ ഒരു കാരണവശാലും സർക്കാരുണ്ടാക്കാനാകില്ലെന്ന അവസ്ഥ. 29 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. പക്ഷെ ഇവരുടെ പിന്തുണ മാത്രം പോര. അതു മാത്രവുമല്ല ഇവരിൽ ഭൂരിപക്ഷവും ബിജെപി വിമതരായി മത്സരിച്ച് ജയിച്ചവരാണ്.

20 ബിജെപി വിമതരാണ് സ്വതന്ത്രരുടെ കൂട്ടത്തിലുള്ളത്. മുമ്പ് ബിജെപിക്കരായിരുന്ന ഈ വിമതരെ എളുപ്പത്തിൽ പാട്ടിലാക്കാൻ സാധിക്കില്ലേ എന്ന സംശയം വേണ്ട. വല്ല്യേട്ടന്റെ കുബുദ്ധി നേരത്തെ തന്നെ ആ വഴിയടച്ചു. കോൺഗ്രസിൽ നിന്നും എൻ.സി.പി.യിൽ നിന്നും ചാക്കിട്ട് പിടിച്ചു കൊണ്ട് വന്ന നേതാക്കളെ മത്സരിപ്പിച്ച മണ്ഡലങ്ങളിലാണ് പോസ്റ്റർ ഒട്ടിക്കാൻ ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഇവർ വിമതരായി മത്സരിച്ച് വിജയിച്ചത്. അതുകൊണ്ട് ഈ വിമതരുടെ വിലപേശൽ ശിവസേന നടത്തുന്നതിനെക്കാൾ കർക്കശമായിരിക്കും. ആ വിലപേശലിന് നിന്നുകൊടുത്താലും ശിവസേനയുടെ സഹായമില്ലാതെ സർക്കാരുണ്ടാക്കാനാകില്ല. വല്ല്യേട്ടന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഇത് കൂടിയാണ്.

ശിവസേനയുടെ മധുര പ്രതികാരം

ഇരട്ടി മധുരം നൽകുന്ന പ്രതികാരമാണ് ശിവസേന ഇപ്പോൾ നടത്തുന്നത്. കേന്ദ്രത്തിൽ രണ്ടാം മോദി സർക്കാർ രൂപീകരിച്ചപ്പോൾ ചില നിർദ്ദേശങ്ങൾ ശിവസേന മുന്നോട്ട് വച്ചിരുന്നു. അരഡസനിലധികം മന്ത്രി സ്ഥാനങ്ങളും പ്രധാനപ്പെട്ട വകുപ്പുകളും. എന്നാൽ ഈ ആവശ്യം പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞു മോദി അമിത്ഷാ കൂട്ടുകെട്ട്. എന്നിട്ട് ഒരു ക്യാബിനറ്റ് പദവി വച്ചു നീട്ടി. ഗതിയില്ലാതെ അത് സ്വീകരിച്ച് എൻ.ഡി.എ.യിൽ ഒതുങ്ങി കൂടേണ്ടി വന്നു സേനയ്ക്ക്.

ഇടയ്ക്കിടയ്ക്ക് ചില വിമർശനങ്ങളുയർത്തിയെങ്കിലും അതൊന്നും ബിജെപിക്ക് വില്ലുവിളിയേ ആയില്ല. അങ്ങനെ നാണംകെട്ട് താമരത്തണലിൽ ചുരുണ്ട് കിടക്കുമ്പോഴാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വന്നത്. തുല്യസീറ്റ് വേണമെന്ന ആവശ്യമുന്നയിച്ച് ഒന്നുകൂടി പ്രതിഷേധിച്ചു. പക്ഷെ ഫലമുണ്ടായില്ല. അമിത്ഷാ നേരിട്ടെത്തി ശിവസേന മുന്നോട്ട് വച്ച മറ്റെല്ലാ ആവശ്യവും അംഗീകരിച്ച് കൂടുതൽ സീറ്റും വാങ്ങിപ്പോയി.

അങ്ങനെ ആകെ നാണംകെട്ടിരിക്കുമ്പോൾ വീണുകിട്ടിയതാണ് ശിവസേനയ്ക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ഈ വിധി. സേനയുടെ പിന്തുണയില്ലാതെ ഒരിക്കലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയാത്ത അവസ്ഥ. സേനയുടെ ഇപ്പോഴത്തെ കടുംപിടുത്തത്തിന് കാരണം ഈ ചവിട്ടിത്തേയ്ക്കലാണ്.

റിസോട്ട് രാഷ്ട്രീയവുമില്ല സി.ബി.ഐ. പേടിയുമില്ല

കർണാടകയിൽ നടന്നത് പോലെ മഹാരാഷ്ട്രയിൽ എന്തുകൊണ്ടാണ് റിസോർട്ട് രാഷ്ട്രീയമുണ്ടാകാത്തത്? എന്തുകൊണ്ടാണ് സി.ബി.ഐ.യുടേയും എൻഫോഴ്സമെന്റിന്റെയും ഉദ്ദ്യോഗസ്ഥർ മുംബൈയിൽ പറന്നിറങ്ങാത്തത്? ബി.ജെ.പി.ക്കെതിരെ ഇത്ര കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ശിവസേന സ്വന്തം എം.എൽ.എ.മാരെ സംരക്ഷിച്ച് നിറുത്താൻ റിസോട്ടിലേക്കോ മറ്റോ മാറ്റാത്തത്? ബിജെപിയുടെ ഇതുവരെയുള്ള രാഷ്ട്രീയം കണ്ട ആരും ഇങ്ങനെ സംശയിച്ചു പോകും.

ശിവസേനയ്ക്ക് അങ്ങനെയൊരു പേടിയില്ല. അങ്ങനെയൊരു നീക്കത്തിന് തുനിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് ബിജെപിക്കും നന്നായി അറിയാം. കോൺഗ്രസിലേയും മറ്റ് രാഷ്ട്രീയ കക്ഷികളിലേയും അംഗങ്ങളെ ചാക്കിട്ട് പിടിക്കുന്നത് പോലെ അത്ര എളുപ്പമാവില്ല അത്. അതിലും വിഷമമാകും പിന്നീടങ്ങോട്ട് ഭരണം മുന്നോട്ട് കൊണ്ടു പോകാൻ. മഹാരാഷ്ട്രയിൽ പിന്നെ ബാക്കിയുള്ളത് കോൺഗ്രസും എൻ.സി.പി.യുമാണ്.ഈ ഘട്ടത്തിൽ ചെയ്തില്ലെങ്കിലും അടുത്തഘട്ടം അതു തന്നെയാകും. അതിന് മുമ്പ് ശിവസേന മയപ്പെടുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

ഉപമുഖ്യമന്ത്രിയും ആഭ്യന്തരവും. അതിൽ ശിവസേന വീഴുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. അമിത്ഷാ തന്നെ ഈ നിർദ്ദേശം മുന്നോട്ട് വച്ചേക്കും. കേന്ദ്രമന്ത്രിസഭയിലേക്കും പുതിയ ക്ഷണം ലഭിക്കാം. ഈ രാഷ്ട്രീയ ചതുരംഗത്തിന്റെ ഫലം എന്തായാലും ശിവസേന ഒരുകാര്യത്തിൽ വിജയിച്ചു. ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ സേനയുടെ തലപ്പത്തെത്തിച്ചു. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി മത്സരിച്ച ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് ഇപ്പോൾ സേന ഒറ്റക്കെട്ടായിട്ടാണ് ആവശ്യപ്പെടുന്നത്. ഇതിൽ മനോഹർ ജോഷിയെ പോലെ സേനയുടെ മുൻമുഖ്യമന്ത്രി പോലുമുണ്ട്. വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാലും ജയിക്കുന്ന രാഷ്ട്രീയമാണ് ഉദ്ദവ് താക്കറെ കളിക്കുന്നത്.​

First published: