• HOME
 • »
 • NEWS
 • »
 • india
 • »
 • Alvida namaz | അൽവിദ നമസ്‌കാരത്തിനൊരുങ്ങി പള്ളികൾ; ലഖ്നൗവിൽ കനത്ത സുരക്ഷ; ശ്രീന​ഗറിൽ വിലക്ക്

Alvida namaz | അൽവിദ നമസ്‌കാരത്തിനൊരുങ്ങി പള്ളികൾ; ലഖ്നൗവിൽ കനത്ത സുരക്ഷ; ശ്രീന​ഗറിൽ വിലക്ക്

ചെറുതും വലുതുമായ മസ്ജിദുകളെല്ലാം അൽവിദ നമസ്‌കാരത്തിനായി തയ്യാറായിക്കഴിഞ്ഞു. പള്ളികൾ അലങ്കരിക്കുകയും പരിസര പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

Image: Reuters

Image: Reuters

 • Last Updated :
 • Share this:
  റമദാൻ (Ramzan) മാസത്തിലെ അവസാന വെള്ളിയാഴ്ച നടക്കുന്ന അൽവിദ നമസ്‌കാരത്തോട് (Alvida namaz) അനുബന്ധിച്ച് ലഖ്നൗവിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തു നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനു പിന്നാലെയാണ് റമദാനോട് അനുബന്ധിച്ചുള്ള വൻ സുരക്ഷാ ക്രമീകരണങ്ങൾ. കോവിഡിനെത്തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പള്ളികളിൽ അൽവിദ നമസ്കാരം നടക്കുന്നത്. 'ആസാൻ', 'ഹനുമാൻ ചാലിസ' പാരായണം സംബന്ധിച്ച വിവാദങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്ന പശ്ചാത്തലത്താണ് കർശന സുരക്ഷയൊരുക്കിയിരിക്കുന്നത്.

  കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഒരു സമയം അഞ്ച് പേർക്ക് മാത്രമേ നമസ്‌കരിക്കാൻ അനുവാദമുള്ളൂ. ചെറുതും വലുതുമായ മസ്ജിദുകളെല്ലാം അൽവിദ നമസ്‌കാരത്തിനായി തയ്യാറായിക്കഴിഞ്ഞു. പള്ളികൾ അലങ്കരിക്കുകയും പരിസര പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വേനലിൽ നിന്ന് ആശ്വാസമേകാൻ ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഹൈന്ദവ സംഘടനകൾ വ്രതമെടുക്കാത്ത വ്യക്തികൾക്ക് സർബത്തും വെള്ളവും ലഭിക്കുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

  അൽവിദ നമസ്കാരത്തിന് മുന്നോടിയായി സംസ്ഥാനത്തെ 29,808 മത നേതാക്കൻമാരുമായി താൻ കൂടിക്കാഴ്ച നടത്തിയതായി ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പോലീസ് തലവൻ പ്രശാന്ത് കുമാർ അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ ജില്ലാ പോലീസ് യൂണിറ്റുകൾക്കൊപ്പം കേന്ദ്ര അർദ്ധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 2,846 പ്രദേശങ്ങൾ കണ്ടെത്തിയതായും പ്രശാന്ത് കുമാർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 7,436 ഈദ്ഗാഹുകളിലും 19,949 മസ്ജിദുകളിലും എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പാലിച്ച് നമസ്‌കാരം നടക്കുമെന്നും അദ്ദേ​ഹം അറിയിച്ചു.

  അതേസമയം, ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദിൽ ഷാബ്-ഇ-ഖദ്ർ, ജുമാത്ത്-ഉൽ-വിദ പ്രാർത്ഥനകൾ ഇത്തവണ നടത്താൻ കശ്മീർ സർക്കാർ അനുമതി നിഷേധിച്ചു. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉദ്യോ​ഗസ്ഥരും പോലീസും ജാമിയ മസ്ജിദ് പരിസരം സന്ദർശിക്കുകയും റമദാനിലെ അവസാന വെള്ളിയാഴ്ച ഇവിടെ ജുമാഅത്ത്-ഉൽ-വിദ ജമാഅത്ത് നമസ്‌കാരം നടത്തേണ്ടതില്ലെന്ന് പള്ളി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാർ നീക്കം അപലപനീയമാണെന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) പറഞ്ഞു. ഇവിടെ പ്രാർഥനക്കെത്തുന്നതിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളെ തടയുന്നതാണ് പുതിയ നിയമം എന്നും സംഘടനാ വക്താവ് എം വൈ തരിഗാമി പറഞ്ഞു. വിലക്ക് ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും പറഞ്ഞു.

  ശാന്തതയ്ക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളണമെന്ന് വിശ്വാസികളോട് വിവിധ മുസ്ലീം സംഘടനകൾ അഭ്യർത്ഥിച്ചു. ഈയിടെ നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് അഭ്യർത്ഥന. "എല്ലാ മുസ്ലീങ്ങളും ഈദ്ഗാഹിലേക്കുള്ള യാത്രയിലും വീട്ടിലേക്ക് മടങ്ങുമ്പോഴും ശാന്തതയും സംയമനവും പാലിക്കണം. പ്രകോപിപ്പിക്കാനും പ്രേരിപ്പിക്കാനും ശ്രമിക്കുന്ന ആരുടെയും ഇരകളാകരുത്. ഈദ് പ്രഭാഷണത്തിലെ ഭാഷ ശ്രദ്ധയോടെയും വ്യക്തതയോടെയും ഉപയോഗിക്കുക. അങ്ങനെയാണെങ്കിൽ, നിങ്ങൾ പറയുന്നതൊന്നും വളച്ചൊടിക്കാൻ കഴിയില്ല'', അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് വിവിധ സംഘടനകളോടുള്ള തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
  Published by:Naveen
  First published: