• HOME
 • »
 • NEWS
 • »
 • india
 • »
 • Freebies | സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കാനാകില്ല; വ്യക്തമാക്കി സുപ്രീം കോടതി

Freebies | സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കാനാകില്ല; വ്യക്തമാക്കി സുപ്രീം കോടതി

പണം മുതൽ മദ്യം, വീട്ടുപകരണങ്ങൾ, സ്കോളർഷിപ്പുകൾ, സബ്‌സിഡികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയെല്ലാം അത്തരം സൗജന്യ വാ​ഗ്ദാനങ്ങളിൽ ഉൾപ്പെടും

 • Last Updated :
 • Share this:
  സൗജന്യങ്ങളും (Freebies) സാമൂഹിക പദ്ധതികളും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് സുപ്രീം കോടതി (Supreme Court). സാമ്പത്തിക സുസ്ഥിതിയും ക്ഷേമ നടപടികളും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സൗജന്യങ്ങൾ നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനുള്ള സാധ്യതയും കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് 17-ന് മുമ്പ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകണമെന്നും ബന്ധപ്പെട്ടവരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

  ആഗസ്റ്റ് 26 ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്. സൗജന്യങ്ങൾ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

  ''സൗജന്യങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും വ്യത്യസ്തമാണ്. പണത്തിന്റ ഉപയോ​ഗവും ജനങ്ങളുടെ ക്ഷേമവും സമ്പദ്‌വ്യവസ്ഥയും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരം ചർച്ചകളെല്ലാം നടക്കുന്നത്. ഇതേക്കുറിച്ച് കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവെയ്ക്കാൻ കഴിയുന്നവർ ഉണ്ടായിരിക്കും. ഞാൻ വിരമിക്കുന്നതിനു മുൻപ് ദയവായി അത്തരം കാര്യങ്ങൾ സമർപ്പിക്കുക'', ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.

  തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർക്ക് വാഗ്ദാനങ്ങൾ നൽകുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയക്കാർ ചെയ്തു വരുന്ന കാര്യമാണ്. പണം മുതൽ മദ്യം, വീട്ടുപകരണങ്ങൾ, സ്കോളർഷിപ്പുകൾ, സബ്‌സിഡികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയെല്ലാം അത്തരം സൗജന്യ വാ​ഗ്ദാനങ്ങളിൽ ഉൾപ്പെടും.

  'അമ്മ'യുടെ സൗജന്യ വാ​ഗ്ദാനങ്ങൾ

  അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ ജയലളിത ഇത്തരം സൗജന്യ വാ​ഗ്ദാനങ്ങൾക്ക് തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു. സൗജന്യ വൈദ്യുതി, മൊബൈൽ ഫോണുകൾ, വൈഫൈ കണക്ഷനുകൾ, സബ്‌സിഡിയുള്ള സ്‌കൂട്ടറുകൾ, പലിശരഹിത വായ്പകൾ, ഫാനുകൾ, മിക്‌സർ-ഗ്രൈൻഡറുകൾ, സ്‌കോളർഷിപ്പുകൾ എന്നിങ്ങനെ പലതും അവർ വോട്ടർമാർക്ക് വാഗ്ദാനം ചെയ്തു. ജയലളിത ആരംഭിച്ച അമ്മ കാന്റീൻ ശൃംഖലയും വൻ വിജയമായിരുന്നു.

  ഡിഎംകെയുടെ സൗജന്യ വാ​ഗ്ദാനങ്ങൾ

  തമിഴ്നാട്ടിൽ ഡിഎംകെയും ഇത്തരം സൗജന്യ വാ​ഗ്ദാനങ്ങളിൽ ഒട്ടും പിന്നിലായിരുന്നില്ല. 2006-ൽ, ജനങ്ങൾക്ക് സൗജന്യ കളർ ടെലിവിഷൻ സെറ്റുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പാചക വാതക കണക്ഷനുകളും നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തു. 2011 ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സൗജന്യ കളർ ടിവി വിതരണം ജയലളിത നിർത്തിവെച്ചു.

  വിക്കിലീക്സിന്റെ പ്രമാദമായ വെളിപ്പെടുത്തൽ

  2011-ലാണ് തമിഴ്‌നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡിഎംകെ പ്രവർത്തകർ തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. 2009-ലെ തിരുമംഗലം ഉപതിരഞ്ഞെടുപ്പിലായിരുന്നു സംഭവം നടന്നത്. അർദ്ധരാത്രി വോട്ടർമാർക്ക് പണം കൈമാറുന്ന പരമ്പരാഗത രീതിക്കു പകരം, വോട്ടിംഗ് പട്ടികയിലുള്ള എല്ലാവർക്കും കവറിൽ പണം നൽകുകയാണ് ഡിഎംകെ ചെയ്തതെന്നും വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു. പണത്തിന് പുറമേ, കവറുകളിൽ ഡിഎംകെ വോട്ടിംഗ് സ്ലിപ്പും ഉണ്ടായിരുന്നു. അതുലി‍ സ്വീകർത്താവിനെ ആർക്ക് വോട്ട് ചെയ്യണമെന്നുള്ള നിർദ്ദേശവും ഉണ്ടായിരുന്നു.

  ഉത്തർപ്രദേശിലെ സൗജന്യ ലാപ്ടോപ്പ് ​പദ്ധതി

  2013-ൽ ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് സർക്കാർ വിദ്യാർത്ഥികൾക്കായി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 15 ലക്ഷം ലാപ്‌ടോപ്പുകളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്.

  പഞ്ചാബിൽ നടന്നത്

  കർഷകർക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തതും മറ്റു പല ഘടകങ്ങളുമാണ് 1997-ൽ, പഞ്ചാബിൽ ശിരോമണി അകാലിദൾ അധികാരത്തിൽ വരാൻ കാരണമായത്. 2002 ൽ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ അധികാരമേറ്റ കോൺ​ഗ്രസ് മന്ത്രിസഭ സൗജന്യ വൈദ്യുതി നിർത്തലാക്കിയെങ്കിലും ഏതാനും വർഷങ്ങൾക്കു ശേഷം പദ്ധതി വീണ്ടും ആരംഭിച്ചു.

  ആം ആദ്മിയുടെ തിരഞ്ഞെടുപ്പു വാ​ഗ്​​ദാനങ്ങളും

  അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഇത്തരം സൗജന്യ വാ​ഗ്ദാനങ്ങളുടെ വക്താക്കളാണ്. 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻ‌പ് വൈദ്യുതി ബില്ലിൽ 50 ശതമാനം കുറവുണ്ടാകുമെന്നും എല്ലാ വീട്ടിലും പ്രതിദിനം 700 ലിറ്റർ സൗജന്യ വെള്ളം നൽകുമെന്നും എഎപി വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പു വാ​ഗ്ദാനത്തിൽ പറഞ്ഞിരുന്നതു പോലെ, പഞ്ചാബിലെ എഎപി സർക്കാർ ജൂലൈ ഒന്ന് മുതൽ എല്ലാ വീടുകളിലും 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നൽകാനും ആരംഭിച്ചിരുന്നു.

  ചന്ദ്രനിലേക്ക് സൗജന്യ യാത്ര വാ​ഗ്ദാനം, എന്നിട്ടും പരാജയം

  കഴിഞ്ഞ വർഷത്തെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ, ദക്ഷിണ മധുരൈ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച തുലാം ശരവണൻ
  വോട്ടർമാർക്ക് ചന്ദ്രനിലേക്ക് 100 ദിവസത്തെ സൗജന്യ യാത്ര വാ​ഗ്ദാനം ചെയ്തിരുന്നു. ഐഫോണുകൾ, വീട്ടുജോലികളിൽ സഹായിക്കാൻ വീട്ടമ്മമാർക്ക് റോബോട്ടുകൾ, എല്ലാവർക്കും നീന്തൽക്കുളങ്ങളുള്ള മൂന്ന് നില വീടുകൾ എന്നിവയും ശരവണൻ വാഗ്ദാനം ചെയ്തിരുന്നു. മിനി ഹെലികോപ്റ്ററുകൾ, പെൺകുട്ടികളുടെ വിവാഹത്തിന് 100 പവൻ സ്വർണം, ഓരോ കുടുംബത്തിനും ഒരു ബോട്ട്, യുവാക്കൾക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ 50,000 ഡോളർ തുടങ്ങിയവ ആയിരുന്നു മറ്റു വാ​ഗ്ദാനങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.
  Published by:Arun krishna
  First published: