• HOME
  • »
  • NEWS
  • »
  • india
  • »
  • മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: 'വേണ്ടത് ടി.എന്‍ ശേഷനെ പോലുള്ള കരുത്തുറ്റ ഉദ്യോഗസ്ഥരെ': സുപ്രീംകോടതി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: 'വേണ്ടത് ടി.എന്‍ ശേഷനെ പോലുള്ള കരുത്തുറ്റ ഉദ്യോഗസ്ഥരെ': സുപ്രീംകോടതി

ടി എന്‍ ശേഷനെ പോലെ സ്വതന്ത്രരും നിഷ്പക്ഷരുമായവരാണ് ആ സ്ഥാനത്തുണ്ടാകേണ്ടതെന്ന് സുപ്രീംകോടതി

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:

ഇന്ത്യയ്ക്ക് വേണ്ടത് ടി.എന്‍ ശേഷനെപ്പോലെ കരുത്തുറ്റ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട സംവിധാനം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഇന്ത്യൻ ഭരണഘടന വളരെയധികം ചുമതലകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിഷിപ്തപ്പെടുത്തിയിട്ടുള്ളത്. അതിനാൽ നിക്ഷ്പക്ഷത ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷൻ നിയമന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കൂടി ഉള്‍പ്പെടുത്തുക എന്ന ആശയം സ്വാഗതാർഹമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്. ഏറ്റവും മികച്ചതും അനുയോജ്യനുമായ വ്യക്തിയെ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷനെ കുറിച്ചും സുപ്രീംകോടതി പരാമര്‍ശിച്ചു. ‘ടി എന്‍ ശേഷനെ പോലെ സ്വതന്ത്രരും നിഷ്പക്ഷരുമായവരാണ് ആ സ്ഥാനത്തുണ്ടാകേണ്ടത്. സ്വാധീനങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവരാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍’ എന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read-ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ? ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുടെ സമ്പൂര്‍ണ മാറ്റത്തിന് താത്പര്യവുമായി മൂന്ന് കമ്പനികൾ

ടി എന്‍ ശേഷനെക്കുറിച്ച് സുപ്രീം കോടതി ബെഞ്ച് വാചാലമായതിനുള്ള കാരണമെന്തെന്ന് നോക്കാം. ദിണ്ഡിഗലിലെ സബ് കളക്ടറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1990 ഡിസംബര്‍ 12നാണ് അദ്ദേഹത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്. സര്‍വ്വീസില്‍ 6 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം 1996 ഡിസംബര്‍ 11നാണ് വിരമിച്ചത്. 2019 നവംബര്‍ 10ന് അദ്ദേഹം അന്തരിച്ചു.

‘ ഇതുവരെ നിരവധി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ശേഷനെ പോലെയുള്ളവര്‍ വളരെ വിരളമാണ്. കരുത്തുറ്റ നടപടികള്‍ എടുത്ത അദ്ദേഹം വിമര്‍ശനത്തിന് അതീതനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അടക്കം മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുര്‍ബലമായ തോളുകളില്‍ വലിയൊരു ചുമതലയാണ് ഭരണഘടന നല്‍കിയിട്ടുള്ളത്. അത് നിര്‍വ്വഹിക്കാന്‍ അത്രയും മികച്ച ഒരാളെ തന്നെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതല്ല ഇവിടുത്തെ ചോദ്യം. അത്രയും മികച്ച ഒരാളെ എങ്ങനെ കണ്ടെത്തും എന്നതാണ് പ്രധാന ചോദ്യം,’ സുപ്രീകോടതി ബെഞ്ച് ചോദിച്ചു.

കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്രമണിയോട് ആണ് ബെഞ്ച് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. പ്രധാനമായും പരിഗണിക്കേണ്ട കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതിന് സാമാന്യം മികച്ച ഒരു നടപടിക്രമം തെരഞ്ഞെടുക്കുകയെന്നതാണ്. കഴിവിന് പുറമെ കുറച്ചുകൂടി കരുത്തുള്ള ഉദ്യോഗസ്ഥരെ ലഭിക്കാന്‍ ഉള്ള നടപടിക്രമങ്ങളായിരിക്കണം സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

Also Read-ഡൽഹി ജുമാ മസ്ജിദിൽ ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശന വിലക്ക്; ഡേറ്റിങ് സ്ഥലമാക്കുന്നുവെന്ന് ഇമാം

എന്നാല്‍ കോടതിയുടെ നിരീക്ഷണത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. മുന്നിലുള്ള പ്രധാന ആശങ്ക ഏറ്റവും മികച്ച ആളെ കണ്ടെത്തി എങ്ങനെ നിയമിക്കും എന്നതില്‍ മാത്രമാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.

ഭരണഘടനയില്‍ ഇതുസംബന്ധിച്ച കാര്യത്തില്‍ വ്യക്തതക്കുറവൊന്നുമില്ല. നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത്. അംഗീകൃത നിയമനിര്‍മ്മാണമില്ലാതിരുന്ന കാലത്താണ് വീനിത് നരൈന്‍ കേസ്, വിശാഖ കേസ് വിധി (തൊഴിലിടങ്ങളിലെ പീഡനം തടയുന്ന വിധി) എന്നിവ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തില്‍ ആ അനിശ്ചിതാവസ്ഥയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കോടതി അനുകൂലമായ വീക്ഷണ കോണില്‍ നിന്ന് കൊണ്ടുള്ള വിധി പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1990കള്‍ മുതല്‍ ഈ വിഷയത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍. കെ അദ്വാനി ഒരിക്കല്‍ സമാനമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ നിയമനത്തിനായി കൊളീജീയം സംവിധാനം പിന്തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

‘ജനാധിപത്യമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം. അതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അതുപ്രകാരം പാര്‍ലമെന്റിനോട് എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ഞങ്ങള്‍ക്ക് ആകില്ല. അത് ഉചിതവുമല്ല. തൊണ്ണൂറുകള്‍ മുതല്‍ ഉന്നയിക്കപ്പെടുന്ന ഒരു വിഷയമാണ് ഇവിടെ ഉന്നയിച്ചത്. നിലവിലെ സ്ഥിതി മറികടക്കുന്നത് തടയാന്‍ ഭരണകക്ഷിയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാം,’ ബെഞ്ച് ചൂണ്ടിക്കാട്ടി.

Also Read-ഉഭയസമ്മതലൈംഗിക ബന്ധത്തിനുശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് പുതിയൊരു സംവിധാനം ഉണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി അറിയിച്ചു. ചില വിഷയങ്ങളിലെ ഭരണഘടനയുടെ നിശബ്ദതയെ ചൂഷണം ചെയ്യുന്ന മനോഭാവവും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് മതിയായ ഒരു സമിതി ഇല്ലാത്തതും വളരെയധികം നിരാശയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ 324 വകുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെപ്പറ്റി പറയുന്നത്. എന്നാല്‍ നിയമനത്തിനുള്ള കൃത്യമായ നടപടിക്രമങ്ങള്‍ ഇതില്‍ വിശദമാക്കുന്നില്ല. കഴിഞ്ഞ 72 വര്‍ഷത്തിനിടെ ഇതുസംബന്ധിച്ച പരിഷ്‌കാരങ്ങളോ നിയമ നിര്‍മ്മാണങ്ങളോ നടത്താത്തത് ചൂഷണത്തിന് വഴിയൊരുക്കുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2004ന് ശേഷം ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും 6 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് മൊത്തം ആറ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയാണ് മാറി മാറി നിയമിച്ചത്. എന്‍ഡിഎ സര്‍ക്കാരിന്റെ എട്ട് വര്‍ഷ കാലയളവില്‍ ഏകദേശം 8 കമ്മീഷണര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം നവംബര്‍ 17ന് പരിഗണിച്ച ഹര്‍ജിയില്‍ വാദം തുടരവെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള കൊളീജിയം സംവിധാനത്തെ കോടതി നിശിതമായി എതിര്‍ത്തു. ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ അത്തരം സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2018 ഒക്ടോബര്‍ 23-നും സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഈ ഹര്‍ജി കോടതി ആധികാരിക വിധി നിര്‍ണയത്തിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് അയയ്ക്കുകയായിരുന്നു.

Published by:Jayesh Krishnan
First published: