മുംബൈ: പോണ് വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. രാജ് കുന്ദ്രയെ കൂടാതെ പൂനം പാണ്ഡേ, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്.
അറസ്റ്റ് നടപടിയുണ്ടാകാതിരിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച രാജ് കുന്ദ്ര ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുന്ദ്രയുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ്. അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ച് ഒടിടി പ്ലാറ്റ്ഫോമുകള് ഉള്‍പ്പടെയുള്ളവയില്‍ വിതരണം ചെയ്തെന്നാരോപിച്ച് രാജ് കുന്ദ്രയ്ക്കെതിരെ കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ചാണ് ഇത്തരം വീഡിയോകള്‍ ഷൂട്ട് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോണ് വീഡിയോകള്‍ ചിത്രീകരിക്കാന്‍ പൂനം പാണ്ഡേ, ഷെര്‍ലിന്‍ ചോപ്ര, നിര്‍മാതാവ് മീത്ത ജുന്‍ജുന്‍വാല, ക്യാമറാമാന് രാജു ദുബൈ എന്നിവര്‍ രാജ് കുന്ദ്രയെ സഹായിച്ചുവെന്നും കുറ്റപത്രത്തില്‍ പൊലീസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ കേസില്‍ രാജ് കുന്ദ്രയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീല്‍ പറഞ്ഞു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോടതി മുഖേന ചാര്‍ജ് ഷീറ്റിലെ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മുന്നോട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ നിരപരാധിയാണെന്നും പൊലീസ് തന്നെ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷമാദ്യം രാജ് കുന്ദ്ര സിബിഐയ്ക്ക് കത്തയച്ചിരുന്നു. മുംബൈ ക്രൈം ബ്രാഞ്ചിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തനിക്കെതിരെ നടത്തിയ ഗൂഢനീക്കമാണിതെന്നും അതിനാല്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു.
‘കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ മൗനം പാലിക്കുകയാണ്. മാധ്യമ വിചാരണ നടത്തി എന്നെ പിച്ചി ചീന്തി. ആര്‍തര്‍ റോഡ് ജയിലില്‍ 63 ദിവസമാണ് ഞാന്‍ കിടന്നത്. എനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എനിക്കെതിരെ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം,’ സിബിഐയ്ക്ക് അയച്ച കത്തില്‍ രാജ് കുന്ദ്ര പറഞ്ഞു.
2021 ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തത്. ജൂലൈയില്‍ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതിനും അവ മൊബൈല്‍ ആപ്പുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരുന്നത്.
അതേസമയം, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ് കുന്ദ്ര നൂറിലധികം പോണ് വീഡിയോകള്‍ നിര്‍മിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്ധേരിയിലെ കുന്ദ്രയുടെ ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തിരുന്നതും വാര്‍ത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.