ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്‍റെ കീഴിലെ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ ജൂനിയര്‍ എഞ്ചിനീയർ യോഗ്യത പരീക്ഷയുടെ റാങ്ക് പട്ടിക കണ്ടവരെല്ലാം മൂക്കത്ത് വിരൽവച്ചു. ഒന്നാം റാങ്ക് നേടിയ എഞ്ചിനീയറുടെ പേര് സണ്ണി ലിയോണ്‍. phed.bih.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 27 കാരിയായ സണ്ണി ലിയോണിനാണ് ഒന്നാം റാങ്ക് എന്ന് പറയുന്നു. ഉദ്യോഗാർത്ഥിയുടെ പിതാവിന്റെ പേര് ലിയോണ ലിയോൺ എന്നും. എഞ്ചിനീയറിംഗ് മേഖലയിൽ അഞ്ചുവർഷത്തെ അനുഭവ സമ്പത്തും ഒന്നാം റാങ്കുകാരിക്കുണ്ട്. അക്കാദമിക് രംഗത്തെ പ്രകടനത്തിന് 73.5 ഉം പ്രൊഫഷണൽ എക്സിപീരിയൻസിന് 25 പോയിന്റും ഉൾപ്പെടെ 98.5 പോയിന്റെ നേടിയാണ് ഇവർ ഒന്നാം റാങ്ക് നേടിയത്. ഇത് വാർത്തയായതോടെ ബോളിവുഡ് സുന്ദരി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
HAHA, Im so glad the OTHER me has scored so well !!!!! lol... https://t.co/dV1RTQTN5J
— Sunny Leone (@SunnyLeone) February 20, 2019
'എന്റെ അപര ഇത്രയും നന്നായി സ്കോർ ചെയ്തതിൽ സന്തോഷമുണ്ട്' - വാർത്ത അറിഞ്ഞ സാക്ഷാൽ സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു. അതേസമയം, ആരോ ഒപ്പിച്ച കുസൃതിത്തരമായിരിക്കാമെന്നാണ് ഇന്ത്യൻ എക്സപ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഉദ്യോഗാർത്ഥികളുടെ പട്ടിക തിരുത്തുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ലെന്ന് വകുപ്പ് ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ച ഉദ്യോഗാർത്ഥികളാരോ ചെയ്ത പണിയായിരിക്കുമെന്നാണ് അധികൃതർ കരുതുന്നത്. കാരണം സണ്ണി ലിയോണ്‍ മാത്രമല്ല ആശ്ചര്യമുയർത്തി ഈ പട്ടികയിലുള്ളത്. പട്ടികയിൽ മൂന്നാം റാങ്കുകാരിയുടെ പേര് 'bvcxzbnnb'എന്നാണ് പിതാവിന്റെ പേര് 'mggvghhnnnn'എന്നും.
ആകെയുള്ള 17,911 ഉദ്യോഗാർത്ഥികളിൽ റാങ്ക് പട്ടികയിൽ ഇടംനേടിയ 643 പേരിൽ ഒരാളാണ് സണ്ണി ലിയോൺ. 214 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സണ്ണി ലിയോൺ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും തിരിച്ചയൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. പട്ടികയിലെ തെറ്റ് തിരുത്തുന്നതിന് ഈ മാസം 24 വരെ വകുപ്പ് സാവകാശം നൽകിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവരെ അയോഗ്യരാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bihar, Sunny Leone, ബീഹാർ, സണ്ണി ലിയോണി