ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാർഹമാണെന്ന് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണത്തെ കുറിച്ച് മന്ത്രിമാർ വിശദീകരിച്ചിട്ടുണ്ട്. ഭീകരർക്ക് എതിരെയുള്ള അക്രമമാണിതെന്നും സൈനിക ആക്രമണത്തിന്റെ സ്വഭാവം ഇതിനില്ലെന്നുമാണ് സർക്കാർ പറയുന്നത്. കശ്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം. സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. രാജ്യത്ത് സങ്കുചിത ദേശീയവാദം പടരാനും സംഘർഷാവസ്ഥ ഉണ്ടാകാനുമുള്ള നീക്കം അനുവദിക്കരുതെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടനയുടെ 370, 35എ അനുച്ഛേദങ്ങൾ പോലെയുള്ള വിവാദവിഷയങ്ങൾ ഈ അവസരത്തിൽ ഉയർത്തിക്കൊണ്ടുവരുന്നത് വിപരീതഫലമുണ്ടാക്കും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കഴിയുന്ന കശ്മീരികൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകാൻ സർക്കാർ അനുവദിക്കരുത്. അത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും. നിയന്ത്രണരേഖയിലും മറ്റ് അതിർത്തിപ്രദേശങ്ങളിലും കഴിയുന്ന സാധാരണക്കാരായ നാട്ടുകാരുടെ സുരക്ഷയിൽ സിപിഎമ്മിന് ആശങ്കയുണ്ട്. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണം.
പുൽവാമ, ഉറി, പത്താൻകോട്ട്, ഗുർദാസ്പുർ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ രഹസ്യാന്വേഷണ വീഴ്ചകൾ ആവർത്തിക്കരുത്. പുൽവാമയിൽ രഹസ്യാന്വേഷണ വീഴ്ചയുണ്ടെന്ന് ജമ്മുകശ്മീർ ഗവർണർ തന്നെ പറഞ്ഞതാണ്. ഇത്തരം വീഴ്ചകൾ മൂലം നിരവധി ജവാൻമാരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കൂടുതൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ ഇടയാകരുതെന്നും യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.