ന്യൂഡൽഹി: സർക്കാർ രൂപീകരണ ചർച്ചകൾക്കായി തെരഞ്ഞെടുപ്പ് ഫലം വരുന്ന 23ആം തിയതി പ്രതിപക്ഷയോഗം വിളിച്ച് സോണിയ ഗാന്ധി. ടി.ആർ.എസ്, ബി.ജെ.പി, വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചു. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന വിട്ടുവീഴ്ചയിലേക്ക് തൃണമൂൽ കോൺഗ്രസും എത്തി.
തെരഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാർ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കിൽ കാലതാമസം ഇല്ലാതെ അവസരം മുതലെടുക്കുക. ഇതാണ് കോൺഗ്രസ് മെനയുന്ന തന്ത്രം. അടിയന്തരനടപടികൾ സ്വീകരിക്കാനാണ് ഫലം വരുന്ന 23ആം തീയതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ബിജെപി ഇതരനേതാക്കളുടെ യോഗം വിളിച്ചത്.
യുപിഎ നേതാക്കൾക്ക് പുറമേ കയ്യാലപ്പുറത്തു നിൽക്കുന്ന ബി.ജെ.ഡി, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചതായാണ് സൂചന. ബി.ജെ.പിയെ പിന്തുണയ്ക്കാൻ സാധ്യതയുള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ അനുനയിപ്പിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥാണ് ചർച്ചകൾ നടത്തുന്നത്.
മൂന്നാം മുന്നണിക്കായി ചർച്ചകൾ നടത്തുന്ന ടി.ആർ.എസ് നേതാവ് ചന്ദ്രശേഖർ റാവുവിനെ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകാൻ ഡി.എം.കെ ക്ഷണിച്ചിട്ടുണ്ട്. ബംഗാളിൽ ബി.ജെ.പിയുമായുള്ള ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് വിട്ടു വീഴ്ചയ്‌ക്ക് തയ്യാറായേക്കും.
മോദിയെ പുറത്താക്കാൻ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനും തയ്യാറെന്നാണ് ഇപ്പോൾ തൃണമൂൽ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഫലം വരുന്നതിന് മുമ്പ് പ്രതിപക്ഷ യോഗം നടത്താനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നീക്കത്തോടുള്ള തണുപ്പൻ പ്രതികരണത്തിന് പിന്നാലെയാണ് സോണിയാഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, Congress chief Rahul Gandhi, Kerala loksabha election, Sonia gandhi