ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ 12 അംഗ കര്‍മ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി സമിതിക്ക് രൂപം നൽകിയത്. മരുന്നുകളുടെ ലഭ്യതയും വിതരണവും സമിതി ഉറപ്പു വരുത്തും. രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കും. ക്യാമ്പിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കൺവീനർ.
രണ്ട് അംഗങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നാണ്. പശ്ചിമ ബംഗാൾ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയർപേഴ്സണുമായ ഡോ നരേഷ് ട്രെഹാൻ തുടങ്ങിയവരാണ് ദേശീയ ദൗത്യസംഘത്തിലെ അംഗങ്ങൾ. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്.ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് സമിതിയെ നിയമിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ സമിതി പ്രവര്‍ത്തനം ആരംഭിക്കും. ഓക്സിജന്‍ ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. ആർസിസിയിൽ ഏഴ് ശസ്ത്രക്രിയകൾ മാറ്റിവച്ചു.. സ്വകാര്യ ആശുപത്രികളുടെ കിടക്കകൾ, ഓക്സിജൻ ലഭ്യത എന്നിവ ഉറപ്പ് വരുത്താൻ ജില്ലയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മാരെ നിയമിക്കും.
Also Read
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ
ദിവസവും തിരുവനന്തപുരം ആർസിസി യിൽ 70 ഓളം ഓക്സിജൻ സിലിണ്ടറുകളാണ് ആവശ്യമായി വരുന്നത്. ഓക്സിജൻ വിതരണത്തിന് കരാറെടുത്തിരിക്കുന്ന ഏജൻസികൾ സിലിണ്ടറുകൾ എത്തിച്ചില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഏഴ് ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആർസിസി അധികൃതർ ആരോഗ്യവകുപ്പ്
സെക്രട്ടറിക്ക് കത്ത് നൽകി. ലഭിക്കുന്ന ഓക്സിജൻ വാർ റൂം വഴി ആശുപത്രികളിലേക്ക് ആവശ്യാനുസരരണം എത്തിച്ച് നൽകുമെന്ന് ഡിഎംഒ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലും കടുത്ത ഓക്സിജൻ ക്ഷാമമുണ്ട്. നേരത്തെ ശ്രീചിത്ര ആശുപത്രിയിലും ഓക്സിജൻ ക്ഷാമത്തെ
തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവച്ചിരുന്നു. അതേസമയം കോവിഡ് ചികിത്സ ഏകോപിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളുടേയും കിടക്കകളുടേയും ലഭ്യത ഉറപ്പാക്കുകയും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പൂർണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ ഉത്തരവാദിത്തം.
സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കളക്ടർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളിൽ പകുതി എണ്ണം കെ.എ.എസ്.പി. പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന രോഗികൾക്കു മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ കർശനമായി ഉറപ്പാക്കും. ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുവഴി പൊതുജനങ്ങൾക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീർത്തും സുതാര്യമാക്കണം. ആളുകൾക്ക് കിടക്കകൾ ലഭിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർക്കു കളക്ടർ നിർദേശം നൽകി.
സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്സിജൻ സിലിണ്ടറുകളുടെ സ്റ്റോക്ക് പരിശോധന നടത്തും. ഓക്സിജൻ ആവശ്യകതയുണ്ടായാൽ ജില്ലാ ഓക്സിജൻ വാർ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ ഉറപ്പാക്കും. കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡൽ ഓഫിസറെ നിയമിക്കണമെന്നു കളക്ടർ നിർദേശം നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ അതത് ആശുപത്രികളിലെ കോവിഡ് ചികിത്സാ മാനേജ്മെന്റ് കൈകാര്യം ചെയ്യുമെന്നും കളക്ടർ അറിയിച്ചു.