ട്രെയിന്‍ വൈകിയതിനാല്‍ ഫ്ലൈറ്റ് നഷ്ട്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് സുപ്രീംകോടതി. ട്രെയിന്‍ വൈകിയതിനാല്‍ വിമാന യാത്ര നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ (എന്‍സിഡിആര്‍സി) ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘസമയ കാലതാമസം മുന്‍കൂട്ടി കണക്കാക്കണമെന്നും ഇക്കാര്യം യാത്രക്കാരെ അറിയിക്കണമെന്നും വ്യക്തമാക്കി റെയില്‍വേയ്ക്ക് നോട്ടീസ് നല്കി.
നഷ്ടപരിഹാരം നല്‍കണമെന്ന എന്‍സിഡിആര്‍സിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. റെയില്‍വേയുടെ ഭാഗത്ത് നിന്ന് സേവനത്തില്‍ വന്ന അശ്രദ്ധയും പോരായ്മയുമാണ് ഇതിന് കാരണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജിക്കാര്‍ ആഗസ്റ്റ് 9 മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ 25,000 രൂപ രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരായ രമേശ് ചന്ദ്രയും കാഞ്ചന് ചന്ദ്രയും ന്യൂഡല്‍ഹിയിലേക്കുള്ള പ്രയാഗ്രാജ് എക്സ്പ്രസിലാണ് കയറിയിരുന്നത്. 2008 ഏപ്രില്‍ 12 ന് രാവിലെ 6.50 ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ ട്രെയിന്‍ എത്തിച്ചേരേണ്ട സമയം ഏകദേശം 5 മണിക്കൂര്‍ വൈകി. 11.30നാണ് ഡല്‍ഹിയിലെത്തിയത്. ട്രെയിന്‍ വൈകിയതിനാല്‍ കൊച്ചിയിലേക്കുള്ള വിമാനവും നഷ്ടപ്പെട്ടു. തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് 19 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ പരാതിക്കാര്‍ക്ക് 40,000 രൂപ നല്‍കണമെന്ന് ജില്ലാ കമ്മീഷന് ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദ്ദേശിക്കുകയും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്, എന്‍സിഡിആര്‍സി എന്നിവ ഇത് ശരിവയ്ക്കുകയും ചെയ്തു.
NCDRC, 2020 ഒക്ടോബര്‍ 21ന്, ഇതിനെതിരെയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ വാദം തള്ളിക്കളഞ്ഞിരുന്നു. എന്‍സിഡിആര്‍സിയുടെ ഉത്തരവിനെ റെയില്‍വേ മന്ത്രാലയം പിന്നീട് ചോദ്യം ചെയ്യുകയും നിലവിലെ അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read also:
സ്വാതന്ത്ര്യദിനത്തിലെ സുരക്ഷ; തലസ്ഥാനത്ത് കൂറ്റന്‍ കണ്ടെയ്നര്‍ മതില് നിര്‍മിച്ച് ഡല്‍ഹി പോലീസ്
ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തില്‍ യാത്രക്കാരന് നടത്തിയ നിയമപോരാട്ടത്തില്‍ ഏഴു വര്‍ഷത്തിനുശേഷം ഈ വര്‍ഷം ആദ്യം അനുകൂല വിധി വന്നിരുന്നു. വിന്‍ഡോ ഷട്ടര്‍ തകരാര്‍ കാരണം അടയാതിരുന്നതിനാലാണ് യാത്രക്കാരന് മഴ നനയേണ്ടി വന്നത്. പറപ്പൂര് തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയില്‍ നിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യന്‍ 8,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി വിധിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ട് ആയി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കു ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടയിലാണ് ട്രെയിനില്‍ മഴ നനയേണ്ടി വന്നത്. ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് തകരാര്‍ കാരണം അടയാതിരുന്ന ഷട്ടറിനടുത്തുള്ള സീറ്റില്‍ സെബാസ്റ്റ്യന്‍ കുടുങ്ങിപ്പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.