ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിൽ (Sheena Bora Murder Case)മുഖ്യപ്രതിയും മുൻ മീഡിയ എക്സിക്യൂട്ടീവുമായ ഇന്ദ്രാണി മുഖർജിക്ക് (Indrani Mukherjea)ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കൊലക്കേസിൽ കഴിഞ്ഞ 6.5 കൊല്ലമായി ഇന്ദ്രാണി മുഖർജി ജയിൽവാസം അനുഭവിച്ചു വരികയാണ്. 6.5 വർഷം വലിയ കാലയളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ഇന്ദ്രാണി മുഖർജി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 2015 ആഗസ്റ്റ് 25 ന് അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ജാമ്യം നിഷേധിച്ച നവംബർ 16 ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ദ്രാണി സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.
2012 ലാണ് മുംബൈ മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീനാ ബോറ കൊല്ലപ്പെടുന്നത്. മുംബൈ മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീനയെ കാണാതാവുകയും തുടർന്ന് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജിയേയും, രണ്ടാനച്ഛൻ സഞ്ജീവ് ഖന്നയേയും, ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയേയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷീന പിന്നീട് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി.
Also Read-
31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി
ഇന്ദ്രാണിയും ഖന്നയും റായിയും ചേർന്ന് ഷീനയെ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തെന്നാണ് കേസ്. റായിയും ഖന്നയും പോലീസിനോടു കുറ്റസമ്മതം നടത്തിയെങ്കിലും ഷീന മരിച്ചിട്ടില്ലെന്നും അവർ അമേരിക്കയിൽ ജീവിച്ചിരിക്കുന്നുവെന്നുമാണ് ഇന്ദ്രാണി പോലീസിനോടു പറഞ്ഞത്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.
Also Read-
ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; , ബിജെപിയിലേക്കെന്ന് സൂചന
2012ൽ ഷീന യുഎസിലേക്ക് പോയെന്നായിരുന്നു ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. എന്നാൽ മൂന്നു വർഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. താൻ ഓടിച്ച കാറിൽ വെച്ചാണ് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തിയതെന്നായിരുന്നു റായിയുടെ വെളിപ്പെടുത്തൽ. പിന്നീട് ഇയാൾ മാപ്പുസാക്ഷിയായി.
മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സിബിഐ ഡയറക്ടർക്കു ജയിലിൽവച്ച് ഇന്ദ്രാണി മുഖർജി കത്തയച്ചിരുന്നു. കശ്മീരിൽ ഷീനയെ കണ്ടതായി സഹ തടവുകാരി പറഞ്ഞെന്നായിരുന്നു അവകാശവാദം. എന്നാൽ ഈ വാദം സിബിഐ തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.