ഗുവാഹത്തി: മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിയുതിർത്തതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ട് കർഷകരുടെ കുടിലുകൾ അജ്ഞാത അക്രമികൾ കത്തിച്ചതിനെത്തുടർന്നാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാന അതിർത്തിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആദരാഞ്ജലി അർപ്പിച്ചു. 'അസം-മിസോറം അതിർത്തിയിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണഘടനാ അതിർത്തി സംരക്ഷിക്കുന്നതിനിടയിൽ അസം പൊലീസിലെ ആറ് ധീരൻമാർ ജീവൻ ബലിയർപ്പിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. ദു:ഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം'- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
നേരത്തെ വൈറംഗയിൽനിന്ന് പിൻമാറാൻ അസം പൊലീസിന് നിർദേശം നൽകണമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ ഹിമന്ത ബിശ്വ ശർമ്മയോട് ആവശ്യപ്പെട്ടിരുന്നു. “ബഹുമാനപ്പെട്ട ഹിമാന്ത ബിശ്വാ ജി, ചർച്ച ചെയ്തതുപോലെ, ജനങ്ങളുടെ സുരക്ഷയ്ക്കായി വൈറംഗെയിൽ നിന്ന് പിന്മാറാൻ അസം പോലീസിന് നിർദ്ദേശം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'- സോറംതംഗ ട്വീറ്റ് ചെയ്തു.
അതേസമയം, ശർമ്മ പറഞ്ഞു, “ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തികൾക്കിടയിൽ സമാധാനം അസം നിലനിർത്തുമെന്ന് ഞാൻ ആവർത്തിക്കുന്നു. ഐസ്വാൾ സന്ദർശിക്കാനും ആവശ്യമെങ്കിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും സന്നദ്ധനാണ്. "ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വെടിവയ്പ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
അസമിലെ കച്ചര്‍, മിസോറമിലെ കൊലസിബ് ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തി മേഖലയിലാണു സംഘര്‍ഷമുണ്ടായത്. അതിര്‍ത്തിയിലെ നദിക്കരയില്‍ മിസോറംകാരായ പ്രദേശവാസികള്‍ താമസിച്ചിരുന്ന എട്ടു കുടിലുകള്‍ ഞായറാഴ്ച രാത്രി തകര്‍ത്തതാണ് ഏറ്റുമുട്ടലിനു തുടക്കമിട്ടത്. കച്ചര്‍ ജില്ലാ പൊലീസ് മേധാവി നിംബല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത് അടക്കം അന്‍പതോളം പൊലീസുകാര്‍ക്കു വെടിയേറ്റു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മിസോറം മുഖ്യമന്ത്രി സോറം താങ്ഗയെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും ഫോണില്‍ വിളിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. അസമില്‍ ബിജെപിയും മിസോറമില്‍ ബിജെപി കൂടി ഉള്‍പ്പെട്ട സഖ്യത്തില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടുമാണു ഭരിക്കുന്നത്. അസമിലെ കച്ചര്‍, ഹയ്ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോള്‍, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റര്‍ അതിര്‍ത്തിയിലാണു തര്‍ക്കം നിലനില്‍ക്കുന്നത്. പല സ്ഥലങ്ങളിലും ഇരു സംസ്ഥാനക്കാരും അവകാശമുന്നയിക്കുന്നതാണു സംഘർഷം രൂക്ഷമാകാൻ കാരണമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.