ആര്‍ എസ് എസ് ഒരിക്കലും സമൂഹത്തില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടില്ലെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം പ്രവൃത്തികളെ ശിവസേനയും ആര്‍ എസ് എസും അംഗീകരിക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ പറയുന്നു.
രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആര്‍ എസ് എസ്) താലിബാനുമായി താരതമ്യപ്പെടുത്തിയ ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ നടപടി വിവാദമായിരുന്നു. ഇപ്പോഴിതാ വിവാദ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസിന് പിന്തുണയുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണ്. ജാവേദിന്റെ പരാമര്‍ശം പൂര്‍ണമായും തെറ്റാണ് എന്ന് ശിവസേന വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്‍ ആര്‍ എസ് എസ് ഒരിക്കലും സമൂഹത്തില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടില്ലെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം പ്രവൃത്തികളെ ശിവസേനയും ആര്‍ എസ് എസും അംഗീകരിക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ പറയുന്നു.
ആര്‍ എസ് എസ് പോലുളള ഹൈന്ദവ സംഘടനകളെ താലിബാനുമായി താരതമ്യം ചെയ്തത് ഹിന്ദു സംസ്‌കാരത്തോടുളള അനാദരവാണ്. ഇന്ത്യ സഹിഷ്ണുതയുളള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു തരത്തിലുളള ഇസ്ലാമിക മതമൗലികവാദിയുമായും താരതമ്യം ചെയ്യാനാവില്ലെന്നും ശിവസേന സാമ്നയില്‍ പറയുന്നു.
ആര്‍ എസ് എസ് 'രാഷ്ട്രനിര്‍മ്മാണ സംഘടന'യാണെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുതെന്ന് മാത്രം ആഗ്രഹിക്കുന്ന സംഘടന, താലിബാന്‍ ചെയ്തതുപോലെ, രാജ്യത്തെ പൗരന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണ്, എന്നാല്‍ ഇന്ത്യ അഭിമാനപൂര്‍വ്വം മതേതര രാജ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മതമൗലികവാദികളുടെ ഭീഷണികള്‍ വകവെക്കാതെ വന്ദേമാതരം പാടിയിട്ടുള്ള വ്യക്തിയാണ് ജാവേദ് അക്തര്‍. എന്നാല്‍ അദ്ദേഹം ആര്‍ എസ് എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ശിവസേന വ്യക്തമാക്കി.
ജാവേദ് അക്തര്‍ ആര്‍ എസ് എസിനെ താലിബാനോടുപമിച്ച നടപടിയില്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യത്തെ ശിവസേനയും പിന്തുണച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പിയും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. വിവാദ പരാമര്‍ശങ്ങളില്‍ ആര്‍ എസ് എസ് നേതൃത്വത്തോടും പ്രവര്‍ത്തകരോടും ക്ഷമ ചോദിച്ചില്ലെങ്കില്‍ അക്തറിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്? ഭീഷണിയുമായി മഹാരാഷ്ട്ര ബി.ജെ.പി എം എല്‍ എ രാം കദം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നേരത്തെ, എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് എസും താലിബാനും ഒരുപോലെയാണ് എന്ന് ജാവേദ് അക്തര്‍ പറഞ്ഞത്. മുസ്ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതുപോലെ പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നും ജാവേദ് അക്തര്‍ പറഞ്ഞു.