ന്യൂഡൽഹി : സൈനികരുടെയോ അല്ലെങ്കിൽ സേനാവിഭാഗങ്ങളുടെ ഏതെങ്കിലും ചടങ്ങുകളുടെയോ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുപോലുള്ള പ്രചരണങ്ങൾക്കെതിരെ 2013 ൽ പുറത്തിറക്കിയ നിർദേശങ്ങൾ ആവർത്തിച്ച് കൊണ്ടാണ് പുതിയ ഉത്തരവ്.
'രാഷ്ട്രീയപാർട്ടികളും നേതാക്കളും ചില സ്ഥാനാർഥികളും അവരുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി സൈനികരുടെ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന കാര്യം പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.'ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയോ അല്ലെങ്കിൽ ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥന്റെയോ ചിത്രമോ, സേനാവിഭാഗങ്ങളുടെ ഏതെങ്കിലും ചടങ്ങുകളുടെ ചിത്രമോ വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങൾക്കോ, പ്രചരണങ്ങൾക്കോ ഉപയോഗിക്കാന്‍ പാടില്ല' എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സൈനികരുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച് 2013 ഡിസംബറിൽ പുറത്തിറക്കിയ നിർദേശങ്ങൾ ആവർത്തിച്ച് കൊണ്ടായിരുന്നു കമ്മീഷന്റെ പ്രസ്താവന.
ജനാധിപത്യത്തിൽ അരാഷ്ട്രീയവും നിഷ്പക്ഷവുമായ പങ്ക് വഹിക്കുന്നവരാണ് സായുധ സേനകൾ അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി അവരെ ഉപയോഗപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും അതീവ ജാഗ്രത പാലിക്കണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പും കമ്മീഷൻ നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.