ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളെ സഹായിക്കുന്നത് നിര്‍ത്തി പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നാണ് രാഹുലിന്റെ വിമര്‍ശനം.
‘കേന്ദ്രസര്‍ക്കാര്‍ ആയിരത്തിലധികം രൂപ ഈടാക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറിന് രാജസ്ഥാനില്‍ വില വെറും 500 ആണ്. രാജസ്ഥാന് സര്‍ക്കാരിന്റെ ഇടപെടലാണ് ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായത്. പ്രിയപ്പെട്ട പ്രധാനമന്ത്രി.. അങ്ങ് സുഹൃത്തുക്കളെ ‘ഡ്രൈ ഫ്രൂട്ട്സ്’ കൊടുത്ത് സന്തോഷിപ്പിക്കുന്നത് നിര്‍ത്തി രാജ്യത്തെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരൂ’, എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. ബുധനാഴ്ചയോടെ യാത്ര ഹരിയാനയിലേക്ക് കടക്കും.
Also read-യോഗ പ്രചരിപ്പിച്ചതു പോലെ പോഷകധാന്യങ്ങൾക്കും പ്രചാരം നൽകണം; ബിജെപി എംപിമാരോട് നരേന്ദ്രമോദി
പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് തുടക്കം കുറിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഈ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് വര്‍ഷം തോറും 12 സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
അതേസമയം പാവപ്പെട്ടവര്‍ക്ക് അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്ന ഒരു പദ്ധതിയെപ്പറ്റിയും സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Also read-റാഗി ദോശ മുതൽ മില്ലറ്റ് ചോക്ലേറ്റ് പുഡ്ഡിംഗ് വരെ; പാർലമെന്റിൽ ഇന്ന് ‘മില്ലറ്റ് ഒണ്‍ലി’ ഉച്ചഭക്ഷണം
കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണിയെ ഇന്ത്യ അവഗണിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് തെളിയിക്കാന്‍ 1963 മുതലുള്ള പാര്‍ലമെന്റ് ഡാറ്റയും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.
”രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ 1963 മുതലുള്ള തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് 38,0000 ചതുരശ്രകിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈയടക്കിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്” എന്നും ഭാട്ടിയ പറഞ്ഞു. ചൈനയുമായി കോണ്‍ഗ്രസിന് ചില ബന്ധങ്ങളുണ്ടെന്നും ഭാട്ടിയ ആരോപിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെയും വീര്യത്തെയും കുറിച്ച് രാഹുല്‍ ഗാന്ധി എന്തിനാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുല്‍ തന്റെ വീട്ടിലെ എസി മുറിയില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ പ്രധാനമന്ത്രി നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ഭാട്ടിയ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഭാട്ടിയയെ കൂടാതെ മറ്റു ബിജെപി നേതാക്കളും രംഗത്തു വന്നു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ധീരതയുടെയും വീര്യത്തിന്റെയും പ്രതീകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി ഞങ്ങള്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.