• HOME
  • »
  • NEWS
  • »
  • india
  • »
  • UGC Regulations 2018 | വൈസ് ചാൻസലർ നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം: സുപ്രീം കോടതി

UGC Regulations 2018 | വൈസ് ചാൻസലർ നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം: സുപ്രീം കോടതി

സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ ഉൾപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ഏറ്റവും മികച്ച വ്യക്തിയെ ആയിരിക്കണം സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി

  • Share this:
    സെർച്ച് കമ്മറ്റി (Search Committee) ശുപാർശ ചെയ്യുന്ന പേരുകൾ ഉൾപ്പെടുന്ന പാനലിൽ നിന്നായിരിക്കണം വൈസ് ചാൻസലർ (Vice-Chancellor) നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ( Supreme Court) ആവർത്തിച്ചു. ഉത്തരാഖണ്ഡിലെ സോബൻ സിങ് ജീന യൂണിവേഴ്സിറ്റി (Soban Singh Jeena University) വൈസ് ചാൻസലറായുള്ള തന്റെ നിയമനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ പ്രൊഫ. നരേന്ദ്ര സിംഗ് ഭണ്ഡാർ (Narendra Singh Bhandar) നൽകിയ അപ്പീൽ പരി​ഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ ഉൾപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ഏറ്റവും മികച്ച വ്യക്തിയെ ആയിരിക്കണം സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, എംഎം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഭണ്ഡാറിന്റെ അപ്പീൽ തള്ളിയ ബെഞ്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി ശരിവെച്ചു.

    വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഒരു പരസ്യവും നൽകിയിട്ടില്ല, നരേന്ദ്ര സിംഗ് ഭണ്ഡാറിന്റെ പേര് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തിട്ടില്ല , സെർച്ച് കമ്മിറ്റിയുടെ ഒരു പാനലിൽ നിന്നല്ല അദ്ദേഹത്തെ തിരഞ്ഞെടുത്തത്, സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പേരുകളുടെ പാനലിൽ നിന്ന് അദ്ദേഹത്തെ വൈസ് ചാൻസലറായി നിയമിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ഭണ്ഡാറിന്റെ അപ്പീൽ പരി​ഗണിക്കവെ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ, സോബൻ സിംഗ് ജീന യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ആക്ട് 2019ലെ സെക്ഷൻ 10, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻസിസ് 2018ലെ 7.3.0 വ്യവസ്ഥകൾ പ്രകാരമാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

    ഇത് ആദ്യത്തെ വൈസ് ചാൻസലർ നിയമനമാണെന്നും അതിനാൽ യൂണിവേഴ്സിറ്റി ആക്ട്, 2019ലെ സെക്ഷൻ 10 പ്രകാരം വൈസ് ചാൻസലറായി നിയമിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലെന്നും സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഉയർന്നുവന്ന വാദം. സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറുടെ നിയമനം നടത്തുമ്പോഴും വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ പിന്തുടരണമെന്ന് ഈ വാദം തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

    ഈ കേസിൽ സംസ്ഥാന സർക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ അം​ഗീകാരത്തിനായി ഒരു പേര് മാത്രമാണ് നൽകിയതെന്ന് കോടതി ചൂണ്ടികാട്ടി. വൈസ് ചാൻസലർ സ്ഥാനത്തിന് ഏറ്റവും അർഹനായ വ്യക്തി താനാണെന്നും തന്റെ അക്കാദമിക് പ്രവൃത്തി പരിചയം വിലയിരുത്തി വൈസ് ചാൻസലറായി നിയമിക്കപ്പെടാൻ യോഗ്യനും അർഹനുമായ വ്യക്തി താനാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് സംസ്ഥാന സർക്കാർ തന്നെ വൈസ് ചാൻസലറായി നിയമിച്ചതെന്ന ഭണ്ഡാരിയുടെ വാദം കോടതി പരിഗണിച്ചു.

    എന്നാൽ " അദ്ദേഹത്തിന്റെ യോ​ഗ്യതകൾ മറ്റ് അർഹരായ വ്യക്തികളുടെ യോ​ഗ്യതകളുമായി താരതമ്യപ്പെടുത്താത്തതിനാൽ അദ്ദേഹം ഏറ്റവും മികച്ച യോഗ്യതയുള്ള വ്യക്തിയാണെന്ന് പറയാനാവില്ല. 2018 ലെ യുജിസി റെഗുലേഷൻസ് 7.3.0, 2019 ലെ യൂണിവേഴ്സിറ്റി ആക്റ്റിന്റെ സെക്ഷൻ 10 വ്യവസ്ഥകൾ പ്രകാരം, 3 മുതൽ 5 വരെ പേരടങ്ങുന്ന സെർച്ച് കമ്മിറ്റി പാനൽ ശരിയായ നടപടിക്രമങ്ങൾ വഴിയായിരിക്കണം വൈസ് ചാൻസലർ തസ്തികയിലേക്ക് ഒരാളെ തിരഞ്ഞടുക്കേണ്ടത്. അത്തരം സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭരായ വ്യക്തികളായിരിക്കണം മാത്രമല്ല ബന്ധപ്പെട്ട സർവകലാശാലയുമായോ അതിന്റെ കോളേജുകളുമായോ യാതൊരു തരത്തിലുള്ള ബന്ധവും ഇവർക്ക് ഉണ്ടാകാൻ പാടില്ല. പാനൽ തയ്യാറാക്കുമ്പോൾ, സെർച്ച് കമ്മിറ്റി അക്കാദമിക് മികവിനും മറ്റും കൃത്യമായ വെയിറ്റേജ് നൽകും. അതിനുശേഷം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകളുടെ പാനലിൽ നിന്നാണ് വൈസ് ചാൻസലറെ നിയമിക്കേണ്ടത്. വൈസ് ചാൻസലറായി ആത്യന്തികമായി തിരഞ്ഞെടുക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ, സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിൽ ഉൾപ്പെട്ട യോഗ്യതയുള്ള മറ്റ് ഉദ്യോഗാർത്ഥികളുമായി താരതമ്യപ്പെടുത്തിയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ, അത്തരമൊരു നടപടിക്രമം പാലിച്ചിട്ടില്ല. ഹർജിക്കാരന്റെ യോ​ഗ്യതകൾ അദ്ദേഹത്തേക്കാൾ കൂടുതൽ യോഗ്യതയുള്ള മറ്റ് വ്യക്തികളുമായി താരതമ്യം ചെയ്തിട്ടില്ല " കോടതി ചൂണ്ടികാട്ടി.

    Also Read- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

    ഗംഭീർദൻ കെ. ഗാധ്വിയും ഗുജറാത്ത് സർക്കാരും തമ്മിലുള്ള കേസ്, അനിന്ദ്യ സുന്ദർ ദാസും പശ്ചിമബം​ഗാൾ സർക്കാരും തമ്മിലുള്ള കേസ്, ശ്രീജിത്ത് പിഎസും ഡോ. രാജശ്രീ എംഎസും തമ്മിലുള്ള കേസ് ഉൾപ്പടെ വിവിധ കേസുകളിലെ വിധികൾ പരാമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
    Published by:Anuraj GR
    First published: