• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇന്ത്യൻ രാഷ്ട്രപതിയായി നിയമിക്കണം'; യുവാവിന്റെ ഹർജി സുപ്രീം കോടതി തള്ളി

'ഇന്ത്യൻ രാഷ്ട്രപതിയായി നിയമിക്കണം'; യുവാവിന്റെ ഹർജി സുപ്രീം കോടതി തള്ളി

അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് കോടതിയിൽ നേരിട്ട് ഹാജരായ ഹർജിക്കാരനായ സാവന്തിന്റെ ആരോപണം.

  • Share this:
    ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യവുമായി യുവാവ് സുപ്രീംകോടതിയിൽ (Supreme Court) ഹർജി സമർപ്പിച്ചു. കിഷോർ ജഗന്നാഥ് സാവന്ത് എന്ന യുവാവാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിച്ച കോടതി ഇത് ബാലിശമായ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതായും കോടതി വ്യക്തമാക്കി.

    കൂടാതെ ഭാവിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുടെ കൂടുതൽ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് കോടതി നിർദ്ദേശവും നൽകി. അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് കോടതിയിൽ നേരിട്ട് ഹാജരായ ഹർജിക്കാരനായ സാവന്തിന്റെ ആരോപണം. രാജ്യത്തെ പൗരനെന്ന നിലയിൽ സർക്കാരിന്റെ നയങ്ങളെയും നടപടി ക്രമങ്ങളെയും വിമർശിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യുവാവ് ഹർജിയിൽ പറഞ്ഞു. കൂടാതെ തന്റെ കേസ് "രാജ്യത്തെ ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന ധാർമ്മികതയെ പുനർനിർവചിക്കുമെന്നും" കോടതിയിൽ ഹർജിക്കാരൻ അവകാശപ്പെട്ടു.

    അതേസമയം ഇത് കോടതി നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യലാണെന്ന് ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ യുവാവ് നൽകിയിരിക്കുന്ന ഹർജിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് മൂന്നു കാര്യങ്ങളാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തർക്കമില്ലാത്ത സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണം, ഇന്ത്യൻ പ്രസിഡന്റായി നിയമിക്കുന്നതിനുള്ള നിർദ്ദേശം കോടതി നൽകണം, 2004 മുതൽ രാഷ്ട്രപതിക്ക് നൽകേണ്ട ശമ്പളവും ആനുകൂല്യങ്ങളും തനിയ്ക്ക് നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ മുന്നോട്ട് വച്ചിരിക്കുന്നത്.

    തന്റെ കേസ് സ്വയം വാദിക്കാന്‍ കോടതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാരിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമാണ് തനിയ്ക്ക് നഷ്ടമായതെന്നും കിഷോര്‍ പറഞ്ഞു. എന്നാല്‍ ഈ ഹർജി കോടതിയോട് കാണിക്കുന്ന അപമര്യാദയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

    Also read : ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം

    സാവന്ത് ഒരു പരിസ്ഥിതി പ്രവർത്തകനാണെന്നും ഹർജിൽ പറയുന്നുണ്ട്. എന്നാൽ പരിസ്ഥിതി പ്രവർത്തകനായതിനാൽ സാവന്തിന് തന്റെ അറിവിന്റെ അടിസ്ഥാനത്തിൽ പ്രസംഗങ്ങൾ നടത്താമെന്നും എന്നാൽ ഇത്തരത്തിൽ ഹർജികൾ ഫയൽ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.

    Also read : മുസ്ലീം പെൺകുട്ടി ഋതുമതിയായാൽ വിവാഹിതയാകാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും

    “സർക്കാർ നയങ്ങളെയും നടപടിക്രമങ്ങളെയും എതിർക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, എന്നാൽ നിസ്സാരമായ ഹർജികൾ ഫയൽ ചെയ്യാനും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനും നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് പുറത്ത് റോഡിൽ നിന്ന് പ്രസംഗം നടത്താം. എന്നാൽ കോടതിയിൽ വന്ന് ഇത്തരം നിസ്സാര ഹർജികൾ നൽകി പൊതു സമയം നഷ്ടപ്പെടുത്തരുതെന്ന്" കോടതി താക്കീത് ചെയ്തു. തുടർന്ന് ഹർജി തള്ളുകയും ചെയ്തു.
    Published by:Amal Surendran
    First published: