പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനം; സീതാറാം യെച്ചൂരി
പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനം; സീതാറാം യെച്ചൂരി
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പൂജ ചെയ്തത് മതപരമായ ചടങ്ങാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
Last Updated :
Share this:
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
സംഭവത്തെ അപലപിക്കുന്നതായും യെച്ചൂരി വ്യക്തമാക്കി. 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതും അശോകസ്തംഭം പൂർണ്ണമായും വെങ്കലത്തിലാണ് അശോകസ്തംഭം നിർമിച്ചത്. 9500 കിലോയാണ് ഭാരം. അനാച്ഛാദന ചടങ്ങിന് മുൻപായി പൂജയും നടന്നു. അനാച്ഛാദന ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രൂപരേഖ തയാറാക്കൽ പ്രക്രിയയും ക്ലേ മോഡലിംഗ്/കമ്പ്യൂട്ടർ ഗ്രാഫിക് മുതൽ വെങ്കല കാസ്റ്റിംഗും മിനുക്കുപണിയും വരെ എട്ട് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.
നിലവിലെ പാർലമെന്റ് കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ്. 2021 ജനുവരിയിൽ 971 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി പാർലമെന്റിന്റെ ഈ വർഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
പുതിയ പാർലമെന്റിൽ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കും സംയുക്ത സമ്മേളനത്തിനായി 1,272 സീറ്റുകളും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അതിന്റെ കരാറുകാരായ ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് മുഖേനെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.