ഹൈദരാബാദ്: തെലങ്കാനയിൽ വന്ദേഭാരത് ട്രെയിനിനുനേരെ വീണ്ടും കല്ലേറുണ്ടായി. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിനുനേരെയാണ് മഹബൂബാബാദ് ജില്ലയിൽവെച്ച് അജ്ഞാതർ കല്ലെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കല്ലേറിൽ ഒരു ജനൽ ചില്ലുകൾ തകർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ച റെയിൽവേ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
“ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ എല്ലാ രീതിയിലുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി,” സൗത്ത് സെൻട്രൽ റെയിൽവേയുടെ സിപിആർഒ രാകേഷിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചില കുട്ടികൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പറയുന്നത്.
സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടാകുന്നത് ഇത് ആദ്യ സംഭവമല്ല. ട്രെയിൻ ഓടിത്തുടങ്ങുന്നതിന് മുമ്പ് വിശാഖപട്ടണത്തെ റെയിൽവേ യാർഡിൽ ട്രെയിനിന്റെ കോച്ചിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞ് രണ്ട് ജനൽ പാളികൾ തകർത്തിരുന്നു.
തെലങ്കാനയിലെ സെക്കന്തരാബാദിനും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും ഇടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ മകരസംക്രാന്തി ദിനമായ ജനുവരി 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.