• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഇസ്രായേലിനെതിരെ പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം'; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണം: മുസ്ലിംലീഗ്

'ഇസ്രായേലിനെതിരെ പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം'; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണം: മുസ്ലിംലീഗ്

'മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ'

Muslim League

Muslim League

 • Share this:
  ചെന്നൈ: പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന പലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ്. അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാമാണ് അക്രമങ്ങളെന്നും മുസ്ലിംലീഗ് വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യ ഉപദേശക സമിതി യോഗം അംഗീകരിച്ച പ്രമേയം അപ്പാര്‍ത്തീഡ് ഇസ്രായേലിനെതിരെ പലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതായി പത്രകുറിപ്പിൽ മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.

  മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന പലസ്തീൻ അനുകൂല നയങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകുന്നതായാണ് കാണുന്നത്. ഇത് വംശവെറിക്കെതിരായുള്ള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും മുസ്ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

  പലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്റ്റ് അതിക്രമത്തിനെതിരെ മെയ് പതിമൂന്നിന് (നാളെ) രാജ്യവ്യാപകമായി രാവിലെ പത്ത് മണിക്ക് സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. യോഗത്തില്‍ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, ഖുറം അനീസ് ഉമര്‍, ഡോ. എം കെ മുനീര്‍, സിറാജ് സേട്ട്, നവാസ് കനി, കെ പി എ മജീദ്, അബൂബക്കര്‍, ഡോ. മതീന്‍ ഖാന്‍, നയീം അഖ്തര്‍, അബ്ദുറഹിമാൻ Ex, MP, അഡ്വ. ഇഖ്ബാൽ അഹമ്മദ്‌, ആസിഫ് അൻസാരി, ടി പി അഷറഫലി എന്നിവര്‍ സംബന്ധിച്ചു.

  അതേസമയം പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ എം.പി ടി.എൻ പ്രതാപൻ രംഗത്തെത്തി. ഇസ്രയേലിന്റെ ഭീകരമായ മർദ്ദക മുറകളിൽ പലസ്തീനിലെ മുസ്ലിംകളും ക്രിസ്ത്യാനികളുമായ അറബികൾ വലിയ തോതിലുള്ള കഷ്ടതകൾ അനുഭവിച്ചു കഴിയുകയാണ്. ഈ റമദാനിലും ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ പോലീസ് നടത്തിയ നരനായാട്ട് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്ന സമാധാന ഉടമ്പടികളെയെല്ലാം ലംഘിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ടി.എൻ പ്രതാപൻ പറഞ്ഞു.

  ടി എൻ പ്രതാപൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്

  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബാക്കിവെച്ചതുപോലെയോ അതിനേക്കാൾ രൂക്ഷമായതോ ആയ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് ബ്രിട്ടീഷ് സാമ്രാജ്യം പലസ്തീൻ ഭൂമികയിലും സൃഷ്ടിച്ചത്. ഒന്നാം ലോക മഹായുദ്ധാനന്തരം ബ്രിട്ടണും ഫ്രാൻസും പങ്കിട്ടെടുത്ത പലസ്തീൻ അതുവരെ അറബികൾ എന്നുതന്നെ അറിയപ്പെട്ടിരുന്ന മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരും സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ഒരിടമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമായിരിക്കാം അവിടെയും ബ്രിട്ടീഷുകാർ പ്രയോഗിച്ചത്. സയണിസ്റ്റ് പ്രസ്ഥാനം പിന്നീട് പലസ്തീൻ മണ്ണിൽ ചിദ്രതയുടെ അധ്യായങ്ങൾ കുറിച്ചു.

  രണ്ടാം ലോക മഹായുദ്ധത്തിനിടെ നാസികളും ഫാഷിസ്റ്റുകളും ജൂതവേട്ട നടത്തി. ഇന്ത്യയിലെ അന്നത്തെ സംഘപരിവാർ താത്വികർ നാസികളെ പ്രശംസിച്ചു. അന്ന് പലസ്തീനിലെ അറബികൾ ജൂത മതക്കാരെ സ്വീകരിച്ചു. അവർക്ക് വീടും തോട്ടവും തൊഴിലും നൽകി. പക്ഷെ, 1948 ബ്രിട്ടൺ പലസ്തീൻ വിട്ടുപോകുമ്പോൾ ആ ഭൂമി വിഭജിച്ചുകൊണ്ടാണ് അവർ പോയത്. ഇന്ത്യയും പാകിസ്ഥാനും പോലെ ഇസ്രയേലും പലസ്തീനുമുണ്ടായി.

  പിന്നീടങ്ങോട്ട് യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ കാലം. അറബ് രാജ്യങ്ങളും ഇസ്രയേലും നിരന്തരം സംഘർഷത്തിലായി. ക്യാമ്പ് ഡേവിഡ്, ഓസ്ലോ കരാറുകൾ ഉണ്ടായി. യാസർ അറഫാത്തിനെ പോലെ ഒരു നേതാവ് സമാധാന ശ്രമങ്ങളുമായി ഓടിനടന്നു. നമ്മുടെ സ്വാതന്ത്ര്യ ലബ്ദി മുതലേ പലസ്തീൻ വിഷയത്തിൽ നമ്മുടെ രാഷ്ട്രം പലസ്തീൻ ജനതക്കൊപ്പമാണ് നിലകൊണ്ടത്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ആ വഴി തുടർന്നു. ഫലസ്തീൻ ഒരു സ്വതന്ത്ര രാജ്യമാണെന്ന് മൻമോഹൻ സിങ് വരെയുള്ള നേതാക്കളെല്ലാം പ്രഖ്യാപിച്ചു പോന്നു. പലസ്തീനെ അംഗീകരിക്കുമ്പോഴും ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുമ്പോഴും ഇസ്രയേലുമായി ഒരു തുറന്ന സംഘര്ഷത്തിലേർപ്പെടാനും നമ്മൾ മുതിർന്നിട്ടില്ല. നമ്മുടെ വിദേശ നയത്തിന്റെ സവിശേഷതയായിരുന്നു അത്. മോദി ഭരണകൂടമാണ് നമ്മുടെ പാരമ്പര്യത്തിന് വിഘാതമായി ഇസ്രയേലുമായി അവിശുദ്ധ സഖ്യങ്ങൾ ആരംഭിക്കുന്നത്.

  Also Read- ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

  യാസർ അറഫാത്ത് അടക്കമുള്ള നേതാക്കളുടെ കാലശേഷം ഇസ്രായേൽ കൂടുതൽ മർദ്ദന മുറകൾ പലസ്തീനികളോട് കാണിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പിഞ്ചുകുഞ്ഞുങ്ങൾ വരെ അവരുടെ അധിനിവേശത്തിൽ നീറിക്കഴിയുന്നു. പലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിച്ച് ഒരു നിർബന്ധിത കുടിയേറ്റ രാജ്യമായി ഇസ്രായേൽ പരിണമിക്കുന്നു.
  Published by:Anuraj GR
  First published: