• HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തരാഖണ്ഡിലും വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി UGC ചട്ടം ലംഘിച്ചതിന്

ഉത്തരാഖണ്ഡിലും വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി UGC ചട്ടം ലംഘിച്ചതിന്

2019ലെ യൂണിവേഴ്‌സിറ്റി ആക്ടിന്റെയും 2018ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ റെഗുലേഷന്റെയും വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഭണ്ഡാരിയുടെ നിയമനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ബെഞ്ച് ശരിവച്ചു

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    ന്യൂഡൽഹി:  ഉത്തരാഖണ്ഡിലും വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കി. ഉത്തരാഖണ്ഡിലെ സോബൻ സിങ് ജീന യൂണിവേഴ്‌സിറ്റിയുടെ (Soban Singh Jeena University) വൈസ് ചാൻസലർ (Vice-Chancellor ) നരേന്ദ്ര സിംഗ് ഭണ്ഡാരിയുടെ (Narendra Singh Bhandari) നിയമനമാണ് സുപ്രീം കോടതി (Supreme Court) വ്യാഴാഴ്ച റദ്ദാക്കിയത്. 2019ലെ യൂണിവേഴ്‌സിറ്റി ആക്ടിന്റെയും 2018ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ റെഗുലേഷന്റെയും വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഭണ്ഡാരിയുടെ നിയമനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ബെഞ്ച് ശരിവച്ചു. ജസ്റ്റിസ് ഷായും ജസ്റ്റിസ് എം എം സുന്ദ്രേഷും അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവെച്ചത്. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ ഭണ്ഡാരി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.

    മുമ്പ് നടന്ന വാദങ്ങളും വിധികളും കണക്കിലെടുത്ത് നിലവിലെ അപ്പീൽ തള്ളിക്കളയുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. കേസിൽ വിജയിച്ചില്ലെങ്കിൽ സർവ്വകലാശാലാ വൈസ് ചാൻസലർ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് ഭണ്ഡാരിയുടെ ഹർജിയിൽ പറഞ്ഞിരുന്നു, അതിനാൽ വൈസ് ചാൻസലർ സ്ഥാനം രാജിവയ്ക്കണമെന്ന് ഭണ്ഡാരിയോട് ബെഞ്ച് നിർദ്ദേശിച്ചു.
    "അദ്ദേഹം വൈസ് ചാൻസലർ സ്ഥാനം രാജിവെക്കണം. ഹർജിക്കാരനെ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചത് നിയമവിരുദ്ധമായും 2019 ലെ യൂണിവേഴ്സിറ്റി ആക്ട്, 2018 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻസ് എന്നിവ പ്രകാരമുള്ള നിയമപരമായ ആവശ്യകതകളുടെ പിൻബലമില്ലാതെയും ആണ് " ബെഞ്ച് നിരീക്ഷിച്ചു.

    Also Read- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

    ഭണ്ഡാരിയെ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തോട് തങ്ങൾ പൂർണ്ണമായി യോജിക്കുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഭണ്ഡാരിയുടെ നിയമനം റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം ശരിയാണെന്നും ഇതിൽ ഈ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

    അതേസമയം വൈസ് ചാൻസലർ സ്ഥാനത്തിന് ഏറ്റവും അർഹനായ വ്യക്തി താനാണെന്നും തന്റെ അക്കാദമിക് ജീവിതം വിലയിരുത്തി വൈസ് ചാൻസലറായി നിയമിക്കപ്പെടാൻ യോഗ്യനും അർഹനുമായ വ്യക്തി താനാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് സംസ്ഥാന സർക്കാർ തന്നെ വൈസ് ചാൻസലറായി നിയമിച്ചതെന്നുമാണ് ഭണ്ഡാരിയുടെ വാദം. അപ്പീലുകാരന് വളരെ മികച്ച അക്കാദമിക് യോഗ്യതകൾ ഉണ്ടായിരിക്കാം എന്നത് ശരിയായിരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. " അതേ സമയം, അദ്ദേഹത്തിന്റെ യോ​ഗ്യതകൾ മറ്റ് അർഹരായ വ്യക്തികളുടെ യോഗ്യതകളുമായി താരതമ്യപ്പെടുത്താത്തതിനാൽ അദ്ദേഹം ഏറ്റവും മികച്ച വ്യക്തിയാണെന്ന് പറയാനാവില്ല. അദ്ദേഹത്തിന്റെ പേര് മറ്റ് യോഗ്യതയുള്ളവരുമായി താരതമ്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് അവസരം ഉണ്ടായിട്ടില്ലെന്നും,"സുപ്രീംകോടതി നിരീക്ഷിച്ചു.

    Also Read- ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് കോപ്പി രാജ‍്‍ഭവനിലെത്താൻ വൈകിയതെന്ത്?

    2018 ലെ യുജിസി റെഗുലേഷൻസ് 7.3.0, 2019 ലെ യൂണിവേഴ്സിറ്റി ആക്റ്റിന്റെ സെക്ഷൻ 10 എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം, വൈസ് ചാൻസലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നത് 3-5 പേരടങ്ങുന്ന സെർച്ച് കമ്മറ്റി പാനലിന്റെ ശരിയായ തിരച്ചറിയൽ നടപടികളിലൂടെ ആയിരിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരം സെർച്ച്-കം-സെലക്‌ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭരായ വ്യക്തികളായിരിക്കണം മാത്രമല്ല ബന്ധപ്പെട്ട സർവകലാശാലയുമായോ അതിന്റെ കോളേജുകളുമായോ യാതൊരു തരത്തിലും ഇവർക്ക് ബന്ധമുണ്ടാകാനും പാടില്ല.

    "പാനൽ തയ്യാറാക്കുമ്പോൾ, സെർച്ച് കമ്മിറ്റി അക്കാദമിക് മികവിനും മറ്റും കൃത്യമായ വെയിറ്റേജ് നൽകും. അതിനുശേഷം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകളുടെ പാനലിൽ നിന്നാണ് ചാൻസലർ വൈസ് ചാൻസലറെ നിയമിക്കുന്നത്. വൈസ് ചാൻസലറായി തിരഞ്ഞെടുക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ, സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിന്റെ ഭാഗമായ മറ്റ് യോഗ്യതയുള്ള സ്ഥാനാർത്ഥികളുമായി താരതമ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്" ബെഞ്ച് പറഞ്ഞു.

    നിലവിലെ കേസിൽ ഇത്തരമൊരു നടപടിക്രമം പാലിച്ചിട്ടില്ലെന്നും അപ്പീൽക്കാരന്റെ യോ​ഗ്യതകൾ അദ്ദേഹത്തേക്കാൾ കൂടുതൽ അർഹതയുള്ള മറ്റ് യോഗ്യതയുള്ള വ്യക്തികളുമായി താരതമ്യം ചെയ്തിട്ടില്ലെന്നും ഒരു പേര് മാത്രമേ സംസ്ഥാന സർക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയിട്ടുള്ളൂവെന്നുമാണ് 2020 ഓഗസ്റ്റ് 5 ലെ നോട്ട് ഷീറ്റിൽ നിന്ന് മനസിലാകുന്നതെന്നും ബെഞ്ച് പറഞ്ഞു.

    സർവകലാശാലയുടെ വൈസ് ചാൻസലറായി ഭണ്ഡാരിയെ നിയമിക്കുന്നതിന് മുമ്പ് പരസ്യം നൽകുകയോ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല സെർച്ച് കമ്മിറ്റി ഭണ്ഡാരിയുടെ പേര് ശുപാർശ ചെയ്തിട്ടില്ലെന്നും അതിനാൽ യുജിസി മാനദണ്ഡങ്ങൾക്കനുസൃതമായി സെർച്ച് കമ്മിറ്റിക്ക് ചാൻസലറിനോട് അർഹരായ വ്യക്തികളുടെ ഒരു പാനൽ ശുപാർശ ചെയ്യാൻ അവസരമുണ്ടായില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
    Published by:Rajesh V
    First published: