Maharashtra: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സോണിയ ഗാന്ധി; ഭൂരിപക്ഷം തെളിയിക്കുമെന്ന് NCP
Maharashtra: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സോണിയ ഗാന്ധി; ഭൂരിപക്ഷം തെളിയിക്കുമെന്ന് NCP
നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് മണിക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരിക്കണം
ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സോണിയ ഗാന്ധി പ്രതികരിച്ചു. ത്രികക്ഷി സഖ്യം വിശ്വാസവോട്ടെടുപ്പ് നേടുമെന്നും അവർ പറഞ്ഞു.
അതേസമയം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നായിരുന്നു എൻസിപിയുടെ പ്രതികരണം. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു നാഴികക്കല്ല് ആയിരിക്കും സുപ്രീം കോടതി വിധിയെന്ന് എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എല്ലാ കാര്യങ്ങളിലും വ്യക്തത ഉണ്ടാകും. ബിജെപിയുടെ കളി അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ വിലക്കണമെന്ന് സുപ്രീം കോടതിയിൽ ശിവസേനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ സുപ്രീം കോടതി ബെഞ്ച് തയ്യാറായില്ല.
നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് മണിക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരിക്കണം. വിശ്വാസവോട്ടെടുപ്പിന് 15 ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇത്തരത്തിൽ വിധി പുറപ്പെടുവിച്ചത്. വിശ്വാസവോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.