ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ്(Gyanvapi Masjid) സര്‍വേയില്‍ ഇടപെട്ട് സുപ്രീംകോടതി(Supreme Court). ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിന് സുപ്രീം കോടതി നിര്‍ദേശം നല്കി. സര്‍വേയ്ക്കെതിരേ ഗ്യാന്‍വാപി പള്ളി കമ്മിറ്റി നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതേസമയം സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന സര്‍വേ കമ്മീഷണറെ മാറ്റുകയും ചെയ്തു. സര്‍വേ കമ്മീഷണര്‍ അജയ് മിശ്രയെയാണ് മാറ്റിയത്.
ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരില്‍ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു.
ഗ്യാന്‍വാപി പള്ളിയില്‍ നടന്ന വീഡിയോ സര്‍വേ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സര്‍വേ വിവരങ്ങള്‍ ക്രോഡീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി സമയം നീട്ടിനല്‍കി. അജയ് മിശ്രയ്ക്ക് പകരം സ്പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതോടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിന്റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവില്‍ കോടതി ഉത്തരവിറക്കിയത്. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ ആളുകളെ നമസ്ക്കരിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് വിശ്വാസികള്‍ക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നത് ഭരണഘടനാ ഭരണഘടനാവിരുദ്ധമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.