നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ വരൂ’, ഭീകരർ വെടിവെച്ചുകൊന്ന കശ്മീരി ബിസിനസുകാരന്റെ മകൾ

  ‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ വരൂ’, ഭീകരർ വെടിവെച്ചുകൊന്ന കശ്മീരി ബിസിനസുകാരന്റെ മകൾ

  ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് മഖന്‍ ലാല്‍ ബിന്ദ്രൂ.

  • Share this:
   കാശ്മീരിലെ പണ്ഡിറ്റ് മത വിഭാഗത്തില്‍പ്പെട്ട പ്രമുഖ ബിസിനസുകാരനായ മഖന്‍ ലാല്‍ ബിന്ദ്രൂവിനെ ശ്രീനഗറില്‍ തീവ്രവാദികള്‍ വെടിവച്ച് കൊന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. കുറ്റവാളികളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് മഖന്‍ ലാല്‍ ബിന്ദ്രൂവിന്റെ മകള്‍ ശ്രദ്ധ ബിന്ദ്രൂ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. ഭീകരരോട് ധൈര്യമുണ്ടെങ്കില്‍ തന്നെ നേരിട്ട് കാണാനും മുഖാമുഖം സംവാദം നടത്താമെന്നും ശ്രദ്ധ വെല്ലുവിളിച്ചു.

   താന്‍ 'കാശ്മീരി പണ്ഡിറ്റ് ഹിന്ദുവായ പിതാവിന്റെ മകള്‍' തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ശ്രദ്ധ ബിന്ദ്രൂ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെ ആത്മാവ് ഒരിയ്ക്കലും മരിയ്ക്കില്ലെന്നും അവര്‍ അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമാണ് കൊന്നതെന്നും ശ്രദ്ധ പറഞ്ഞു. ഒളിത്താവളത്തില്‍ നിന്ന് പുറത്തു വരാന്‍ ഭീകരവാദികളെ വെല്ലുവിളിക്കുന്ന ശ്രദ്ധ തന്നെ നേരിടാന്‍ ധൈര്യമുണ്ടോയെന്നും അവരോട് ചോദിക്കുന്നു. ഇത്തരം ആളുകള്‍ക്ക് 'കല്ലെറിയാനും പിന്നില്‍ നിന്ന് ആക്രമിക്കാനും മാത്രമേ കഴിയൂവെന്നും' ശ്രദ്ധ പറഞ്ഞു.

   ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് മഖന്‍ ലാല്‍ ബിന്ദ്രൂ.1947ല്‍ അദ്ദേഹത്തിന്റെ കുടുംബം ആരംഭിച്ച ഒരു ആശുപത്രി ഉള്‍പ്പെടെ രണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍ ഇദ്ദേഹമാണ് നടത്തിയിരുന്നത്. ആര്‍എസ്എസ് നേതാവ് രാം മാധവും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ശ്രദ്ധാ ബിന്ദ്രുവിന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തി.

   ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്കിനടുത്തുള്ള ബിന്ദ്രൂ ഹെല്‍ത്ത് സോണിന് പുറത്ത് വച്ചാണ് ബിന്ദ്രുവിന് വെടിയേറ്റത്. ഇദ്ദേഹം കൊല്ലപ്പെട്ട് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ വീരേന്ദ്ര പസ്വാന്‍ എന്ന റോഡരികില്‍ കച്ചവടം നടത്തുന്നയാളെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ഏതാണ്ട് അതേ സമയത്ത് തന്നെ, വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ നായിദ്ഖായില്‍ മുഹമ്മദ് ഷാഫി ലോണിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.

   1990 കളില്‍ തീവ്രവാദം വര്‍ദ്ധിച്ചിരുന്ന സമയത്ത് പോലും കാശ്മീരി പണ്ഡിറ്റ് സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും താഴ്വര വിട്ടുപോയപ്പോഴും ബിന്ദ്രൂ കുടുംബം ശ്രീനഗറില്‍ തന്നെ താമസിച്ചു.   ജെകെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആക്രമണത്തെ അപലപിക്കുകയും ബിന്ദ്രൂവിന്റെ കൊലപാതകത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. 'ഈ ഭീരുത്വ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ദുഖിതരായ കുടുംബത്തോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ''അദ്ദേഹം ട്വീറ്റ് ചെയ്തു.

   മിര്‍വൈസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹൂറിയത്ത് കോണ്‍ഫറന്‍സ്, കശ്മീരി പണ്ഡിറ്റ് ബിസിനസുകാരനെയും മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയതില്‍ ദു:ഖം രേഖപ്പെടുത്തി. കശ്മീരിലെ തുടര്‍ച്ചയായുള്ള ആക്രമങ്ങള്‍ക്കും ദാരുണമായ കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുന്നതില്‍ അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടണമെന്നും ഹൂറിയത്ത് കോണ്‍ഫറന്‍സ് അഭ്യര്‍ത്ഥിച്ചു.
   Published by:Jayashankar AV
   First published:
   )}