• HOME
 • »
 • NEWS
 • »
 • india
 • »
 • Arnab Goswami |അർണാബ് ഗോസാമിക്ക് ജാമ്യം; ജയിലിൽ നിന്നും ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

Arnab Goswami |അർണാബ് ഗോസാമിക്ക് ജാമ്യം; ജയിലിൽ നിന്നും ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്ന് സുപ്രീം കോടതി

Arnab Goswami

Arnab Goswami

 • Last Updated :
 • Share this:


  ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ്  അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2018 ൽ ആർക്കിടെക്റ്റ് അൻവേ നായിക്കിന്റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണാബ് ഉൾപ്പെടെയുള്ളവരെ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

  ജാമ്യം പരിഗണിക്കുന്നതിനിടെ മാഹാരാഷ്ട്ര സർക്കാരിന്റെ അറസ്റ്റ് നടപടിയെ കോടതി വിമർശിച്ചു. അന്വേഷണവുമായി അർണാബ് സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അർണാബ് ഉൾപ്പെടെ മൂന്നുപേരുടെയും മോചനം രണ്ടു ദിവസത്തിലധികം വൈകാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

  മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് അർണാബിനു വേണ്ടി ഹാജരായത്. ജയിലിലടയ്ക്കാൻ അർണാബ് ഗോസ്വാമി തീവ്രവാദിയാണോയെന്ന് സാൽവെ ചോദിച്ചു.  ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടോ? എന്തുകൊണ്ട് അദ്ദേഹത്തിന് ജാമ്യം നൽകുന്നില്ലെന്നും അദ്ദേഹം വാദിച്ചു.

  പണം നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അൻവേ നായികിന്റെ ആഥ്മഹത്യാ കുറിപ്പിൽ അർണാബിന്റെ പേരുണ്ടെന്ന് മുംബൈ പോലീസ് വാദിച്ചു. നായിക്കിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. നായിക്കിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പോലീസും മഹാരാഷ്ട്ര സർക്കാരും കോടതിയിൽ പറഞ്ഞു.

  എന്നാൽ ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്ന് കോടതി ചോദിച്ചു. " ഞാൻ ചാനൽ കാണുന്നില്ല, നിങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാകാം അത്. പക്ഷേ ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ ഇടപെടാതിരിക്കാനാകില്ല"- ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ് പറഞ്ഞു.

  “സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ, അവരുടെ വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് മനസ്സിലാക്കണം. വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഹൈക്കോടതികൾ അധികാരപരിധി വിനിയോഗിക്കണം,” സുപ്രീം കോടതി പറഞ്ഞു.

  ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അര്‍ണാബ്‌ ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേയ്‌ നായിക്കും അമ്മയും ജീവനൊടുക്കിയ കേസില്‍ ഈ മാസം നാലിന്‌ അറസ്‌റ്റിലായ അര്‍ണാബ്‌ 18 വരെ റിമാന്‍ഡിലാണ്‌. അര്‍ണാബിന്റെ അറസ്‌റ്റ്‌ നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ്‌ ഹൈക്കോടതി കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്‌.

  പ്രതിക്കു മുന്നില്‍ സ്‌ഥിരം ജാമ്യത്തിന്‌ സെഷന്‍സ്‌ കോടതിയില്‍ അപേക്ഷ നല്‍കാമെന്ന മാര്‍ഗമുള്ളപ്പോള്‍ ഹൈക്കോടതി ഇടപെട്ട്‌ ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ അര്‍ണാബ്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌ എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമവിരുദ്ധമായി തടങ്കലില്‍വച്ചിരിക്കുകയാണെന്നു പറയാനാവില്ല. പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണം നടത്തുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല-കോടതി പറഞ്ഞു. അതേസമയം, കസ്‌റ്റഡിയില്‍ ഇരിക്കവെ ഫോണ്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അലിബാഗിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന്‌ അര്‍ണാബിനെ തലോജ ജയിലിലേക്ക്‌ മാറ്റിയിരുന്നു.

  Published by:Aneesh Anirudhan
  First published: