• HOME
  • »
  • NEWS
  • »
  • india
  • »
  • Pegasus Row| പെഗസസ് ഫോൺ ചോർത്തൽ പരിശോധിക്കാൻ സമിതി; ഉത്തരവ് അടുത്ത ആഴ്ച്ച

Pegasus Row| പെഗസസ് ഫോൺ ചോർത്തൽ പരിശോധിക്കാൻ സമിതി; ഉത്തരവ് അടുത്ത ആഴ്ച്ച

സുപ്രീംകോടതി നേരിട്ടു സമിതി രൂപീകരിക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ വ്യക്തമാകുന്നത്.

News18 Malayalam

News18 Malayalam

  • Share this:
ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ പരിശോധി ക്കാൻ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സമിതിക്ക് രൂപം നൽകുമെന്ന് ചിഫ് ജസ്റ്റിസ് എൻവി രമണ.പെഗസസ് ഫോൺ ചോർത്തലിൽ അധിക സത്യവാങ്മൂലം ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കുന്നത്.  ഫോൺ ചോർത്തൽ സംബന്ധിച്ച് നിർണായക ഉത്തരവ് അടുത്ത ആഴ്ച ഉണ്ടാകുമെന്ന് ചിഫ് ജസ്റ്റിസ് എൻവി രമണ അറിയിച്ചു.

സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  മറ്റൊരു കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പരാമർശിച്ചത്. പെഗസസ് ഹർജിക്കാരുടെ അഭിഭാഷകൻ ആയ ചന്ദർ ഉദയ് സിങിനോടാണ് വിദഗ്ധ സമിതി രൂപീകരണം സംബന്ധിച്ച് ചിഫ് ജസ്റ്റിസ് പരാമർശിച്ചത്.

സമിതി അംഗങ്ങളാക്കാൻ സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചുവെന്നുംചിലർ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതായും എൻവി രമണ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സമിതി രൂപീകരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാങ്കേതിക സമിതിക്ക് രൂപം നൽകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതി ആകാമെന്നും കേന്ദ്രസർക്കാരുമായി ബന്ധമുള്ള ആരും സമിതിയിൽ ഉണ്ടാകില്ലെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചത്. എന്നാൽ സുപ്രീംകോടതി നേരിട്ടു സമിതി രൂപീകരിക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ വ്യക്തമാകുന്നത്.

ഫോൺ ചോർത്തൽ പരാതികൾ നിഷേധിക്കുന്നില്ലെന്നും എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ അധിക സത്യവാങ്മൂലം  നൽകാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്നും, എന്നാൽ ഫോൺ ചോർത്തലിന് ഇരയായെന്ന പൗരന്മാരുടെ പരാതി കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്നുമായിരുന്നു  കോടതി നിലപാട്.
Also Read-ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ വൻ മയക്കുമരുന്ന് വേട്ട: കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്

ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ്  ഹർജികൾ പരിഗണിക്കുന്നത്.

എന്താണ് പെഗാസസ്?

ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ സ്പൈവെയർ ആണ് പെഗാസസ്. മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കൺസോർഷ്യമാണ് പെഗാസസിനെക്കുറിച്ച് ചില പ്രധാന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം നടത്തിയത്. 'പെഗാസസ് പ്രോജക്റ്റിൽ' പ്രവർത്തിച്ച 17 അംഗ സംഘത്തിന്റെ ഭാഗമായ വാഷിംഗ്ടൺ പോസ്റ്റ് പറയുന്നതനുസരിച്ച് സർക്കാരിന്റെ രഹസ്യാന്വേഷണ, നിയമ നിർവ്വഹണ ഏജൻസികളുടെ ഏക ഉപയോഗത്തിനായി കൃത്യമായ സൈബർ ഇന്റലിജൻസ് പരിഹാരങ്ങൾക്കായി ഉപയോഗിക്കുന്ന സ്പൈവെയറാണിത്. കമ്പനിക്ക് 40 രാജ്യങ്ങളിലായി 60 സർക്കാർ ഉപഭോക്താക്കളുണ്ടെന്നാണ് വിവരം. ബൾഗേറിയയിലും സൈപ്രസിലും ഓഫീസുകളുണ്ടെന്നും ലണ്ടൻ ആസ്ഥാനമായുള്ള സ്വകാര്യ-ഇക്വിറ്റി സ്ഥാപനമായ നോവൽപിന ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ളതാണ് പെഗാസസ് എന്നും റിപ്പോർട്ടുകളുണ്ട്.

പെഗാസസ് പ്രവർത്തിക്കുന്നത് എങ്ങനെ?

മുന്നൂറോളം ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടും സ്പൈവെയർ ആക്രമണം നേരിട്ട 50,000 ഉപകരണങ്ങളുടെ ഒരു പട്ടിക പെഗാസസ് പ്രോജക്ട് പുറത്തു കൊണ്ടുവന്നിരുന്നു. പെഗാസസിന്റെ ആദ്യ പതിപ്പ് 2016ലാണ് പുറത്തു വന്നത്. ഇത് ഫോണുകളിൽ പ്രവേശിക്കുന്നതിന് ‘സ്‌പിയർ ഫിഷിംഗ്’ എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഉപയോഗിക്കുന്നത്. ടാർഗെറ്റ് ഉപകരണത്തിലേക്ക് ഒരു വാചക സന്ദേശമോ ഇമെയിലോ അയയ്‌ക്കുന്ന രീതിയാണിത്. സ്വീകർത്താവ് ഇമെയിലിലോ സന്ദേശത്തിലോ ഉള്ള ഒരു ലിങ്കിൽ ക്ലിക്കുചെയ്‌തു കഴിഞ്ഞാൽ, സ്‌പൈവെയർ ഉപകരണത്തിൽ ഡൗൺലോഡു ചെയ്യുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും.

എന്നാൽ 2021 ലെ പെഗാസസ്, 2016 പതിപ്പിനേക്കാൾ വളരെയധികം വളർച്ച പ്രാപിച്ചിട്ടുണ്ട്. ‘സീറോ-ക്ലിക്ക്’ ആക്രമണം നടത്താൻ പോലും ശക്തനാണ് ഇത്തവണ പെഗാസസ്. അതായത് ഇരയിൽ നിന്ന് പ്രായോഗികമായി യാതൊരു നടപടിയും ഇല്ലാതെ ഒരു ഫോണിലേക്ക് നുഴഞ്ഞുകയറാൻ ഇതിന് കഴിയും. അതിനാൽ, ഉപകരണത്തിന്റെ ഉപയോക്താവ് കോളിന് മറുപടി നൽകിയില്ലെങ്കിലും, പെഗാസസ് സ്പൈവെയറിന് ഒരു വാട്ട്‌സ്ആപ്പ് കോൾ എന്ന ലളിതമായ രീതിയിലൂടെ ഒരു ഉപകരണത്തിലേക്ക് ഒരു വഴി കണ്ടെത്താൻ കഴിയുമെന്ന് 2019 ൽ വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനായി, സ്‌പൈവെയർ നിർമ്മാതാക്കൾ ഉപകരണത്തിലേക്ക് പ്രവേശിക്കാൻ ‘സീറോ-ഡേ’ എന്നറിയപ്പെടുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏതെങ്കിലും തകരാറുകളോ പഴുതുകളോ ആണ് ‘സീറോ-ഡേ’ രീതിയിലൂടെ മുതലാക്കുന്നത്. ഈ തകരാറുകളെക്കുറിച്ച് നിർമ്മാതാവിന് പോലും ചിലപ്പോൾ അറിയാൻ കഴിയില്ല അതുകൊണ്ട് തന്നെ ഇത് പരിഹരിക്കാനും ശ്രമിക്കാറില്ല.

സ്‌പിയർ ഫിഷിംഗ്, സീറോ-ഡേ ആക്രമണങ്ങൾ കൂടാതെ, പെഗാസസിന് ഒരു ലക്ഷ്യത്തിനടുത്തായി സ്ഥിതിചെയ്യുന്ന വയർലെസ് ട്രാൻസ്‌സിവറിലൂടെയും ഇൻസ്റ്റാൾ ചെയ്യാൻ കഴിയും എന്നും ഗാർഡിയൻ കൂട്ടിച്ചേർക്കുന്നു. ഒരു ഫോണിൽ സ്പൈവെയർ സ്വമേധയാ ഇൻസ്റ്റാൾ ചെയ്യാനുള്ള മാർഗങ്ങൾ വരെയുണ്ട്.
Published by:Naseeba TC
First published: