മുംബൈ: ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിൽ ബുർഖ നിരോധിക്കണമെന്ന അവശ്യവുമായി എൻ.ഡി.എ ഘടകകക്ഷി ശിവസേന. രാജ്യതാല്പര്യം സംരക്ഷിക്കാൻ നിരോധനം ആവശ്യമാണെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ, ശിവസേനയുടെ ആവശ്യത്തെ എതിർത്ത് എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി.
രാവണന്‍റെ ലങ്കയിൽ ബുർഖ നിരോധിച്ചെങ്കിൽ രാമന്‍റെ അയോധ്യയിൽ എന്തുകൊണ്ട് ഇതേ നിരോധനം പാടില്ലായെന്ന് മുഖ പ്രസിദ്ധീകരണമായ സാമ്‌നയിലെ ലേഖനത്തിൽ ശിവസേന ചോദിക്കുന്നു. ഈസ്റ്റർ ദിനത്തിലെ സ്ഫോടനപരമ്പരയെ തുടർന്ന് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്കയിൽ ബുർഖ നിരോധിച്ചിരുന്നു.
പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് ഇതിന്‍റെ ചുവടുപിടിച്ചു ശിവസേന വാദിക്കുന്നത്. ന്യൂസിലാൻഡ്, ആസ്‌ത്രേലിയ, ഫ്രാൻസ്, തുടങ്ങിയ രാഷ്ട്രങ്ങളും സുരക്ഷാകാരണങ്ങളാൽ ബുർഖ നിരോധിച്ചെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഇത് സാധ്യമല്ലെന്നും ശിവസേന ചോദിക്കുന്നു. ആവശ്യത്തെ ബി.ജെ.പി ഭോപ്പാൽ സ്ഥാനാർഥി പ്രജ്ഞ സിങ് ഠാക്കൂർ പിന്തുണച്ചിട്ടുണ്ടെങ്കിലും ബിജെപി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ല.
എന്നാൽ, ബുർഖ ധരിക്കുന്നവരെല്ലാം ഭീകരർ അല്ലെന്നും ഭീകരർ ബുർഖ ധരിച്ചാൽ അത് പരിശോധിക്കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ പറഞ്ഞു. ബുർഖ നിരോധിച്ചാൽ ഭീകരവാദം തടയാൻ ആകില്ലെങ്കിലും സ്ത്രീകളെ മുഖമില്ലാത്ത ജീവച്ഛവങ്ങൾ ആക്കുന്നതിന് അറുത്തിയാകുമെന്നാണ് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിൻ ഇതിനോട് പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.