മുംബൈ: കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗൽവാഡി ചൗൽ നിവാസികളായ സൊഹൈൽ (5), അബ്ബാസ് (3) എന്നീ കുരുന്നുകളാണ് ശ്വാസം മുട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടികളുടെ പിതാവ് ആക്രി കച്ചവടക്കാരനാണ്. ഇയാൾ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് അടുക്കളയിലെ ജോലിത്തിരക്കിലും.
വൈകുന്നേരത്തോടെ കളിക്കാനിറങ്ങിയ കുഞ്ഞുങ്ങൾ സമീപത്തെ ഒരു വർക്ക് ഷോപ്പിലെത്തി അവിടെയുണ്ടായിരുന്നു ഹോണ്ടാ സിറ്റി കാറിനുള്ളില്‍ കയറുകയായിരുന്നു. ഉള്ളിൽ നിന്ന് ലോക്കായതോടെ കുടുങ്ങിയ കുട്ടികൾ വൈകാതെ മരിച്ചു. നേരം വൈകിയും കുഞ്ഞുങ്ങള്‍ മടങ്ങിവരാതെ ആയതോടെയാണ് മാതാപിതാക്കൾ തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ രാത്രി ഏഴരയോടെ സമീപത്തെ ചില യുവാക്കൾ കാറിനുള്ളിൽ കുട്ടികളെ കണ്ടു. കാറിന്റെ വിൻഡോ തകർത്ത് കുഞ്ഞുങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
'ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കുട്ടികൾ കളിക്കാനായി വീടിന് സമീപത്തെ ഗാരേജിലെത്തിയത്. അവിടെ ഉണ്ടായിരുന്ന കാറിനുള്ളിൽ കയറി കളിക്കുന്നതിനിടെ മാന്വൽ ലോക്കിംഗ് സിസ്റ്റം ഉള്ള വാഹനത്തിനുള്ളിൽ ലോക്കായി പോവുകയായിരുന്നു. ഡോറിൽ തട്ടി സഹായത്തിനായി നിലവിളിച്ചിട്ടുണ്ടാകാം എന്നാൽ സമീപത്ത് ആരും ഉണ്ടായിരുന്നില്ല. വാഹനത്തിനുള്ളിൽ അകപ്പെട്ടു പോയ കുട്ടികൾ ശ്വാസം മുട്ടി വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു'. പൊലീസ് വ്യക്തമാക്കി.
ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നും സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും അറിയിച്ച പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.