ജൂൺ മുതൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ നാല് മാസ സീസണിലെ അവസാന മാസത്തിലേക്ക് കടക്കാനിരിക്കെ സ്വകാര്യ കാലാവസ്ഥാ പ്രവചന കമ്പനിയായ സ്കൈമെറ്റ്, തിങ്കളാഴ്ച 2021ലെ മൺസൂൺ പ്രവചനം 'സാധാരണ' മൺസൂൺ എന്നതിൽ നിന്ന് 'സാധാരണയിലും താഴെ' എന്നാക്കി മാറ്റി. ഏപ്രിലിൽ കണക്കാക്കിയത് അനുസരിച്ച് ദീർഘകാല ശരാശരിയുടെ (എൽപിഎ) 103 ശതമാനം മഴയാണ് പ്രതീക്ഷിച്ചിരുന്നത്.
ഗുജറാത്തിലും പടിഞ്ഞാറൻ രാജസ്ഥാനിലും വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചന റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഇത് നിലക്കടലയിലും പരുത്തിവിളകളിലും പ്രതികൂല സ്വാധീനം ചെലുത്തിയേക്കാം.
സ്കൈമെറ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ എൽപിഎയുടെ 94 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4 ശതമാനം കുറവോ കൂടുതലോ ഉണ്ടാകാനും സാധ്യതയുണ്ട്. ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ എൽപിഎ 880.6 മില്ലിമീറ്ററാണ്. 1951 നും 2001 നും ഇടയിൽ 50 വർഷത്തെ കാലയളവിൽ ലഭിക്കുന്ന ശരാശരി മഴയാണ് എൽപിഎ. ഈ ശരാശരി 89 സെന്റീമീറ്റർ മഴയാണ്.
മൺസൂൺ ദുർബലമായതിനാൽ, ആഗസ്റ്റ് പകുതി വരെ ഇന്ത്യയിലുടനീളമുള്ള കാലവർഷക്കമ്മി 9 ശതമാനമായി കുറഞ്ഞു. സാധാരണയിൽ താഴെയുള്ള മൺസൂൺ ഇതുവരെ മെച്ചപ്പെട്ടിട്ടില്ലെന്നും സ്കൈമെറ്റ് വ്യക്തമാക്കി.
2021ലെ മുഴുവൻ സീസണിലും ഗുജറാത്ത്, രാജസ്ഥാൻ, ഒഡീഷ, കേരളം, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്നും സ്കൈമെറ്റ് കൂട്ടിച്ചേർത്തു. എന്നാൽ, ചില വിദഗ്ദ്ധർ പറയുന്നത്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഖാരിഫ് വിളകളുടെ വിതയ്ക്കൽ ഏതാണ്ട് കഴിഞ്ഞെന്നും മിക്ക വിളകളും 2020ലെ നിലവാരത്തിനടുത്ത വിസ്തീർണ്ണത്തിൽ വിതച്ചിട്ടുണ്ടെന്നുമാണ്. മൺസൂണിന്റെ നേരിയ കുറവ് അന്തിമ വിളവിനെ കാര്യമായി ബാധിക്കില്ലെന്നും എന്നാൽ മൺസൂൺ കുറയുന്നത് എണ്ണക്കുരുക്കളെ ബാധിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.
ഏറ്റവും പുതിയ വിതയ്ക്കൽ വിവരങ്ങൾ അനുസരിച്ച് ഈ വർഷം മൺസൂൺ ക്രമരഹിതമായതിനാൽ പരുത്തിയുടെയും എണ്ണക്കുരുക്കളുടെയും വിതയ്ക്കലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവസാന നയ പ്രഖ്യാപനത്തിൽ, ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് മൺസൂണിന്റെ പുനരുജ്ജീവനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്നു.
"തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പുനരുജ്ജീവനവും ഖാരിഫ് വിതയ്ക്കലിലെ വർദ്ധനവും കാരണം മതിയായ ഭക്ഷ്യ സംഭരണത്താൽ, വരും മാസങ്ങളിൽ ധാന്യങ്ങളുടെ വില സമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷ്യവില സൂചകങ്ങൾ അനുസരിച്ച് ജൂലൈയിൽ ഭക്ഷ്യ എണ്ണകളുടെയും പയറുകളുടെയും വിലയിൽ കുറവുണ്ടാകുമെന്ന്" ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തേ ആരംഭിക്കുകയും ജൂൺ അവസാനം എൽപിഎയുടെ 110 ശതമാനത്തിൽ നല്ല മഴ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂലൈ 11 വരെ മഴയുടെ തുടക്കം ദുർബലമായിരുന്നു. എൽപിഎയുടെ 93 ശതമാനത്തിൽ സാധാരണയിലും താഴെ മഴ ലഭിച്ചതോടെ ജൂലൈ മാസം അവസാനിച്ചു. മഴക്കാലത്തെ ആദ്യ ഇടവേള ജൂലൈയിൽ പ്രത്യക്ഷപ്പെട്ടു. രണ്ടാമത്തെ ഇടവേള ഓഗസ്റ്റ് ആദ്യ രണ്ടാഴ്ചയിലാണ് അനുഭവപ്പെട്ടത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മഴക്കെടുതി പ്രദേശങ്ങളിൽ മഴ ഇത്തവണ കുറവായിരുന്നു എന്നതാണ് നല്ല വാർത്ത. ഇത് പയറുവർഗ്ഗങ്ങൾക്ക് ഉത്തമമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.