ജയ്പൂര്‍: വ്യാഴാഴ്ച നടന്ന രാജസ്ഥാൻ (Rajasthan) ബോർഡ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് (Political Science) പരീക്ഷയിൽ സംസ്ഥാനത്തെ നിലവിലെ ഭരണകക്ഷിയായ കോൺഗ്രസുമായി ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങൾ. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു മിക്ക ചോദ്യങ്ങളും. പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ചായ്വുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അസാധാരണമാണ്. സംസ്ഥാന ബോർഡ് പരീക്ഷകളിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമാണ്.
'ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?', 'കോൺഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക', '1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റ് നേടി?', 'ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്തിയ രാഷ്ട്രീയ പാർട്ടി ഏതാണ്?', '1971ലേത് കോൺഗ്രസിനെ ഭരണത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക' എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നു.
12-ാം ക്ലാസ് രാജസ്ഥാൻ ബോർഡ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽ 'ഒരു രാഷ്ട്രീയ പാർട്ടിയുടെ ആധിപത്യവും കോൺഗ്രസ് സംവിധാനവും: വെല്ലുവിളികളും സ്ഥാപനവും' എന്ന അധ്യായം ഉള്ളതിനാൽ കോൺഗ്രസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് സാധാരണമാണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക പാർട്ടിയെ പ്രശംസിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെട്ടത് എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.
ഈ വർഷമാദ്യം, സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ, 2002 ലെ കലാപ സമയത്ത് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടി ഏതെന്ന ചോദ്യം വന്നിരുന്നു. ചോദ്യം പിന്നീട് റദ്ദാക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും അതിനുള്ള മാർക്ക് നൽകുകയും ചെയ്തു. പുതിയ ചോദ്യപേപ്പർ സംബന്ധിച്ച് ആർബിഎസ്ഇയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഈ ചോദ്യങ്ങൾ തെറ്റാണെന്ന് കണ്ടാൽ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകേണ്ടിവരും.
ഓരോ വർഷവും 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രാജസ്ഥാൻ ബോർഡ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. മാർച്ചിൽ ആരംഭിച്ച പരീക്ഷകൾ ഉടൻ അവസാനിക്കും. ബോർഡിന്റെ ഫലങ്ങൾ മെയ് മാസത്തിൽ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം, രാജസ്ഥാൻ ബോർഡ് 12-ാം പരീക്ഷയിൽ, 91.96 ശതമാനം വിദ്യാർത്ഥികൾ സയൻസിലും 94.49 ശതമാനം പേർ കൊമേഴ്സിലും 90.70 ശതമാനം പേർ ആർട്സ് സ്ട്രീമിലും വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.