ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Srinagar Airport) ചൊവ്വാഴ്ച 92 വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളം സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് ഇത്രയും സര്‍വീസുകൾ ഒറ്റ ദിവസം നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിമാനത്താവളത്തിൽ വിനോദ സഞ്ചാരികളുടെ തിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.
തിങ്കളാഴ്ച ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 90 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. 15,014 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇതില്‍ വിമാനത്താവളത്തില്‍ എത്തിച്ചേർന്നവരും യാത്ര പുറപ്പെട്ടവരും ഉള്‍പ്പെടുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ചൊവ്വാഴ്ച വിമാനത്താവളത്തില്‍ എത്തിച്ചേരുകയും യാത്ര പുറപ്പെടുകയും ചെയ്ത ആകെ യാത്രക്കാരുടെ എണ്ണം 13,538 ആയിരുന്നു.
എന്നാല്‍, വിമാനത്താവളത്തിന്റെ രൂപകല്‍പ്പന പ്രകാരം പ്രതിദിനം 7,000ല്‍ താഴെ യാത്രക്കാരെ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. അതുകൊണ്ടുതന്നെ, യാത്രക്കാരുടെ ഈ കുത്തൊഴുക്ക് ശ്രദ്ധേയമാണ്. കൂടാതെ കാശ്മീര്‍ താഴ്വരയില് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിയതും മാര്‍ച്ച് മാസത്തിലാണ്. 10 വര്‍ഷം നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഈ നേട്ടം. മാത്രമല്ല, ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് രാജ്യത്തുടനീളം കശ്മീര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയും നിരവധി സ്പ്രിംഗ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Also Read-
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നു; എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം'മാര്‍ച്ച് 28ന് 7,824 യാത്രക്കാരുമായി 45 വിമാനങ്ങള്‍ എത്തിച്ചേരുകയും 7,190 യാത്രക്കാരുമായി 45 വിമാനങ്ങള്‍ യാത്ര പുറപ്പെടുകയും ചെയ്തിട്ടുണ്ട്. 15,014 യാത്രക്കാരുമായി മൊത്തം 90 വിമാനങ്ങളാണ് അന്നേ ദിവസം സര്‍വീസ് നടത്തിയത്. നമ്മുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു അത്. ഇത് വേനല്‍ക്കാല യാത്രാ സീസണിന്റെ തുടക്കം മാത്രമാണ്,'' ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍ കുല്‍ദീപ് സിംഗ് പറഞ്ഞു.
നിലവില്‍, ശ്രീനഗര്‍ വിമാനത്താവള അതോറിറ്റിക്ക് ഒമ്പത് പാര്‍ക്കിംഗ് സ്ലോട്ടുകളാണ് ഉള്ളത്. ആറ് എണ്ണം കൂടി ഇപ്പോള്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതോടെ വിമാനങ്ങള്‍ക്ക് മൊത്തം 15 പാര്‍ക്കിംഗ് സ്ലോട്ടുകളും ലഭ്യമാകും.
അതേസമയം, ജെറ്റ് ഇന്ധനത്തിന്റെ വില കഴിഞ്ഞ ദിവസം രണ്ട് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ വിമാന ഇന്ധനത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ധനവാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോ ലിറ്ററിന് 1,12,924.83 രൂപയായി വില.
അന്താരാഷ്ട്ര വിപണിയിലെ രണ്ടാഴ്ചത്തെ വില നിലവാരം കണക്കാക്കി എല്ലാ മാസവും ഒന്നാം തീയതിയും 16-ാം തീയതിയുമാണ് വിമാന ഇന്ധന വില പരിഷ്കരിക്കുന്നത്. മാര്‍ച്ച് 16ന് 18.3 ശതമാനമാണ് (ഒരു കിലോ ലിറ്ററിന് 17,135.63 രൂപ) വില വര്‍ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന വില വര്‍ധനവായിരുന്നു അത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.