ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ( Hemant Soren) പ്രതിസന്ധിയിലാക്കി സഹോദരൻ ബസന്ത് സോറന്റെ ( Basant Soren) പ്രസ്ഥാവന. ജാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ അടുത്തിടെ ഉണ്ടായ ഡൽഹി (Delhi ) സന്ദർശനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ മറുപടി. അടിവസ്ത്രങ്ങൾ വാങ്ങാനാണ് താൻ അവിടെ പോയത് എന്നാണ് ബസന്ത് സോറൻ പറഞ്ഞത്. ജാർഖണ്ഡിന്റെ രാഷ്ട്രീയ അനിശ്ചിതത്വം അദ്ദേഹം അംഗീകരിച്ചെങ്കിലും കാര്യങ്ങൾ ഇപ്പോൾ ശാന്തമാണെന്നും ബസന്ത് സോറൻ വ്യക്തമാക്കി. ഖിജൂറിയയിലെ ജെഎംഎം മേധാവി ഷിബു സോറന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബസന്ത് സോറൻ.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഡൽഹിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ഞാന്‍ അടിവസ്‌ത്രങ്ങള്‍ വാങ്ങാറുള്ളത് ഡല്‍ഹിയില്‍ നിന്നാണ്, ഇപ്പോള്‍ എന്‍റെ അടിവസ്ത്രങ്ങൾ തീർന്നു, അതിനാൽ കുറച്ച് വാങ്ങാൻ വേണ്ടിയാണ് ദില്ലിയിലേക്ക് പോയത്''.
കൂറുമാറ്റ ഭീതിയിൽ കഴിഞ്ഞ മാസം ജാർഖണ്ഡിലെ ഭരണകക്ഷികളായ യുപിഎ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്‌ഗഡില്‍ പ്രത്യേക പൊലീസ് സുരക്ഷയോടെയായിരുന്നു ഇവർ താമസിച്ചിരുന്നത്. യുപിഎ സർക്കാരിനെ വീഴ്ത്താൻ നിയമസഭാംഗങ്ങളെ കുടുക്കാൻ ശ്രമിക്കുമെന്നായിരുന്നു ജെഎംഎം ന്റെ ആശങ്ക. അങ്ങനെ ആറ് ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം വിശ്വാസവോട്ട് നേടുന്നതിനായി സോറൻ വിളിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർ റാഞ്ചിയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ജാര്‍ഖണ്ഡിലെ ഒരു ഭരണസഖ്യം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്.
എന്നാൽ ഭരണകക്ഷിയായ യു.പി.എ. സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെ ജാര്‍ഖണ്ഡില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒരു പരിധി വരെ അറുതി വന്നിരിക്കുകയാണ്. അതേസമയം, അഴിമതി ആരോപണത്തെ തുടർന്ന് സോറനെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർ രമേഷ് ബെയ്സിനോട് ശുപാർശ ചെയ്തതിരുന്നു. ഖനിയുടെ ചുമതലയുള്ള മന്ത്രി ആയിരിക്കെ സ്വന്തം പേരില്‍ സ്റ്റോണ്‍ ചിപ്‌സ് ഖനിക്ക് അനുമതി നൽകിയെന്നാണ് ആരോപണം. ഇതോടെ കഴിഞ്ഞ മാസം അവസാനത്തോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുകയായിരുന്നു.
വിഷയത്തില്‍ സോറന്റെ വിശദീകരണവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തേടിയിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഒരു നിലപാട് ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രിയെ എംഎൽഎയായി പ്രവർത്തിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന് പോൾ പാനൽ ശുപാർശ ചെയ്തതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയതിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബിജെപി ആഭ്യന്തരയുദ്ധവും കലാപവും സൃഷ്ടിക്കുകയാണെന്ന് വിശ്വാസവോട്ടെടുപ്പിനിടെ ഹേമന്ത് സോറൻ പറഞ്ഞു. കൂടാതെ ബംഗാളിൽ എംഎൽഎമാരെ വിലക്കുവാങ്ങുന്നതിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Summary: Statement made by Basant Soren, brother of Hemant Soren, about his Delhi journey kicks up controversy
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.