• HOME
  • »
  • NEWS
  • »
  • india
  • »
  • സിക്കിം റെയിൽവേ ഭൂപടത്തിലേയ്ക്ക്; ശിവോക് - രംഗ്‌പോ റെയിൽ പദ്ധതി പുരോഗമിക്കുന്നു; ആറാം തുരങ്ക നിർമ്മാണം പൂർത്തിയായി

സിക്കിം റെയിൽവേ ഭൂപടത്തിലേയ്ക്ക്; ശിവോക് - രംഗ്‌പോ റെയിൽ പദ്ധതി പുരോഗമിക്കുന്നു; ആറാം തുരങ്ക നിർമ്മാണം പൂർത്തിയായി

ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പദ്ധതിയാണ് ശിവോക്-രംഗ്‌പോ റെയില്‍ പദ്ധതി

  • Share this:

    ന്യൂഡല്‍ഹി: സിക്കിമിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ശിവോക് – രംഗ്‌പോ റെയില്‍ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പതിനൊന്നാം നമ്പര്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആകെ 14 തുരങ്കങ്ങളാണ് പദ്ധതിയിലുള്ളത്. ആകെയുള്ള തുരങ്കങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായ ടി-11 തുരങ്കം.

    പ്രധാന തുരങ്കത്തിന്റെ നീളം ഏകദേശം 3205 കിലോമീറ്ററാണ്. ഇവാക്വേഷന്‍ തുരങ്കത്തിന്റെ നീളം 960 മീറ്ററാണ്. പശ്ചിമ ബംഗാളിലെ താര്‍ക്കോലയ്ക്കും കാലിംപോംഗ് ജില്ലയിലെ തുംമ്ലാന്‍ഗ്‌ഖോലയ്ക്കും ഇടയിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പദ്ധതിയാണ് ശിവോക്-രംഗ്‌പോ റെയില്‍ പദ്ധതി. പശ്ചിമബംഗാളിലെ ശിവോകിനെയും സിക്കിമിലെ രംഗപോയെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

    Also read- ‘ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകണം; സർക്കാർ എന്തിന് ഇടപെടുന്നു?’ സുപ്രീംകോടതി

    ഏകദേശം 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പ്രോജക്ടാണിത്. അഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍, 14 തുരങ്കങ്ങള്‍, 22 പാലങ്ങള്‍ എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി. പദ്ധതിയുടെ 67 ശതമാനം പണികളും പൂര്‍ത്തിയായതായാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം. ഇവാക്വേഷന്‍ തുരങ്കത്തിന്റെയും പ്രധാന തുരങ്കത്തിന്റെയും പണികള്‍ 2022 ഡിസംബറില്‍ തന്നെ പൂര്‍ത്തിയായിരുന്നു.

    അപ്രോച്ച് റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2020 ഫെബ്രുവരിയിലാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ജോലി. പ്രധാന തുരങ്കം കടന്നുപോകുന്നത് ഹിമാലയന്‍ പ്രദേശങ്ങളിലെ ദുര്‍ഘടമായ പാതയിലൂടെയും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുമാണ്. അപകട സാധ്യതകളെ ഒഴിവാക്കാന്‍ ന്യൂ ഓസ്‌ട്രേലിയന്‍ ടണലിംഗ് മെത്തേഡ് അഥവാ NATM ആണ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നത്.

    Also read- പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നതായി റിപ്പോർട്ടുകൾ

    അതേസമയം ഇന്ത്യയിലെ ഏറ്റവും നീളമേറിയ എസ്‌കേപ്പ് ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ ജമ്മു-കശ്മീരിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ജമ്മുവിലെ ബനിഹാല്‍-കത്ര സെക്ഷനിലാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ദംപൂര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായ ടണലിന്റെ നീളം ഏകദേശം 111 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എസ്‌കേപ്പ് ടണല്‍ എന്ന പേരാണ് ഈ തുരങ്കത്തിന് ലഭിച്ചിരിക്കുന്നത്.

    അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ ടണല്‍ സഹായിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിമാലയത്തിലെ റമ്പാന്‍ മേഖലയിലൂടെയാണ് ഈ ടണല്‍ കടന്നുപോകുന്നത്. ടണലിനോട് ചേര്‍ന്ന് ചിനാബ് നദിയുടെ പോഷകനദികളും കൈവഴികളും ഒഴുകുന്നുണ്ട്. ഖോഡ, ഹിങ്ഗ്നി, കുന്ദന്‍, തുടങ്ങിയ നദികളാണ് ടണലിന് സമീപത്ത് കൂടി ഒഴുകുന്നത്. ടണലിനായി പ്രദേശത്ത് വളരെ കഷ്ടപ്പെട്ടാണ് ഡ്രില്ലിംഗ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

    Also read- മോദി വരുമോ രാമനാഥപുരത്ത് മത്സരിക്കാൻ ? അഭ്യൂഹം ശക്തം

    ബനിഹാല്‍-കത്ര പാതയിലെ നാലാമത്തെ തുരങ്കമാണിത്. ഈ വര്‍ഷം ജനുവരിയില്‍ 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടി-49 തുരങ്കം ഈ പാതയില്‍ നിര്‍മ്മിച്ചിരുന്നു. ന്യൂ ആസ്ട്രേലിയന്‍ ടണലിംഗ് മെത്തേഡ് എന്ന രീതി ഉപയോഗിച്ചാണ് ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുതിരലാടത്തിന്റെ ആകൃതിയിലാണ് എസ്‌കേപ്പ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

    Published by:Vishnupriya S
    First published: