• HOME
  • »
  • NEWS
  • »
  • india
  • »
  • Terror Link | ജമ്മുകാശ്മീരിൽ തീവ്രവാദ ബന്ധമുള്ള സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത നടപടി; അഞ്ച് പേരെ പിരിച്ചുവിട്ടു

Terror Link | ജമ്മുകാശ്മീരിൽ തീവ്രവാദ ബന്ധമുള്ള സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത നടപടി; അഞ്ച് പേരെ പിരിച്ചുവിട്ടു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരമാണ് നിയുക്ത കമ്മിറ്റി, തീവ്രവാദ ബന്ധമുള്ള 5 ജീവനക്കാരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്തത്

Kashmir_Indian Army

Kashmir_Indian Army

  • Last Updated :
  • Share this:
    തീവ്രവാദ ബന്ധമുള്ള (Terror Links) സർക്കാർ ജീവനക്കാർക്കെതിരെ (Government Employees) കടുത്ത നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(C)പ്രകാരം അഞ്ച് പേരെ പിരിച്ചുവിട്ടു. തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനിൽ സജീവമായി പ്രവർത്തിക്കുകയും തന്റെ രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ജമ്മു കശ്മീർ പോലീസ് കോൺസ്റ്റബിൾ തൗസീഫ് അഹമ്മദിനെ മാർച്ച് 30ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഇയാൾ ഉൾപ്പെടെ സമാന കുറ്റത്തിന് അഞ്ച് പേർക്കെതിരെ ജമ്മുകാശ്മീർ ഭരണകൂടം നടപടികൾ സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരമാണ് നിയുക്ത കമ്മിറ്റി, തീവ്രവാദ ബന്ധമുള്ള 5 ജീവനക്കാരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

    തൗസീഫ് അഹമ്മദ് ദാർ (പോലീസ് കോൺസ്റ്റബിൾ, പുൽവാമ)
    തൗസീഫിന്റെ പിതാവ് അൽ-ജിഹാദ് സംഘടനയിലെ ഭീകരനായിരുന്നുവെന്നും 1997ലെ ഏറ്റുമുട്ടലിനിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. തുടർന്ന് ഇയാൾ പോലീസ് സേനയിൽ ചേർന്നെങ്കിലും രഹസ്യമായി തീവ്രവാദ സംഘടനയ്ക്കുവേണ്ടി തൗസീഫ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഹിസ്ബുൽ മുജാഹിദീന് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ക്രമേണ, തീവ്രവാദ സംഘടനയുടെ നിരവധി ഭീകര കമാൻഡർമാരുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഷോപ്പിയാൻ ജില്ലയിലെ 5 ഭീകരർക്ക് ഇയാൾ അവശ്യവസ്തുക്കൾ എത്തിച്ച് നൽകിയിരുന്നു. 2017 ജൂണിൽ തൗസീഫ് തീവ്രവാദികളുമായി ചേർന്ന് എസ്പിഒയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ അന്ന് എസ്പിഒ രക്ഷപ്പെട്ടു. പിന്നീട് തൗസീദ് ഷോപ്പിയാനിലെ ഒരു പോലീസ് കോൺസ്റ്റബിളിനെയും കൊല്ലാൻ ശ്രമിച്ചു. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ തൗസീഫ് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങി. ഇയാളുടെ പ്രവർത്തനം അറിഞ്ഞതോടെ തൗസീഫിനെതിരെ ഷോപ്പിയാൻ പോലീസ് സ്റ്റേഷനിൽ പൊതു സുരക്ഷാ നിയമപ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. 2017 ജൂലൈയിൽ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും പിരിച്ചുവിട്ടിരുന്നില്ല. തൗസീഫിനെ രാജ്യസുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണിയായി കണക്കാക്കിയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചത്.

    ഗുലാം ഹസ്സൻ പരേ (കമ്പ്യൂട്ടർ ഓപ്പറേറ്റർ, ശ്രീനഗർ)
    സയ്യിദ് അലി ഷാ ഗിലാനിയുടെ പിന്തുണയോടെയാണ് ഗുലാം ഹസ്സൻ സർക്കാർ ജോലിയിൽ നിയമിതനായതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. ജമാഅത്തെ-ഇസ്‌ലാമിയുടെ (ജെഐ) സജീവ അംഗമായ ഗുലാം ഹസനെ 2009ൽ പരിമ്പോറയിൽ അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിനെതിരെയാണ് പോലീസ് കേസെടുത്തത്. യുവാക്കളെ ഭീകര സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കാൻ വിഘടനവാദി സംഘടനകൾ ഗുലാം ഹസനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ജമ്മു കശ്മീരിൽ ഒരു യൂണിറ്റ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ, ഗുലാം ഹസ്സൻ ഇതിനായി രഹസ്യമായി പ്രചരണം നടത്താൻ തുടങ്ങി. മുഗീസ് അഹമ്മദ് എന്ന യുവാവിനെ ഭീകരസംഘടനയിൽ ചേരാൻ ഗുലാം പ്രേരിപ്പിച്ചതായും വിവരമുണ്ട്. ഇതിൽ അദ്ദേഹം വിജയിച്ചു. പിന്നീട് ഏറ്റുമുട്ടലിൽ മുഗീസ് കൊല്ലപ്പെടുകയും ചെയ്തു. സർക്കാർ ജീവനക്കാരനായിരിക്കെ ഇതിന്റെ മറവിലാണ് ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

    അർഷിദ് അഹമ്മദ് ദാസ് (അധ്യാപകൻ, അവന്തിപോറ)
    അധ്യാപകനാണെങ്കിലും അർഷിദ് അഹമ്മദ് ജെഐയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീനുമായി അടുപ്പം പുലർത്തിയിരുന്നതായും അധ്യാപക വേഷത്തിന്റെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായും കണ്ടെത്തി. അവന്തിപോറയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ കല്ലേറിനുള്ള ആൾക്കൂട്ടം സംഘടിപ്പിച്ചതും ഇയാളായിരുന്നു. ജെഐയ്‌ക്കും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കുമായുള്ള ധനസമാഹരണത്തിലും അർഷിദിന് പങ്കുണ്ടെന്നാണ് വിവരം.

    ഷാഹിദ് ഹുസൈൻ റാഥെർ (പോലീസ് കോൺസ്റ്റബിൾ, ബാരാമുള്ള)
    2005ലാണ് ഷാഹിദ് എസ്പിഒ ആയി നിയമിതനായത്. 2009ലാണ് ഷാഹിദിന്റെ ഭീകരപ്രവർത്തനങ്ങൾ ആദ്യമായി പുറത്തറിയുന്നത്. തുടർന്ന് ഇയാളെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ 2011ൽ വീണ്ടും എസ്പിഒ ആയി നിയമിതനായി. തുടർന്ന് 2013ൽ കോൺസ്റ്റബിളായി സ്ഥാനക്കയറ്റം ലഭിച്ചു. പോലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിൽ ഷാഹിദ് ഈ പദവി മുതലെടുത്ത് കശ്മീർ താഴ്‌വരയിൽ ഉടനീളം പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ തുടങ്ങി. 2021 ജൂണിൽ സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും രണ്ട് കൂട്ടാളികളെയും ഉറിയിൽ വെച്ച് പിടികൂടുകയും അവരിൽ നിന്ന് 10 ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, മയക്കുമരുന്ന് എന്നിവ കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഷാഹിദിന്റെ തീവ്രവാദ ബന്ധം പരസ്യമായത്. ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരം കണ്ടെടുക്കുകയും ചെയ്തു.

    ഷറഫത്ത് അലി ഖാൻ (നഴ്‌സിംഗ് ഓർഡർലി, ആരോഗ്യ വകുപ്പ്, കുപ്‌വാര)
    1998ൽ ജമ്മു കശ്മീർ പോലീസിൽ എസ്‌പിഒ ആയി നിയമിതനായ ഷറഫത്ത് അലി ഖാൻ പിന്നീട് ആരോഗ്യ വകുപ്പിൽ ജോലി നേടി. സർക്കാർ ജീവനക്കാരൻ എന്ന മറവിൽ ഷറഫത്ത് ഖാൻ വിവിധ തീവ്രവാദ സംഘടനകൾക്കായി പ്രവർത്തിക്കാൻ തുടങ്ങി. കൂടാതെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും ഇയാൾ വിതരണം ചെയ്തിരുന്നു. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളുടെ പേര് ഉയർന്നു വന്നത്. 2021 ജൂണിൽ ബാരാമുള്ളയിൽ വെച്ച് പോലീസ് കോൺസ്റ്റബിൾ ഷാഹിദിനൊപ്പമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 30ന് ഇയാളെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

    രാജ്യസുരക്ഷ മുൻനിർത്തി, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സമിതി ശുപാർശ ചെയ്തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
    Published by:Anuraj GR
    First published: