ന്യൂഡൽഹി: ലാവലിൻ കേസ് സംബന്ധിച്ച കൂടുതൽ രേഖകൾ നൽകാൻ സാവകാശം വേണമെന്ന് സി.ബി.ഐ വീണ്ടും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി. കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ജനുവരി ഏഴിനകം രേഖകൾ സമർപ്പിക്കണമെന്നും സുപ്രീം കോടതി സി.ബി.ഐ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 8നു കേസ് പരിഗണിച്ചപ്പോൾ വിവിധ ഹർജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു. ഇവ നൽകാനാണ് സി.ബി.ഐ ഇന്നും കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബർ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. തുടർന്ന് 17 തവണ മാറ്റിവച്ചു.
2017 ഓഗസ്റ്റ് 23ന് ആണു മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരയാണ് സിബിഐ അപ്പീൽ നൽകിയത്.
പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ അപ്പീലിൽ പറയുന്നത്. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി. 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ല. വസ്തുതകളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയാണു ഹൈക്കോടതി വിധിയെന്നും അപ്പീലിൽ പറയുന്നു.
കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ ഹർജികളും കോടതിയുടെ പരിഗണനയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Cm pinarayi vijayan, Snc lavlin, Supreme court