• HOME
  • »
  • NEWS
  • »
  • india
  • »
  • സ്കൂൾ അസംബ്ലിയിൽ 'ഭാരത് മാതാ കീ ജയ്' വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച അധ്യാപകർക്കെതിരെ കേസ്

സ്കൂൾ അസംബ്ലിയിൽ 'ഭാരത് മാതാ കീ ജയ്' വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച അധ്യാപകർക്കെതിരെ കേസ്

ഐപിസി 323, 506, 34 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 പ്രകാരവും ആണ് കേസെടുത്തിരിക്കുന്നത്

  • Share this:

മധ്യപ്രദേശിലെ ഗുണ ജില്ലയിയിൽ സ്കൂൾ അസംബ്ലിക്ക് ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചതിന് ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ അധ്യാപകൻ ശിക്ഷിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. ഇതിനെ തുടർന്ന് വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് സ്‌കൂൾ ക്യാമ്പസിന് മുന്നിൽ പ്രതിഷേധം നടത്തിയതോടെയാണ് വിഷയം വിവാദമായത്. നിലവിൽ വിദ്യാർത്ഥിയെ ശിക്ഷിച്ച രണ്ട് അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജസ്റ്റിൻ, ജസ്മീന ഖാതൂന്‍ എന്നീ അധ്യാപകർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 323, 506, 34 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 പ്രകാരവും ആണ് കേസെടുത്തിരിക്കുന്നത്


" ദേശീയ ഗാനത്തിന് ശേഷം ഞാൻ ഭാരത് മാതാ കീ ജയ് വിളിച്ചു. അപ്പോൾ ജസ്റ്റിൻ സാർ വന്നു, എന്നോട് ലൈനിൽ നിന്ന് പുറത്തു പോകാൻ പറഞ്ഞു. നീ എന്താണ് പറയുന്നതെന്ന് ചോദിച്ച് ഫാദറിന്റെ അടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് എന്റെ ഹിന്ദി ടീച്ചർ വന്ന് ക്ലാസ്സ് ടീച്ചറെ കാണാൻ പറഞ്ഞു. അത് കഴിഞ്ഞ് ഞാൻ ക്ലാസ്സിൽ എത്തി. എന്റെ സഹപാഠികളില്‍ ഒരാളെ റെഡ് ഹൗസിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. തുടർന്ന് 'ഒരു ആണ്‍കുട്ടി ക്ലാസിന് അഭിമാനം നല്‍കുമ്പോൾ ഞാന്‍ ക്ലാസിന്റെ പേര് കളങ്കപ്പെടുത്തുന്നു'എന്ന് ക്ലാസ് ടീച്ചർ ജസ്മീന ഖാതൂന്‍ പറഞ്ഞു. തുടർന്ന് അടുത്ത നാല് പിരീഡും മാഡം എന്നെ നിലത്ത് ഇരുത്തി. "പരാതിക്കാരനായ വിദ്യാര്‍ഥി പറഞ്ഞു.


Also Read-ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: നോയിഡയിലെ സ്‌കൂളുകൾക്ക് നവംബര്‍ 8 വരെ ഓണ്‍ലൈന്‍ ക്ലാസ്


വീട്ടിൽ വിഷമിച്ച് തിരിച്ചെത്തിയ കുട്ടിയോട് അമ്മ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതിനെ തുടർന്ന് തന്റെ മകൻ മുറി അടച്ച് ഉറക്കെ കരയുകയായിരുന്നു എന്നും വിഷമം കാരണം ഭക്ഷണം പോലും കഴിച്ചില്ലെന്നും കുട്ടിയുടെ മാതാവ് പരാതിപ്പെട്ടു. കൂടാതെ മുൻ എം.എൽ.എ രാജേന്ദ്ര സലൂജ സ്‌കൂളിലെത്തി വിദ്യാർഥിയെ മർദിച്ച അധ്യാപകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


അതേസമയം ഈ ആരോപണം സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് നിഷേധിച്ചു. വിദ്യാർത്ഥി രാജ്യസ്‌നേഹത്തിനല്ല വിനോദത്തിനാണ് മുദ്രാവാക്യം വിളിച്ചതെന്നായിരുന്നു വിഷയത്തിൽ പ്രിൻസിപ്പലിന്റെ പ്രതികരണം. എന്തായാലും സംഭവത്തിൽ സ്‌കൂൾ മാപ്പ് പറയുകയും വിഷയത്തിൽ കൂടുതൽ പരിശോധനയ്ക്കായി അച്ചടക്ക സമിതിയെ രൂപീകരിക്കുകയും ചെയ്തു.


കൂടാതെ ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്നും ദേശീയ ഗാനത്തിന് ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് സർക്കുലർ പുറത്തിറക്കി. ഇപ്പോൾ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഗുണ എഡിഎം വീരേന്ദ്ര സിംഗ് ബാഗേൽ പറഞ്ഞു.


എന്നാൽ വിദ്യാർത്ഥിയെ ശിക്ഷിച്ച അധ്യാപകർക്കെതിരെ കേസ് എടുത്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.



Published by:Arun krishna
First published: