• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം'; അദാനി വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച ബ്രിട്ടീഷ് വ്യവസായിക്കെതിരെ സ്മൃതി ഇറാനി

'ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം'; അദാനി വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച ബ്രിട്ടീഷ് വ്യവസായിക്കെതിരെ സ്മൃതി ഇറാനി

ജോർജ് സോറോസിന്റെ പരാമർശങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണെന്ന് സ്മൃതി ഇറാനി വിമർശിച്ചു.

 • Share this:

  അദാനി വിവാദത്തിൽ ബ്രിട്ടീഷ് വ്യവസായി ജോർജ് സോറോസ് നടത്തിയ പ്രസ്താവനകൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ജോർജ് സോറോസിന്റെ പരാമർശങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണെന്ന് സ്മൃതി ഇറാനി വിമർശിച്ചു. പ്രധാനമന്ത്രി മോദി ഇത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

  “ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെ സാമ്പത്തിക യുദ്ധക്കുറ്റവാളിയായി സ്വന്തം രാജ്യം തന്നെ വിശേഷിപ്പിച്ചയാളാണ് സോറോസ്. ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള തന്റെ ആഗ്രഹമാണ് ഇയാൾ പ്രകടിപ്പിച്ചിരിക്കുന്നത്”, എന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടാനുള്ള ദുരുദ്ദേശമാണ് സോറോസിന്റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അവർ കൂട്ടിച്ചേർത്തു.

  ”പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെ ലക്ഷ്യമിട്ട് സോറോസ് ഒരു ബില്യൺ ഡോളറിന്റെ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ​ഗോള സമ്പദ്‍വ്യവസ്ഥയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന സമയത്താണ് ഇയാളുടെ ഇത്തരം ഉദ്ദേശ്യങ്ങൾ വെളിച്ചത്തുവന്നത്”, സ്മൃതി ഇറാനി പറഞ്ഞു.

  Also read-അന്ന് ജയലളിത, ഇന്ന് സ്മൃതി ഇറാനി; സ്ത്രീവിരുദ്ധ പരാമർശങ്ങൾ നേരിടേണ്ടി വന്ന വനിതാ രാഷ്ട്രീയക്കാര്‍

  അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാർ അവരുടെ രാജ്യത്തെ തൊഴിലസവരങ്ങൾ വർദ്ധിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി നന്ദി അറിയിച്ചിട്ടുണ്ടെന്നുള്ള കാര്യവും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ”ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണ് അയാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുളളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം”, എന്നും മന്ത്രി കൂട്ടിച്ചേർത്തു.

  അദാനി പ്രതിസന്ധി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് വ്യാഴാഴ്ച സോറോസ് പറഞ്ഞിരുന്നു. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. മോദിയും വ്യവസായ പ്രമുഖൻ അദാനിയും അടുത്ത സഖ്യകക്ഷികളാണ് എന്നും സോറോസ് വിമർശിച്ചിരുന്നു. മോദി ഈ വിഷയത്തിൽ നിശബ്ദനാണെന്നും എന്നാൽ വിദേശ നിക്ഷേപകരുടെ ചോദ്യങ്ങൾക്കും പാർലമെന്റിലും അദ്ദേഹം ഉത്തരം പറയേണ്ടിവരും എന്നും സോറോസ് പറഞ്ഞിരുന്നു.

  Also read-കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്

  അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന് ഏകദേശം 120 ബില്യൺ ഡോളറാണ് നഷ്ടമായത്. ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ​ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം വർധിപ്പിച്ച് കാണിക്കുകയാണെന്ന് റിപ്പോർട്ടിൽ ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിരസിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു. 413 പേജ് വരുന്ന വിശദീകരണമാണ് അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾക്ക് ബദലായി നൽകിയത്. ഹിൻഡൻബെർഗിന്രെ ആരോപണങ്ങളെത്തുടർന്ന് അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, സ്പെഷ്യൽ എക്കണോമിക് സോൺ (Special Economic Zone), അംബുജ സിമന്റ്സ് എന്നിവയെല്ലാം ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും നിരീക്ഷണത്തിലായിരുന്നു.

  Published by:Sarika KP
  First published: