ഛണ്ഡീഗഡ്: പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ (എൽപിയു) ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഗിൻ എസ് ദിലീപിന്റെ (21) ആത്മഹത്യാ കുറിപ്പ് പുറത്ത്. എൽപിയുവിൽ ഡിസൈൻ കോഴ്സ് വിദ്യാർത്ഥിയായിരുന്ന അഗിൻ എസ്.ദിലീപ് ആണ് ആത്മഹത്യ ചെയ്തത്. കപൂർത്തല പൊലീസാണ് ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടത്.
കുറിപ്പിൽ കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ പ്രസാദ് കൃഷ്ണയ്ക്കെതിരായാണ് അഗിൻ ആരോപണം ഉന്നയിക്കുന്നത്. തന്നെ വൈകാരികമായി സ്വാധീനിച്ച് എൻഐടി ഉപേക്ഷിക്കാൻ കാരണക്കാരനായ പ്രൊഫ. പ്രസാദ് കൃഷ്ണയെയാണ് താൻ കുറ്റപ്പെടുത്തുക. ആ തീരുമാനത്തിൽ ഒരുപാട് ഖേദിക്കുന്നു. എല്ലാവർക്കും ഞാൻ ഒരു ബാധ്യതയായെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിൽ അഗിൻ എഴുതിയിരിക്കുന്നത്.
കോഴിക്കോട് എഎൻഐടിയിലെ വിദ്യാർത്ഥിയായിരുന്ന അഗിൻ പഠനം ഉപേക്ഷിച്ചാണ് എൽപിയുവിൽ ഡിസൈനിങ് കോഴ്സിന് ചേർന്നത്. ഇതിന് തന്നെ പ്രേരിപ്പിച്ചത് പ്രസാദ് കൃഷ്ണയാണെന്നാണ് കത്തിൽ വിദ്യാർത്ഥി പറയുന്നത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അഗിൻ എസ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചിരുന്നു. 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഗിൻ.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അഗിന്റെ ആത്മഹത്യ എന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം.
"നിർഭാഗ്യകരമായ സംഭവത്തിൽ സർവകലാശാല ദുഃഖിതരാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കൂടുതൽ അന്വേഷണത്തിന് അധികാരികൾക്ക് സർവകലാശാല പൂർണപിന്തുണ നൽകുന്നു". സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.